ADVERTISEMENT

കൊല്ലം∙ ബിജെപി മുന്നണിക്ക് മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിച്ചാൽ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ നിലവിലെ സ്ഥിതിക്ക് മാറ്റം വരുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. ഭരണഘടന നൽകുന്ന എല്ലാം അവകാശങ്ങളെയും സംരക്ഷിക്കാനായുള്ള ശ്രമത്തിന്റെ ഭാഗമായി ഈ തിരഞ്ഞെടുപ്പിനെ കാണണമെന്നും കൊല്ലം ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പു യോഗത്തിൽ അദ്ദേഹം പറഞ്ഞു. 

മോദി സർക്കാരിനു കീഴിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകൾ വെല്ലുവിളി നേരിട്ട കാലമായിരുന്നു പിന്നിട്ട 10 വർഷം. മതനിരപേക്ഷ ജനാധിപത്യം, സാമ്പത്തിക പരമാധികാരം, ഫെഡറലിസം, സാമൂഹിക നീതി എന്നിവ ഏറെ ആക്രമിക്കപ്പെട്ടു.  തിരഞ്ഞെടുപ്പ് കമ്മിഷൻ, ജുഡീഷ്യറി, സ്വതന്ത്ര അന്വേഷണ ഏജൻസികളായ സിബിഐ, ഇഡി തുടങ്ങിയവ മോദി സർക്കാരിന്റെയും ബിജെപിയുടെയും രാഷ്ട്രീയ സമ്മർദത്തിനു കീഴിലാണ് പ്രവർത്തിച്ചത്. 

യുഡിഎഫ് നേതൃത്വം കേരളത്തിലെ ഇടതു സർക്കാരിനെ വിമർശിക്കുന്നത് എന്തിനെന്ന് അറിയില്ല. വ്യാജ ആരോപണങ്ങളുടെ പേരിലാണ് ഇവരുടെ വിമർശനം. ബിജെപിക്ക് എതിരായ നിൽക്കേണ്ടവർ ബിജെപിയുടെ ഭാഷയിലാണു സംസാരിക്കുന്നത്. ഡൽഹി മുഖ്യമന്ത്രിയും ജാർഖണ്ഡ് മുഖ്യമന്ത്രിയും അറസ്റ്റിലായി കേരള മുഖ്യമന്ത്രിയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് കോൺഗ്രസ് ചോദിക്കുന്നത്, കോൺഗ്രസ് ആത്മപരിശോധനയ്ക്കു തയാറാകണം.

ഇലക്ടറൽ ബോണ്ടിന്റെ നിയമസാധുത ചോദ്യം ചെയ്ത് സിപിഎം നൽകിയ ഹർജിയിലാണ് അതിന് എതിരായ വിധി വന്നത്. പലതരത്തിലുള്ള ഭീഷണിയിൽ നിന്നു ലഭിച്ച പണവും കമ്മീഷനായി ലഭിച്ച തുകയും വെള്ളുപ്പിച്ച കണ്ണപ്പണവുമാണ് ഇലക്ടറർ ബോണ്ട് ആയി ബിജെപിക്ക് ലഭിച്ചത്. പൗരത്വ നിയമം വന്നപ്പോഴോ, കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞപ്പോഴോ കോൺഗ്രസ് നിശബ്ദമായിരുന്നു. പാർലമെന്റിന് അകത്തും പുറത്തും ഇവയ്ക്ക് എതിരെ ശക്തമായി പ്രതിഷേധിച്ചതു സിപിഎമ്മും ഇടതു കക്ഷികളാണെന്നും  അദ്ദേഹം പറഞ്ഞു. 

കൊല്ലം ലോക്സഭ മണ്ഡലം എൽഡിഎഫ് പ്രസിഡന്റ് കെ.രാജു അധ്യക്ഷനായിരുന്നു. എൽഡിഎഫ് സ്ഥാനാർഥി എം.മുകേഷ്, എൽഡിഎഫ് മണ്ഡലം കമ്മിറ്റി സെക്രട്ടറി കെ.വരദരാജൻ, എക്സ്.ഏണസ്റ്റ്, മേയർ പ്രസന്ന ഏണസ്റ്റ്, മന്ത്രി കെ.എൻ.ബാലഗോപാൽ, എം,നൗഷാദ് എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടറി എസ്.സുദേവൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com