പടക്കപ്പുര സ്ഫോടനത്തിൽ മരിച്ച അനിലിന്റെ സംസ്കാരം നടത്തി
Mail This Article
കരുനാഗപ്പള്ളി ∙ തൃപ്പൂണിത്തുറയിലെ പടക്കപ്പുര സ്ഫോടനത്തിൽ മരിച്ച അനി എന്നു വിളിക്കുന്ന അനിലിന്റെ (58) മൃതദേഹം തഴവ മണപ്പള്ളി രാധാകൃഷ്ണ ഭവനത്തിൽ എത്തിച്ച് സംസ്കാരം നടത്തി. ദിവസങ്ങൾക്കു മുൻപാണ് സ്ഫോടനം നടന്നതെങ്കിലും കഴിഞ്ഞ ദിവസമാണ് അനിലിനെ തിരിച്ചറിഞ്ഞത്. വളരെ നാളുകളായി വീട്ടിൽ നിന്ന് അകന്നു കഴിഞ്ഞിരുന്നതിനാൽ അനിലാണ് മരിച്ചതെന്ന് ആരും അറിഞ്ഞതുമില്ല. ദിവാകരൻ എന്ന പേരാണ് പൊലീസ് ആദ്യം പറഞ്ഞിരുന്നത്. അനിൽ വളരെ നാളുകളായി തിരുവനന്തപുരം ശ്രീകാര്യം ഭാഗത്ത് പടക്ക നിർമാണവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്തു വരികയായിരുന്നുവെന്നു പറയുന്നു.
കുലശേഖരപുരം കോട്ടയ്ക്കുപുറം പീഠികത്തറ വടക്കതിൽ സഹോദരിയുടെ വിലാസം കണ്ടെത്തിയാണ് പൊലീസ് അനിലിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്. സഹോദരിയും സഹോദരങ്ങളും തൃപ്പൂണിത്തുറയിൽ എത്തി മൃതദേഹം തിരിച്ചറിഞ്ഞു. ഇന്നലെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. വർഷങ്ങൾക്കു മുൻപ് ക്ഷേത്രങ്ങളിൽ പടക്കം എത്തിച്ച് കമ്പം നടത്തി വന്നിരുന്ന പരേതനായ ഇടക്കുളങ്ങര സുകുമാരന്റെ മകനാണ് മരിച്ച അനിൽ. മക്കൾ: അജിത്ത്, സജിത്ത്. മരുമക്കൾ: മിനി, ആരതി.