ADVERTISEMENT

ശാസ്താംകോട്ട ∙ ആനയടി ഏലായിൽ തിങ്ങിനിറഞ്ഞ ജനസഹസ്രങ്ങളെ സാക്ഷിയാക്കി നരഹരിക്കു മുന്നിൽ കരിവീരന്മാർ കാണിക്കയായി. ആനയടി പഴയിടം നരസിംഹസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള ഗജമേളയിൽ അറുപതോളം ഗജവീരന്മാർ അണിനിരന്നു. കൊയ്തൊഴിഞ്ഞ വയലിൽ മഴവില്ലഴക് വിരിയിച്ച ജനസാഗരത്തിലേക്കു പരിയാനമ്പറ്റ പൂരപ്രമാണി കല്ലൂർ ജയവും സംഘവും നയിച്ച പാണ്ടിമേളപ്പെരുമഴ പെയ്തിറങ്ങി. 

ഗജശ്രേഷ്ഠൻ നരസിംഹപ്രിയൻ ആനയടി ദേവസ്വം അപ്പു ദേവന്റെ തിടമ്പേറ്റി. പെരിങ്ങലിപ്പുറം അപ്പു, കരിമണ്ണൂർ ഉണ്ണി എന്നിവർ അകമ്പടിയായി. ആനയടിക്ക് ആവേശത്തിന്റെ തലപ്പൊക്കം നൽകിയ ഗജമേളയ്ക്കൊപ്പം വർണാഭമായ കെട്ടുകാഴ്ചയും നടന്നു. ഉച്ചവെയിൽ ചാഞ്ഞതോടെ കുന്നത്തൂരിന്റെ പൂര ഗ്രാമത്തിലേക്കുള്ള വഴികളെല്ലാം സ്വദേശികളും വിദേശികളുമായ ഉത്സവപ്രേമികളാൽ നിറഞ്ഞു.

ആനകളെയും പാപ്പാന്മാരെയും എലിഫന്റ് സ്ക്വാഡിന്റെയും വനം വകുപ്പിന്റെയും പരിശോധനകൾക്ക് ശേഷമാണ് പങ്കെടുപ്പിച്ചത്.  ഗജമേളയ്ക്ക് മുന്നോടിയായി നടത്തിയ ദേവന്റെ ഗ്രാമ പ്രദക്ഷിണത്തിൽ നെറ്റിപ്പട്ടം കെട്ടിയലങ്കരിച്ച ഗജവീരന്മാർ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് വിവിധ ഭാഗങ്ങളിൽ നിന്നുള്ള കെട്ടുകാഴ്ചകളുമായി തിരിച്ചെത്തി.

രാത്രി നടത്തിയ ആറാട്ടു വരവിനെ വഴികളിലും വീടുകൾ‌ക്ക് മുന്നിലും വിളക്ക് ഒരുക്കിയാണ് ജനങ്ങൾ സ്വീകരിച്ചത്. ആറാട്ട് കഴിഞ്ഞെത്തുന്ന ഗജവീരന്മാരെ അകമ്പടിയായി നിർത്തി ക്ഷേത്ര ഗോപുരനടയിൽ നടത്തിയ സേവയ്ക്ക് പഞ്ചാരിമേളം കൊഴുപ്പേകി. രാത്രി കലാപരിപാടികളോടെയാണ് ഉത്സവം സമാപിച്ചത്.

കൊല്ലം വടക്കേവിള വലിയകൂനമ്പായിക്കുളം ക്ഷേത്രത്തിൽ നടന്ന ചന്ദ്രപ്പൊങ്കാലയിൽ 
നിന്ന്.                                                                                                         ചിത്രം: മനോരമ
കൊല്ലം വടക്കേവിള വലിയകൂനമ്പായിക്കുളം ക്ഷേത്രത്തിൽ നടന്ന ചന്ദ്രപ്പൊങ്കാലയിൽ നിന്ന്. ചിത്രം: മനോരമ

ഭക്തിനിറവിൽ ചന്ദ്രപ്പൊങ്കാല
കൊല്ലം ∙ മനസ്സിൽ ദേവിയെ പ്രതിഷ്ഠിച്ച്, അമ്മേ നാരായണാ.. നാമം ഉരുവിട്ട്, ആയിരക്കണക്കിന് അടുപ്പുകളിൽ അഗ്നി തെളിച്ചപ്പോൾ പ്രസാദ ചൈതന്യം നിറഞ്ഞു. വടക്കേവിള വലിയ കൂനമ്പായിക്കുളം ക്ഷേത്രത്തിൽ ചന്ദ്രപ്പൊങ്കാല ഒരുക്കി ആയിരങ്ങൾ നിവേദ്യം അർപ്പിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഭക്തർ എത്തിയിരുന്നു. ഉച്ചയോടെ തിരക്കു വർധിച്ചു. ക്ഷേത്രവും പരിസര പ്രദേശങ്ങളും പുതു മൺകലങ്ങളും സാമഗ്രികളുമായി ഭക്തർ നിറഞ്ഞു. വടക്കേവിള വലിയ തിടപ്പള്ളിയായി മാറി. എം. നൗഷാദ് എംഎൽഎ ചന്ദ്രപ്പൊങ്കലിന് ദീപം തെളിച്ചു. വേദ സൂക്തങ്ങളും മന്ത്രോച്ചാരണങ്ങളും മുഴങ്ങി.

തന്ത്രി കുമരകം ജിതിൻ ഗോപാലും മേൽശാന്തി ഹരി നമ്പൂതിരിയും ചേർന്നു പണ്ടാര അടുപ്പിൽ അഗ്നി തെളിച്ചു.  തുടർന്നു പൊങ്കാല അടുപ്പുകളിലേക്ക് അഗ്നി പകർന്നു.  ഭക്തമനസ്സുകളിൽ ആത്മനിർവൃതിയുടെ നിവേദ്യം തിളച്ചു. ദീപാരാധന കഴിഞ്ഞതോടെ ശാന്തിമാർ എത്തി പൊങ്കാല കലങ്ങളിൽ തീർഥം തളിച്ചു. 

പൊങ്കാലയ്ക്ക് വിപുലമായ ക്രമീകരണമാണ് ഒരുക്കിയിരുന്നത്. അന്നദാനം, ലഘുഭക്ഷണം, കുടിവെള്ളം എന്നിവ വിതരണം ചെയ്തു. ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് എസ്.ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് സുജി കൂനമ്പായിക്കുളം, സെക്രട്ടറി എ.അനീഷ്കുമാർ, ജോ. സെക്രട്ടറി സുജിത്ത് എന്നിവരുടെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. 10 ദിവസം നീളുന്ന ഭരണി ഉത്സവം 15ന് സമാപിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com