കണ്ണീരിൽ ‘വാടി’ നനഞ്ഞു; പ്രിയതമയുടെയും മകളുടെയും ചുംബനം ഏറ്റുവാങ്ങി നിബിൻ യാത്രയായി
Mail This Article
കൊല്ലം ∙ ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ മരിച്ച പാറ്റ് നിബിൻ മാക്സ്‌വെല്ലിനു വിട നൽകി നാട്. വാടി പനമൂട് പുരയിടം കാർമൽ കോട്ടേജിൽ പ്രിയപ്പെട്ടവരുടെയും സുഹൃത്തുക്കളുടെയും കണ്ണീരിൽ ‘വാടി’ നനഞ്ഞു. പ്രിയതമ ഫിയോണയുടെയും മകൾ അഞ്ചു വയസ്സുകാരി ആമിയയുടെയും ചുംബനം ഏറ്റുവാങ്ങി നിബിൻ വീടിനു തൊട്ടടുത്തുള്ള വാടി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ നിത്യവിശ്രമത്തിലായി. അമ്മ റോസ്‌ലിനും മറ്റു ബന്ധുക്കളും വിലാപമടക്കാൻ പാടുപെട്ടു.
ഇന്നലെ ഒരു മണിയോടെയാണു നിബിന്റെ മൃതദേഹം വീട്ടിലെത്തിച്ചത്. വൈകിട്ട് നാലോടെ പള്ളിയിയിലേക്ക് കൊണ്ടുപോകും വരെ നൂറുകണക്കിനാളുകൾ അന്തിമോപചാരം അർപ്പിക്കാൻ എത്തി. വാടി സെന്റ് ആന്റണീസ് പള്ളിയിൽ നടന്ന സംസ്കാര ശുശ്രൂഷകൾക്കു കൊല്ലം ബിഷപ് ഡോ.പോൾ ആന്റണി മുല്ലശേരി മുഖ്യകാർമികനായിരുന്നു.
വടക്കൻ ഇസ്രയേൽ അതിർത്തിയിലുണ്ടായ മിസൈൽ ആക്രമണത്തിലാണ് ആന്റണി മാക്സ്‌വെൽ–റോസ്‍ലിൻ ദമ്പതികളുടെ രണ്ടാമത്തെ മകൻ നിബിൻ മരിച്ചത്. ഇസ്രയേലിൽ ഉണ്ടായിരുന്ന മുത്ത സഹോദരൻ നിവിനും ഇളയസഹോദരൻ പാറ്റ്സണും മറ്റു ബന്ധുക്കളും സംസ്കാരത്തിന് എത്തിയിരുന്നു. വെള്ളിയാഴ്ച രാത്രിയിലാണു മൃതദേഹം കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിൽ എത്തിച്ചത്. ബെംഗളൂരുവിലെ ഇസ്രായേൽ കോൺസൽ ജെനറൽ ടാമി ബെൻ ഹൈം പുഷപചക്രം അർപ്പിച്ചു. ഒട്ടേറെ രാഷ്ട്രീയ– സാമൂഹിക പ്രവർത്തകർ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു.