ADVERTISEMENT

കൊല്ലം∙ വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള അവസാന ദിവസം പിന്നിട്ടതോടെ ജില്ലയിലെ വോട്ടർമാരുടെ എണ്ണം 21,03,448 ആയി. 11,03,074 സ്ത്രീ വോട്ടർമാരും 10,00,355 പുരുഷ വോട്ടർമാരും 19 ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്. കഴിഞ്ഞ ജൂണിലാണ് വോട്ടർ പട്ടികയുടെ കരട് പ്രസിദ്ധീകരിച്ചത്. അതിനു ശേഷം ചേര്‍ക്കപ്പെട്ടത് 56,123 വോട്ടർമാരെ. ജനുവരി 22ന് പ്രസിദ്ധീകരിച്ച പട്ടികയിൽ 20.87 ലക്ഷം വോട്ടർമാരായിരുന്നു ജില്ലയിൽ. 

സമ്മതിദാനാവകാശ വിനിയോഗത്തിലേക്ക് അരലക്ഷത്തിൽ അധികം പേരെ കൂടി ചേർക്കാനായത് ജനാധിപത്യത്തിന്റെ വിജയമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ കലക്ടർ എൻ. ദേവിദാസ് പറഞ്ഞു. റജിസ്ട്രേഷൻ ക്യാംപ് ഉൾപ്പെടെയുള്ള വിവിധ പരിപാടികളിലൂടെയാണു കൂടുതൽ വോട്ടർമാരുടെ പേരുകൾ ചേര്‍ക്കാനായത്. കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്-210229; കുറവ് കൊല്ലത്തും-170053.

വിവരം അറിയാൻ ‘കെവൈസി’
ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ വിവരങ്ങൾ വിരൽ സ്പർശത്തിലറിയാനും സംവിധാനം. തിരഞ്ഞെടുപ്പ് കമ്മിഷൻ തയാറാക്കിയിട്ടുള്ള 'നോ യുവർ കാൻഡിഡേറ്റ്' (കെവൈസി) മൊബൈൽ ആപ്ലിക്കേഷനിലൂടെ ഈ വിവരങ്ങൾ അറിയാം.സ്ഥാനാർഥികളുടെ പേര്, വിലാസം, പ്രായം, മത്സരിക്കുന്ന പാർട്ടിയുടെ വിവരങ്ങൾ, ക്രിമിനൽ പശ്ചാത്തലം, സത്യവാങ്മൂലം, വ്യക്തിഗത വിവരങ്ങൾ തുടങ്ങിയവ ഈ ആപ്പിലൂടെ ലഭിക്കും. സമർപ്പിക്കപ്പെട്ട നാമനിർദേശ പത്രികകൾ, പിൻവലിക്കപ്പെട്ടവ, നിരസിക്കപ്പെട്ടവ എന്നിവയുടെ വിവരങ്ങളും ആപ്ലിക്കേഷനിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 

വോട്ട് വാരാൻ ‘സ്വീപ്’
എല്ലാ വോട്ടുകളും ഉറപ്പായി ചെയ്യുമെന്ന സന്ദേശവുമായി ക്യാംപസുകളിൽ ‘സ്വീപ്’ ബോധവൽക്കരണം. ‘സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപേഷൻ’ (സ്വീപ്) നടത്തുന്ന ബോധവൽക്കരണത്തിലൂടെയാണു പരമാവധി വോട്ടുകൾ ഉറപ്പിക്കുന്നത്.  ഫ്ലാഷ്മോബോടെ ശ്രീനാരായണ നഴ്സിങ് കോളജിലെത്തി സ്വീപിന്റെ ‘ക്യാംപസ് നഗരപ്രദക്ഷിണത്തിന്’ സമാപനമായി. വോട്ടിന്റെ ചരിത്രവും വർത്തമാനവും അനാവരണം ചെയ്യുന്ന പ്രശ്‌നോത്തരിയും പരിപാടിയുടെ ഭാഗമായി. 'ഞാൻ വോട്ട് ചെയ്യും, ഉറപ്പായും ചെയ്യും' എന്ന് ആലേഖനം ചെയ്ത കാർഡുകൾ വിദ്യാർഥികൾക്ക് നൽകി. തിരഞ്ഞെടുപ്പ് പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. പരിപാടികൾക്ക് നോഡൽ ഓഫിസർ വി. സുദേശൻ നേതൃത്വം നൽകി.
സ്ത്രീകൾ–11,03,074 
പുരുഷന്മാർ–10,00,355 
ട്രാൻസ്ജെൻഡർ –19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com