ADVERTISEMENT

കൊല്ലം ∙ മാനുഷികനന്മയിലേക്കു വഴിവെട്ടുന്ന ഗവേഷണങ്ങളിലൂടെ ശാസ്ത്ര രംഗത്ത് പെൺകരുത്തിന്റെ പുത്തൻ അധ്യായങ്ങൾ തീർക്കുകയാണു ശാസ്ത്രജ്ഞയും കൊല്ലം അമൃത വിശ്വവിദ്യാപീഠത്തിന്റെ പ്രോ വൈസ് ചാൻസലറുമായ ഡോ. മനീഷ വിനോദിനി രമേശ്. ബിരുദപഠനം പാതിയിൽ മുടങ്ങി വീടിനുള്ളിൽ ഒതുങ്ങുമായിരുന്ന നാളുകളെ വഴിതിരിച്ചുവിട്ട പോരാട്ടം, ഇന്നു ചുറ്റുമുള്ളവർക്കു കൂടി വെളിച്ചമാവുകയാണ്.

മെക്കാനിക്കൽ പ്രൊഡക്‌ഷൻ ബി ടെക്, മൂന്നാം സെമസ്റ്ററിൽ എത്തിയപ്പോഴായിരുന്നു മാതാ അമൃതാനന്ദമയിയുടെ ‌സഹോദരൻ സുധീർകുമാറുമായുള്ള മനീഷയുടെ വിവാഹം. തുടർപഠനം നിലച്ചുപോകുമായിരുന്ന ഘട്ടത്തിൽ, വീട്ടമ്മയായി ഒതുങ്ങിക്കൂടാതെ, സ്വപ്നങ്ങളിലേക്കു പറക്കാൻ ചിറകേകിയത് ‘അമ്മയും’ ഭർത്താവുമാണെന്നു മനീഷ പറയുന്നു. ഉന്നതപഠനത്തിനു ശേഷം രാജ്യാന്തര ഗവേഷണത്തിനുള്ള സാധ്യതകൾ തുറന്നപ്പോൾ, അവ ലാബിലും പേപ്പറിലും മാത്രമായി ഒതുങ്ങാതെ, മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന ‘കാരുണ്യാധിഷ്ഠിത കണ്ടുപിടിത്തങ്ങളാക്കി’ മാറ്റാൻ നിർദേശിച്ചതും മാതാ അമൃതാനന്ദമയി തന്നെ.

ആ പ്രേരണയിലാണ്, മഴ മൂലമുള്ള മണ്ണിടിച്ചിലിനെപ്പറ്റി മുൻകൂട്ടി അറിയാൻ സാധിക്കുന്ന, ലോകത്തെ ആദ്യത്തെ എഐ അധിഷ്ഠിത വയർലെസ് സെൻസർ നെറ്റ്‌വർക് സംവിധാനമൊരുക്കിയത്. ഇന്നു മൂന്നാറിൽ, പശ്ചിമഘട്ട മലനിരകൾ മുതൽ സിക്കിമിലെ ഗാങ്ടോക്ക് വരെ വിവിധയിടങ്ങളിൽ ഈ സംവിധാനം വിന്യസിച്ചിരിക്കുന്നു. 

മത്സ്യത്തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തിയുള്ള പ്രത്യേക വയർലെസ് സെൻസർ നെറ്റ്‌വർക് തയാറാക്കുന്നതിലും, 108 ഗ്രാമങ്ങളുടെ സുസ്ഥിര വികസനം ഉറപ്പാക്കാനുള്ള വിവിധ സാങ്കേതിക പ്രവർത്തനങ്ങൾക്കുമെല്ലാം മനീഷ നേതൃത്വം നൽകിയിരുന്നു. 

നെറ്റ്‌വർക്കിങ് ആൻഡ് ടെലികമ്യൂണിക്കേഷൻ മേഖലയിലെ ലോകത്തെ ഏറ്റവും മികച്ച 2% ശാസ്ത്രജ്ഞരിൽ ഒരാളായി സ്റ്റാൻഫഡ് സർവകലാശാല തിരഞ്ഞെടുത്തതും സുസ്ഥിര നവീകരണത്തിനും വികസനത്തിനും വേണ്ടിയുള്ള പരീക്ഷണാത്മക പഠനത്തിന്റെ യുനെസ്കോ ചെയർ ആയിരിക്കുന്നതും മനീഷയുടെ പ്രയത്‌നങ്ങൾക്കുള്ള അംഗീകാരങ്ങളാണ്.

സ്ത്രീകളുടെ അടിസ്ഥാനപരമായ സ്വഭാവം സ്നേഹവും കാരുണ്യവുമാണെന്നു മനീഷ പറയുന്നു. അവ വളർത്തിയെടുക്കുന്നതിലൂടെ ഉള്ളിലുള്ള യഥാർഥ കരുത്തു തിരിച്ചറിയാനും വളരാനും സാധിക്കും. എല്ലാ പ്രതിബന്ധങ്ങളെയും തട്ടിനീക്കി മുന്നോട്ടുപോകാൻ ആന്തരികമായുള്ള ശക്തിയെ തിരിച്ചറിയാനായാൽ മാത്രം മതിയെന്നതാണു ഡോ.മനീഷ നൽകുന്ന വനിതാദിന സന്ദേശം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com