ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞു വീണു; കടയും കാറുകളും തകർന്നു: അപകടം കൊല്ലം കോളജ് ജംക്‌ഷനിൽ
Mail This Article
കൊല്ലം ∙ കോളജ് ജംക്‌ഷനിൽ ആൽമരത്തിന്റെ കൂറ്റൻ ശിഖരം ഒടിഞ്ഞു വീണു കടയും നിർത്തിയിട്ടിരുന്ന രണ്ടു കാറുകളും തകർന്നു. കടയ്ക്കുള്ളിൽ ഉണ്ടായിരുന്നവരും കാർ ഡ്രൈവറും പോറൽ പോലും ഏൽക്കാതെ രക്ഷപ്പെട്ടു. കടയ്ക്കു മുന്നിലുണ്ടായിരുന്ന ഏതാനും കോളജ് വിദ്യാർഥികൾ അപകടത്തിൽ പെടാതെ ഓടിമാറി. സമീപത്തെ മറ്റൊരു കടയ്ക്കും ചെറിയ നാശനഷ്ടമുണ്ടായി. ഇന്നലെ രാവിലെ 9.40ന് ആയിരുന്നു അപകടം. ജീവൻ പ്രകാശിന്റെ ജിത്തു മിൽമ ബൂത്തും അതിനോടനുബന്ധിച്ച ചായക്കടയും മുന്നിലെ ടാക്സി സ്റ്റാൻഡിൽ കിടന്ന കാറുകളുമാണ് തകർന്നത്.
വണ്ണമുള്ള തടി പതിച്ച് കാറിന്റെ മുകൾ ഭാഗം പൂർണമായി തകർന്നു.ഈ കാറിന്റെ മുൻവശത്തെ ഇടതു സീറ്റിൽ ഇരിക്കുകയായിരുന്ന ഡ്രൈവർ ജയിംസ് ജോസഫും മിൽമ ബൂത്ത് ഉടമ ജീവൻ പ്രകാശും ജീവനക്കാരി ബിന്ദുവുമാണ് ഭാഗ്യം കൊണ്ടു പരുക്കേൽക്കാതെ രക്ഷപ്പെട്ടത്. ഇവിടെ നിർത്തിയിട്ട പോളയത്തോട് സ്വദേശി ജയിംസ് ഫെർണാണ്ടസിന്റെ കാറിനും കേടുപാടുണ്ടായി. കടയുടെ മേൽക്കൂര പൂർണമായി തകർന്നു. മരം വീഴുമ്പോൾ ഉടമയും ജീവനക്കാരിയും കടയിലും സാധനം വാങ്ങാനെത്തിയ ഏതാനും കോളജ് വിദ്യാർഥികൾ മുന്നിൽ ഉണ്ടായിരുന്നു. കോളജുകളും സ്കൂളുകളിലും ക്ലാസ് ഇല്ലാതിരുന്നതിനാൽ തിരക്ക് കുറവായിരുന്നു. അഗ്നിരക്ഷാസേന എത്തി മരം മുറിച്ചു മാറ്റി.
അധികൃതരുടെ അനാസ്ഥയെന്ന് പരാതി
കൊല്ലം ∙ വലിയൊരു ദുരന്തത്തിൽ നിന്നു രക്ഷപ്പെട്ടെങ്കിലും അധികൃതരുടെ അനാസ്ഥായാണ് ആൽമരം ഒടിഞ്ഞു വീണ അപകടത്തിന് വഴിയൊരുക്കിയതെന്നു വ്യാപാരികൾ.ശിഖരം മുറിച്ചു അപകടാവസ്ഥയിൽ ആണെന്നും മുറിച്ചു മാറ്റണമെന്നു കാണിച്ചു കോളജ് ജംക്‌ഷനിലെ വ്യാപാരികൾ, കോർപറേഷൻ, പൊതുമരാമത്ത് വകുപ്പ്, വനം വകുപ്പ് എന്നിവർക്ക് രണ്ടുവർഷം മുൻപ് അപേക്ഷ നൽകിയിട്ടും ഫലമുണ്ടായില്ല