ADVERTISEMENT

കുന്നത്തൂർ ∙ കലക്കവെള്ളം കാശു കൊടുത്തു വാങ്ങി കുടിക്കേണ്ട ഗതികേടിൽ ഏഴായിരത്തോളം കുടുംബങ്ങൾ. കുന്നത്തൂർ, ശാസ്താംകോട്ട പഞ്ചായത്തുകളിലെ ജനങ്ങൾ ആശ്രയിക്കുന്ന തുരുത്തിക്കര ചേലൂർ ശുദ്ധജല പദ്ധതി വഴിയാണ് ജലഅതോറിറ്റി ചെളിവെള്ളം നൽകുന്നത്.

വേനൽ കടുത്തതോടെ മേഖലയിലെ കിണറുകളെല്ലാം വറ്റി. ആകെ ആശ്രയമായ ചേലൂർ പദ്ധതിയിലൂടെ വീടുകളിൽ പൈപ്പിൽ എത്തുന്ന കലക്കവെള്ളം പാത്രങ്ങളിൽ ശേഖരിച്ചു മണിക്കൂറുകൾ കാത്തിരുന്ന് ചെളി അടിഞ്ഞ ശേഷം വെള്ളത്തുണി ഉപയോഗിച്ചു വീണ്ടും അരിച്ചെടുത്ത് ആണ് ആളുകൾ ഉപയോഗിക്കുന്നത്.

മാലിന്യം നിറഞ്ഞ വെള്ളം പതിവായി കുടിച്ചു കുഞ്ഞുങ്ങൾ ഉൾപ്പെടെ ഉദരരോഗങ്ങൾക്കു ചികിത്സ തേടി എന്ന് ആരോപണമുണ്ട്. കഴിഞ്ഞ ദിവസം പമ്പ്ഹൗസിലെ വൈദ്യുതി പാനൽ ബോർഡ് കത്തിപ്പോയി. ഇതോടെ പമ്പിങ്ങു നിലച്ചു.

കിണറുകൾ കുറവായ കൊല്ലാറ മേഖലയിൽ ദൂരെ നിന്നു വെള്ളം ചുമന്ന് എത്തിക്കേണ്ട ഗതികേടിലാണു വീട്ടമ്മമാർ. പഞ്ചായത്ത് മുതൽ പാർലമെന്റ് വരെയുള്ള ജനപ്രതിനിധികളോടു പരാതി പറ‍ഞ്ഞിട്ടു ഫലം ഉണ്ടായിട്ടില്ല എന്നും തിരഞ്ഞെടുപ്പുകളിലെ പ്രഖ്യാപനങ്ങൾ ജലരേഖയായി മാറിയെന്നും പ്രദേശവാസികൾ പറഞ്ഞു.

ജലജീവൻ മിഷൻ പദ്ധതിയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ, കുന്നത്തൂർ അമ്പുവിളയിൽ ജലശുദ്ധീകരണ ശാല സ്ഥാപിക്കാനുള്ള നടപടികൾ ഇതുവരെ തുടങ്ങാൻ കഴിഞ്ഞിട്ടില്ല.

ജി.രാമകൃഷ്ണ പിള്ള മലയാള മനോരമ കരിന്തോട്ടുവ ഏജന്റ്
മൂന്നര പതിറ്റാണ്ടുകൾക്കു മുൻപാണ് കൊല്ലാറയിൽ പമ്പിങ് യൂണിറ്റും കൂറ്റൻ ടാങ്കും നിർമിച്ചു പദ്ധതി തുടങ്ങിയത്. എന്നാൽ, ഇപ്പോൾ ഇതുകൊണ്ട് ആർക്കും ഗുണമില്ലാത്ത അവസ്ഥയാണ്. ഒരുതരത്തിലും ഉപയോഗിക്കാൻ കഴിയാത്ത വെള്ളമാണ് വീടുകളിൽ കിട്ടുന്നത്. മേഖലയിലെ റോഡുകൾ മിക്കതും തകർന്നു കിടക്കുകയുമാണ്.

ഗ്രേസി ഡാനിയേൽ 

ഒന്നിനും കൊള്ളാത്ത വെള്ളത്തിനും ബിൽ അടയ്ക്കേണ്ട ഗതികേട് ആണിപ്പോൾ. മിക്ക കുടുംബങ്ങളും വെള്ളം ചുമന്നു കൊണ്ടുവരേണ്ട അവസ്ഥയിലും.

ബിനി സെബാസ്റ്റ്യൻ
കലക്ക വെള്ളമാണ് പൈപ്പ് വഴി വീട്ടിൽ കിട്ടുന്നത്. കുഞ്ഞുങ്ങൾക്കു കുടിക്കാൻ പോലും ശുദ്ധജലം കൊടുക്കാൻ മാർഗമില്ലാത്തതു മോശം അവസ്ഥ അല്ലാതെ മറ്റെന്താണ്?

വിജയൻ പിള്ള 
പൈപ്പിൽ കിട്ടുന്ന ചുവന്ന വെള്ളം മുറ്റത്തെ ചെടിക്ക് ഒഴിച്ചാൽ അതു കരിഞ്ഞു പോകും എന്നതാണു സ്ഥിതി. കുടിക്കാനും കുളിക്കാനും തുണി അലക്കാനും ഇത് ഉപയോഗിക്കാനാകില്ല. കിണർ നൂറ് അടി കുഴിച്ചാലും വെള്ളം കിട്ടാത്ത മേഖലയാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com