അടിപിടി അന്വേഷിക്കാനെത്തിയ പൊലീസിനുനേരെ ലഹരിമാഫിയയുടെ ആക്രമണം
Mail This Article
കുണ്ടറ∙ സംഘർഷം അന്വേഷിക്കാൻ എത്തിയ പൊലീസ് സംഘത്തിന് നേരെ ലഹരി മാഫിയയുടെ ആക്രമണം. 4 പൊലീസ് ഉദ്യോഗസ്ഥർക്കു പരുക്ക്. 2 പ്രതികളെ പൊലീസ് സാഹസികമായി പിടികൂടി. ഇന്നലെ രാത്രി ഏഴോടെ കൂനംവിള ജംക്‌ഷനിലായിരുന്നു സംഭവം.നാലംഗ സംഘം തമ്മിൽത്തല്ലുന്നു എന്ന പരാതി അന്വേഷിക്കാൻ എത്തിയതായിരുന്നു പൊലീസ്. ഇവരെ പിടികൂടി ജീപ്പിൽ കയറ്റുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പെരിനാട് മംഗലഴികത്ത് വീട്ടിൽ അഭിലാഷ് (31), കുഴിയം ലക്ഷ്മി വിലാസത്തിൽ ചന്തു നായർ (23) എന്നിവരെ സംഭവസ്ഥലത്തു നിന്നുതന്നെ അറസ്റ്റ് ചെയ്തു.
മറ്റൊരു പ്രതി ചന്ദനത്തോപ്പ് ചരുവിള പുത്തൻവീട്ടിൽ സനീഷ് (32) ഓടി രക്ഷപ്പെട്ടു.കുണ്ടറ എസ്ഐ എസ്. സുജിത്, എഎസ്ഐ എൻ. സുധീന്ദ്ര ബാബു, സിപിഒമാരായ ജോർജ് ജയിംസ്, എ. സുനിൽ എന്നിവർക്കാണു മർദനമേറ്റത്. സാരമായി പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ കുണ്ടറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.2022 ഡിസംബർ 28ന് ഇതേ സംഘം പൊലീസിനെ ആക്രമിച്ചിരുന്നു. രാത്രി 11നു പെരിനാട് കുഴിയം തെക്ക് മദ്യലഹരിയിൽ യുവാക്കൾ അതിക്രമം കാട്ടുന്നെന്ന പരാതി അന്വേഷിക്കാൻ എത്തിയ കൺട്രോൾ റൂം എസ്ഐ ഭക്തവത്സലൻ, സിവിൽ പൊലീസ് ഓഫിസർ വിഷ്ണു എന്നിവരെയാണ് അന്ന് ആക്രമിച്ചത്.