ആര്യങ്കാവിലും എഴുകോണിലും പ്ലാറ്റ്ഫോമുകളുടെ നീളം വർധിപ്പിക്കും
Mail This Article
പുനലൂർ ∙ കൊല്ലം – പുനലൂർ – ചെങ്കോട്ട റെയിൽവേ പാത വഴി സർവീസ് നടത്തുന്ന ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മധുര ഡിവിഷനൽ റെയിൽവേ മാനേജർ ശരത് ശ്രീവാസ്തവയും സംഘവും ആര്യങ്കാവ്, എഴുകോൺ റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ചു. 18 കോച്ചുകളായി വർധിപ്പിക്കുന്നതിന്റെ മുന്നോടിയായിട്ടാണു പരിശോധന നടത്തിയത്. കഴിഞ്ഞ മാസം മധുരയിൽ നടന്ന ജനപ്രതിനിധികളുടെ യോഗത്തിലും നേരത്തെയും എൻ.കെ.പ്രേമചന്ദ്രൻ എംപി പാതയിൽ കോച്ചുകളുടെ എണ്ണം വർധിപ്പിക്കുന്നതു സംബന്ധിച്ച ആവശ്യം ഉന്നയിച്ചിരുന്നു.
ആര്യങ്കാവിലും എഴുകോണിലും പ്ലാറ്റ്ഫോമുകളുടെ നീളം 18 കോച്ചുകൾ ഉൾക്കൊള്ളത്തക്ക രീതിയിൽ മാറ്റാനാണു തീരുമാനം. ഇന്നു മുതൽ ഇതുമായി ബന്ധപ്പെട്ട ജോലി ആരംഭിക്കുവാൻ ഡിആർഎം നിർദേശം നൽകി. സീനിയർ ഡിവിഷനൽ ഓപ്പറേഷൻസ് മാനേജർ, സീനിയർ ഡിവിഷനൽ കൊമേഴ്സ്യൽ മാനേജർ, സീനിയർ ഡിവിഷനൽ എൻജിനീയർ (കോ – ഓർഡിനേഷൻ), സീനിയർ ഡിവിഷൻ എൻജിനീയർ സൗത്ത്, സീനിയർ ഡിവിഷനൽ ഇലക്ട്രിക്കൽ എൻജിനീയർ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.