മനം നിറച്ച് തഴുത്തല ഗജോത്സവം
Mail This Article
കൊട്ടിയം∙കൊമ്പൻമാരിലെ ഗജതാരങ്ങൾ അണിനിരന്ന തഴുത്തല ഗജോത്സവം പുരുഷാരത്തിന് ആവേശമായി. തഴുത്തല അവിട്ടം ഉത്സവത്തോട് അനുബന്ധിച്ചാണ് കേരളത്തിലെ അഴകൊത്ത കൊമ്പൻമാർ കൊട്ടിയം ജംക്‌ഷനിൽ നടന്ന ഗജോത്സവത്തിൽ അണിനിരന്നത്. മീനാട് വിനായകൻ തിടമ്പേറ്റിയപ്പോൾ ഗജോത്സവത്തിന്റെ താരങ്ങളായി തൃക്കടവൂർ ശിവരാജുവും തിരു ആറാട്ട് കാവ് കാളിദാസനും മംഗലാംകുന്ന് അയ്യപ്പനും പുതുപ്പള്ളി കേശവനും ഗുരുവായൂർ ദേവസ്വം സിദ്ധാർഥനും തിരുവാണിക്കാവ് രാജഗോപാലും ചൈത്രം അച്ചവും ഉൾപ്പെടെ നീണ്ടനിരയുണ്ടായിരുന്നു.ശിങ്കാരിമേളവും ചെണ്ടമേളവും പഞ്ചാരിമേളവും കൊട്ടിക്കയറിയപ്പോൾ വർണങ്ങളുടെ പകൽ പൂരത്തിന് അകമ്പടിയായി. പൂക്കാവടികളും നിലക്കാവടികളും തെയ്യവും നിശ്ചല ദൃശ്യങ്ങളും നിറഞ്ഞാടി. മനം കവരുന്ന ഫ്ലോട്ടുകളും ഗജോത്സവത്തിന്റെ മാറ്റ് കൂട്ടി. വിദേശികളും സ്വദേശികളും ഉൾപ്പെടെ വലിയ ജനക്കൂട്ടമാണ് തഴുത്തല ഗജോത്സവത്തിനായി എത്തിയത്.