ജർമൻ ടെക്നോളജി, മുന്തിയ നിലവാരം; റോഡ് കുഴിച്ചു കുളംതോണ്ടി, പൊടി തിന്നു മടുത്ത് നാട്ടുകാർ
Mail This Article
പത്തനാപുരം∙ ജർമൻ ടെക്നോളജിയുടെ പേരിൽ കുഴിച്ചു, മാസങ്ങൾ കഴിഞ്ഞിട്ടും പൊടി തിന്നു മടുത്തതല്ലാതെ റോഡ് ടാറിങ് നടത്തുന്നില്ല. പത്തനാപുരം–പുന്നല–കറവൂർ–അലിമുക്ക് റോഡിലൂടെയുള്ള യാത്രയാണ് നാട്ടുകാർക്ക് ദുരിതയാത്ര സമ്മാനിക്കുന്നത്. എഫ്ഡിആർ ടെക്നോളജിയിൽ നിർമിക്കുന്നുവെന്നു പ്രഖ്യാപിച്ചാണ് റോഡ് കുഴിച്ചിട്ടതെന്നു നാട്ടുകാർ പറയുന്നു.
നിയോജക മണ്ഡലത്തിലെ മറ്റൊരു റോഡായ പത്തനാപുരം– ഏനാത്ത് റോഡും സമാന രീതിയിൽ കുഴിച്ചിട്ട് ഒന്നര വർഷത്തോളം പിന്നിടുന്നു. ചിലയിടങ്ങളിൽ ടാറിങ് നടത്തിയതൊഴിച്ചാൽ പുന്നല–അലിമുക്ക് റോഡിനു സമാനമാണ് ഇപ്പോഴും. പത്തനാപുരം–ഏനാത്ത് റോഡിന്റെ നിർമാണം പൂർത്തിയായ ശേഷം പുന്നല റോഡിന്റെ ടാറിങ് തുടങ്ങിയാൽ മതിയെന്നു നാട്ടുകാർ പല തവണ പറഞ്ഞെങ്കിലും അധികൃതർ ചെവിക്കൊണ്ടില്ല.
പള്ളിമുക്ക് മുതൽ കറവൂർ വരെയാണ് റോഡ് ഇളക്കിയിട്ടത്. പഴയ റോഡ് മെഷീനിൽ കയറ്റി, ആൽപേവ് മിശ്രിതം (കോൺക്രീറ്റ് മിശ്രിതം) ഇട്ട് ഉറപ്പിച്ചു. ഏഴു ദിവസത്തിനകം ടാർ ചെയ്യണമെന്നാണ് നിബന്ധന. എന്നാൽ ഇവിടെ മൂന്നു മാസം പിന്നിട്ടിട്ടും ടാറിങ് നടത്തുന്നില്ല. വേനൽ തുടങ്ങിയതോടെ മെറ്റൽ ഇളകി മാറിയതിനൊപ്പം പൊടിയും പറക്കുകയാണ്. മുന്നിൽ പോകുന്ന വാഹനങ്ങൾ കാണാൻ കഴിയാത്ത രീതിയിലാണ് പൊടി അന്തരീക്ഷത്തിലേക്ക് പറന്നുയരുന്നത്.
റോഡ് വശങ്ങളിൽ താമസിക്കുന്നവരും പൊടി ശല്യത്തിൽ പൊറുതി മുട്ടി. റോഡ് വേഗത്തിൽ അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ റോഡ് ഉപരോധിക്കുമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹുനൈസ്.പി.എം.ബി.സാഹിബ് പറഞ്ഞു. പരാതി പറഞ്ഞു മടുക്കുന്നതല്ലാതെ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. വെള്ളമൊഴിച്ചു പൊടി ശല്യം മാറ്റണമെന്ന ആവശ്യവും നടപ്പാകുന്നില്ലെന്നും ഹുനൈസ് പറഞ്ഞു.
റോഡ് ഗതാഗതയോഗ്യമാക്കണം; പ്രതിഷേധിച്ച് നടുക്കുന്ന് ജനകീയ സമിതി
പത്തനാപുരം– പുന്നല– അലിമുക്ക് റോഡ് ഇളക്കിയിട്ടിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ടാർ ചെയ്യാത്തതിൽ പ്രതിഷേധിച്ച് നടുക്കുന്ന് ജനകീയ സമിതി റോഡ് ഉപരോധിച്ചു.
റോഡ് കരാർ ഏറ്റെടുത്ത കമ്പനിയുടെ വാഹനങ്ങൾ തടഞ്ഞ പ്രവർത്തകർ, കൂടുതൽ ശക്തമായി സമരം നടത്തുമെന്ന് ആഹ്വാനം ചെയ്താണ് പ്രതിഷേധം അവസാനിപ്പിച്ചത്. അജീത് മരുതിമൂട്ടിൽ, വിനോദ് കട്ടിക്കൽ, ഹാരിസ് സിബി, സിജോ ഡാനിയേൽ, അമീർഷ, അൻസാരി എന്നിവർ നേതൃത്വം നൽകി.