ക്ലൈമാക്സ് അടുക്കുമ്പോൾ താരവരവ്; കൃഷ്ണകുമാറിന് വോട്ടുതേടി ഭാര്യയും മക്കളും
Mail This Article
കൊല്ലം ∙ ജി.കൃഷ്ണകുമാറിന്റെ പ്രചാരണത്തിന് ഇന്നു മുതൽ താരകുടുംബത്തിന്റെ പരിവേഷവും. ഭാര്യ സിന്ധു കൃഷ്ണകുമാറും സ്ക്രീനിലും സമൂഹ മാധ്യമങ്ങളിലും താരങ്ങളായ മക്കൾ അഹാനയും ദിയയും ഹൻസികയും ഇഷാനിയും പ്രചാരണത്തിനെത്തി. അഗതി മന്ദിരങ്ങൾ, കശുവണ്ടി ഫാക്ടറികൾ എന്നിവിടങ്ങളിൽ അവർ പിതാവിനൊപ്പം വോട്ട് തേടി എത്തും.
കൊല്ലം നൽകുന്നത് വലിയ സ്നേഹമാണെന്ന് കൃഷ്ണകുമാർ പറയുമ്പോൾ ഈ പിന്തുണയിൽ വിജയപ്രതീക്ഷ ഉണ്ടെന്ന് ഭാര്യ സിന്ധു കൂട്ടിച്ചേർക്കും. കല്ലടയാറും അഷ്ടമുടിക്കായലും അറബിക്കടലും ഉള്ള കൊല്ലത്ത് വലിയ വികസന സാധ്യത മാത്രമല്ല കൃഷ്ണകുമാർ കാണുന്നത്. തിരഞ്ഞെടുപ്പിൽ അടിയൊഴുക്കും പ്രതീക്ഷിക്കുന്നു.
യുഡിഎഫിൽ നിന്നു ശക്തമായ ഒഴുക്കുണ്ടാകും– കൃഷ്ണകുമാറിന്റെ വിലയിരുത്തൽ. വീട്ടമ്മ എന്ന വാക്കിനെ സിന്ധുവിനു ഇഷ്ടമേയല്ല. അതു മറി കടന്നെന്നു ഭാര്യ പറയുമ്പോൾ ഹൗസ് വൈഫ് എന്നല്ല, ഹൗസ് മാനേജർ എന്നാണ് സ്ത്രീകളെ വിശേഷിപ്പിക്കേണ്ടതെന്ന് കാര്യകാരണ സഹിതം കൃഷ്ണകുമാർ പറഞ്ഞു.
സൈബർ അധിക്ഷേപവും ചർച്ചയായി. അധിക്ഷേപം നടത്തുന്നവരുടെ അക്കൗണ്ടുകൾ വ്യാജമാണെന്ന് ദിയ കൃഷ്ണ. സ്വന്തം മുഖം കാണിക്കാനാകാത്ത അവർക്ക് തന്നെ അറിയാം അവരുടെ ഭാഷ തീരെ മോശമാണെന്ന്. സ്വയം ആദരവുണ്ടായാൽ മോശം പരാമർശം ഇല്ലാതാകും. സമൂഹമാധ്യമത്തിലൂടെ സ്ഥാനാർഥിയായ പിതാവിനു വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്ന് മൂത്തമകൾ അഹാന കൃഷ്ണ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇത്ര പോസിറ്റീവ് പ്രതികരണം ലഭിച്ചിരുന്നില്ല.
തെലങ്കാനയിൽ കഴിഞ്ഞ ദിവസം മദർ തെരേസയുടെ ചിത്രത്തിനു നേരെ നടന്നതു പോലുള്ള അക്രമങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നു കൃഷ്ണകുമാർ പറഞ്ഞു. കശുവണ്ടി മേഖല, തീരദേശത്തെ കടലാക്രമണം എന്നിവയുമായി ബന്ധപ്പെട്ടു കേന്ദ്രത്തിനു നിവേദനം നൽകിയിട്ടുണ്ട്. കേന്ദ്ര കാഷ്യു ബോർഡ് രൂപീകരിക്കുന്നത് ഉൾപ്പെടെ നടപടി പ്രതീക്ഷിക്കുന്നതായും കൃഷ്ണകുമാർ പറഞ്ഞു.