കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസ്: കുറ്റപത്രം ഇന്നു സമർപ്പിക്കും
Mail This Article
കൊട്ടാരക്കര ∙ ഓയൂർ ഓട്ടുമലയിൽ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ കുറ്റപത്രം ഇന്നു 11ന് കോടതിയിൽ സമർപ്പിക്കും. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി -2 ആണു കേസ് പരിഗണിക്കുന്നത്. ഇന്നു 11ന് അന്വേഷണോദ്യോഗസ്ഥൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം.ജോസ് ആയിരത്തോളം പേജുകളുള്ള കുറ്റപത്രം കോടതി മുമ്പാകെ സമർപ്പിക്കും.
മോചനദ്രവ്യം നേടാൻ ഓയൂരിൽ നിന്ന് ആറു വയസ്സുകാരിയെ കാറിൽ കടത്തിക്കൊണ്ടു പോയി തടങ്കലിൽ പാർപ്പിച്ചെന്ന് ആരോപിച്ച് പൂയപ്പള്ളി പൊലീസ് റജിസ്റ്റർ ചെയ്ത 1596-2023-ാം നമ്പർ കേസിലാണ് നടപടി. രണ്ടാഴ്ച മുൻപ് കുറ്റപത്രം തയാറായെങ്കിലും ഫൊറൻസിക് പരിശോധനാഫലം കൂടി ലഭിച്ച ശേഷം നൽകിയാൽ മതിയെന്ന നിർദേശത്തെത്തുടർന്ന് കുറ്റപത്രം സമർപ്പിക്കുന്നത് നീണ്ടു പോവുകയായിരുന്നു. കേസിൽ നിർണായക തെളിവാകുന്ന പരിശോധനാഫലം ലഭിച്ചതായാണ് വിവരം.
കേസിലെ പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ(51), ഭാര്യ എം.ആർ.അനിതകുമാരി(39), മകൾ പി.അനുപമ(21) എന്നിവരുടെ റിമാൻഡ് 14 ദിവസത്തേക്ക് കൂടി നീട്ടി. പ്രതികളെ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ മാസം 21 വരെയാണ് റിമാൻഡ് നീട്ടിയത്. കഴിഞ്ഞ ഡിസംബർരണ്ടിനാണ് ഇവരെ തമിഴ്നാട്ടിൽ നിന്ന് അറസ്റ്റു ചെയ്തത്. ഇതുവരെ ജാമ്യാപേക്ഷ നൽകിയിട്ടില്ല.