‘കുട്ടിക്കളിയോ’ അധികൃതരേ?: കടയ്ക്കൽ പഞ്ചായത്തിലെ കുട്ടികളുടെ പാർക്ക് നാശത്തിന്റെ വക്കിൽ
Mail This Article
കടയ്ക്കൽ∙ 25 വർഷത്തിലധികം പഴക്കമുള്ള കടയ്ക്കൽ പഞ്ചായത്തിന്റെ കുട്ടികളുടെ പാർക്കിൽ കളിക്കോപ്പുകൾ സ്ഥാപിക്കുന്നതിനോ പാർക്കിന് പുതിയ രൂപം നൽകി മനോഹരമാക്കുന്നതിനോ പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപണം.പാർക്കിന്റെ തുടക്കകാലത്തു സ്ഥാപിച്ച കളിക്കോപ്പുകൾ മാത്രമാണ് ഇവിടെയുള്ളത്. പാർക്ക് നവീകരിക്കുന്നതിന് പലപ്പോഴായി പണം ചെലവഴിക്കുന്നതിന് ബജറ്റിൽ തുക ഉള്‍പ്പെടുത്താറുണ്ട്. നിലവിലുള്ള കളിക്കോപ്പുകളുടെ പെയിന്റിങ് മാത്രമാണ് ചെയ്യാറുള്ളത്. കുട്ടികൾക്ക് കയറി ഉല്ലസിക്കാനുള്ള ട്രെയിൻ തുരുമ്പിച്ചു. കാലപ്പഴക്കത്താൽ കേടായ കളിക്കോപ്പുകളാണ് കൂടുതലും.
ദിവസവും വൈകിട്ട് ഒട്ടേറെ കുട്ടികളാണ് ഇവിടെ എത്തുന്നത്. ചില സംഘടനകൾ കുട്ടികളുടെ പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. പാർക്കിലെ ഹൈമാസ്റ്റ് ലൈറ്റുകളിലാകെ ഒരു ലൈറ്റാണ് കത്തുന്നത്. പാർക്കിന് മുന്നിൽ കൂടി ഒഴുകുന്ന തോട് കാടു മൂടിയും മാലിന്യം നിറഞ്ഞും കിടക്കുന്നു. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചു മാലിന്യം മാറ്റി തോട് ശുചിയാക്കുന്നതിനും പഞ്ചായത്ത് നടപടിയെടുക്കുന്നില്ല. കിഴക്കൻമേഖലയിൽ വിവിധ പഞ്ചായത്തുകളിൽ നിന്നുള്ളവർ പാർക്ക് കാണാൻ എത്തുന്നുണ്ട്. കടയ്ക്കൽ മാർക്കറ്റിന് സമീപത്താണ് പാർക്ക്. സന്ധ്യയായാൽ തെരുവ് നായ്ക്കളുടെ ഭീഷണിയുമുണ്ട്. തോട് മാലിന്യം നിറഞ്ഞു കിടക്കുന്നതിനാൽ കൊതുകു ശല്യവും രൂക്ഷമാണ്.