പ്രതിയായ കാശിനാഥൻ ആദ്യ വർഷം റാഗിങ് ഭയന്ന് വീട്ടിലെത്തി; തിരിച്ചെത്തിയത് സിപിഎം നേതാക്കൾ ഇടപെട്ട്
Mail This Article
കൊല്ലം∙ വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പിടിയിലായത് കൊല്ലം സ്വദേശികളായ 3 വിദ്യാർഥികൾ. ഓടനാവട്ടം ഇലവൻകോട് സ്നേഹാ ഭവനിൽ സിൻജോ ജോൺസൺ (24), ചിതറ കിഴക്കുംഭാഗം തിരുവാതിരയിൽ ആർ.എസ്. കാശിനാഥൻ (25) എന്നിവർ നാലാം വർഷ വിദ്യാർഥികളും പരവൂർ തെക്കുംഭാഗം ചെട്ടിയൻവിളാകം വീട്ടിൽ അൽത്താഫ് അഷ്റഫ് (21) രണ്ടാം വർഷ വിദ്യാർഥിയുമാണ്. ഇതിൽ കാശിനാഥൻ പൊലീസിനു മുന്നിൽ കീഴടങ്ങുകയായിരുന്നുവെന്നാണു വിവരം. സിൻജോ വയനാട്ടിൽ നിന്നും അൽത്താഫ് കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽ നിന്നും പിടിയിലായി എന്നുമാണു വിവരം.
സംഭവത്തിനുശേഷം ഒളിവിൽപോയ സിൻജോ ജോൺസണെ അന്വേഷിച്ചു പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം ഓടനാവട്ടത്തെ വീട്ടിലെത്തി മാതാപിതാക്കളെ ചോദ്യം ചെയ്തിരുന്നു. സംഭവത്തിനുശേഷം വീട്ടിൽ എത്തിയിട്ടില്ലെന്നും എവിടെയാണെന്ന് അറിയില്ലെന്നുമാണ് മാതാപിതാക്കൾ നൽകിയ മറുപടി. സംശയം തോന്നിയതിനെത്തുടർന്ന് പല പ്രാവശ്യം പൊലീസ് വീട്ടിൽ വന്നുപോയി. മാതാപിതാക്കളുടെ ഫോൺ രേഖകളും പരിശോധിച്ചു. ഫെബ്രുവരി മധ്യത്തോടെ നാട്ടിലെത്തിയപ്പോഴാണ് നാട്ടുകാർ സിൻജോയെ ഒടുവിൽ കാണുന്നത്.
അൽത്താഫിന്റെ അമ്മയുടെ വീട് കരുനാഗപ്പള്ളിയിലാണ്. ഇവിടെ താച്ചയിൽ മുക്ക് എന്ന സ്ഥലത്തെ ബന്ധുവിന്റെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പിതാവ് പ്രവാസിയാണ്. ഒരു സഹോദരനുണ്ട്. പത്താം ക്ലാസ് വരെ കരുനാഗപ്പള്ളിയിലാണ് അൽത്താഫ് പഠിച്ചത്. പിന്നീട് അൽത്താഫിന്റെ പിതാവിന്റെ സ്ഥലമായ പരവൂർ തെക്കുംഭാഗത്തു വീടും വസ്തുവും വാങ്ങി താമസമാക്കുകയായിരുന്നു. തെക്കുംഭാഗത്തെ അൽത്താഫിന്റെ വീട് കഴിഞ്ഞ ദിവസം രാത്രി മുതൽ പൂട്ടിയിട്ട നിലയിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ അൽത്താഫിനെ തേടി കൽപറ്റ പൊലീസ് പ്രദേശത്ത് പരിശോധന നടത്തിയിരുന്നു.
കാശിനാഥനെ അന്വേഷിച്ച് രണ്ടു ദിവസം മുൻപ് പൊലീസ് കടയ്ക്കലിലും ചിതറയിലും എത്തിയിരുന്നു. പൊലീസിന്റെ സമ്മർദത്തെതുടർന്ന് കീഴടങ്ങിയതാണെന്നാണ് വിവരം. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമാണ് പിതാവ്. സജീവ എസ്എഫ്ഐ പ്രവർത്തകനാണ്. കടയ്ക്കലിൽ പ്രമുഖ സ്വകാര്യ അൺ എയ്ഡഡ് സ്കൂളിൽ വിദ്യാഭ്യാസത്തിന് ശേഷമാണ് വെറ്റിനറി സർവകലാശാലയിൽ പ്രവേശനം നേടിയത്. സർവകലാശാലയിൽ നിന്ന് ആദ്യ വർഷം റാഗിങ് ആണെന്നു പരാതിപ്പെട്ട് കാശിനാഥൻ വീട്ടിലേക്ക് തിരികെ വന്നിരുന്നു. സിപിഎം നേതാക്കൾ ഇടപെട്ട് സർവകലാശാലയിലെ എസ്എഫ്ഐ നേതാക്കളെ ബന്ധപ്പെട്ട ശേഷമാണ് പഠനം തുടർന്നത്.