കേച്ചേരി ചിട്ടിഫണ്ട് നിക്ഷേപത്തട്ടിപ്പ് കേസ്; കുറ്റപത്രം തയാറായി
Mail This Article
കൊട്ടാരക്കര ∙ കേച്ചേരി ചിട്ടിഫണ്ട് നിക്ഷേപത്തട്ടിപ്പ് കേസിൽ കുറ്റപത്രം തയാറായി. ക്രൈംബ്രാഞ്ച് ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ചാലുടൻ കുറ്റപത്രം കോടതിയിൽ നൽകും. 1446 കേസുകൾ റജിസ്റ്റർ ചെയ്തു. 600 കോടി രൂപയുടെ തട്ടിപ്പു നടന്നതായാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. തട്ടിപ്പുമായി ബന്ധപ്പെട്ട് കേച്ചേരി ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ എസ്.വേണുഗോപാൽ ജയിലിലാണ്. 300 കോടി രൂപയുടെ തട്ടിപ്പു നടന്നെന്നായിരുന്നു ആദ്യ റിപ്പോർട്ട്. പിന്നീടു പരാതികൾ ഏറി. പുനലൂർ ആസ്ഥാനമായി പ്രവർത്തിച്ച കേച്ചേരി ചിട്ടിഫണ്ട് വൻ തുക പലിശ വാഗ്ദാനം ചെയ്ത് ഇടപാടുകാരിൽ നിന്നു നിക്ഷേപം വാങ്ങി കബളിപ്പിച്ചെന്നാണ് കേസ്.
ചിട്ടി വഴി ലഭിച്ച തുക വൻ പലിശ വാഗ്ദാനം ചെയ്തു നിക്ഷേപമായി ഏറ്റെടുക്കുകയായിരുന്നു. മിക്ക ജില്ലകളിലും കേസുകൾ ഉണ്ട്. കേസുമായി ബന്ധപ്പെട്ട് കേച്ചേരി സ്ഥാപനങ്ങളിൽ ജപ്തി ഉൾപ്പെടെയുള്ള നിയമനടപടികൾ ആരംഭിച്ചിരുന്നു. 33 ബ്രാഞ്ചുകളിലും പരിശോധന നടത്തി. അനധികൃത നിക്ഷേപങ്ങളുടെ രേഖകളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു. ജനറൽ മാനേജർ, ഡിവിഷനൽ അക്കൗണ്ടന്റ്, ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ വീടുകളിലും റെയ്ഡ് നടന്നു. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈഎസ്പി ജി.ഡി.വിജയകുമാറാണ് അന്വേഷണ ഉദ്യോഗസ്ഥൻ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നേരത്തേ അന്വേഷണം നടത്തിയിരുന്നു.