ടൗണിന്റെ നടുക്ക് കാട്ടുപന്നികൾ
Mail This Article
പത്തനാപുരം ∙ കാട്ടുപന്നിയെ മുട്ടാതെ ടൗണിൽ കൂടി നടക്കാൻ കഴിയാത്ത അവസ്ഥയെന്നു നാട്ടുകാർ. കഴിഞ്ഞ ദിവസം രാത്രിയിൽ താലൂക്ക് ആശുപത്രിയിലെത്തിയ കാട്ടുപന്നിക്കൂട്ടമാണ് ഒടുവിലത്തേത്. ഇവയുടെ പിന്നാലെ തെരുവു നായ്ക്കളും കൂടിയതോടെ മണിക്കൂറുകളോളം നഗരം മുൾമുനയിൽ ആയി. ഒടുവിൽ ടൗണിനു സമീപത്തെ കുറ്റിക്കാടുകളിലേക്ക് ഇവ ഓടി മറഞ്ഞ ശേഷമാണ് നാട്ടുകാർക്കു ശ്വാസം നേരെ വീണത്.
ദിവസങ്ങൾക്കു മുൻപാണു ചെമ്മാൻപാലം വളവിൽ കാട്ടുപന്നിയെ ഇടിച്ച കാർ പൂർണമായി തകർന്നത്. പിടവൂരിൽ വയോധികയെ ഇടിച്ചു പരുക്കേൽപിച്ചതും അടുത്ത കാലത്താണ്. മലയോര മേഖലയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരാളെങ്കിലും ദിവസവും പരുക്കേൽക്കുന്നത് പതിവായിരിക്കെ ആണ് ടൗണിലേക്ക് ഇവ എത്തിയത്. ടൗൺ ഭാഗത്ത് തരിശുഭൂമികളിൽ കാടു പിടിച്ചു കിടക്കുന്നതും റോഡ് വശങ്ങളിലും മറ്റും മാലിന്യം കുമിഞ്ഞു കൂടുന്നതും ആണ് കാട്ടുപന്നി ശല്യം ശക്തമാകാൻ കാരണം. നടപടിയെടുത്തില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കാനാണു നാട്ടുകാരുടെ തീരുമാനം.