ADVERTISEMENT

കൊല്ലം ∙ തിരഞ്ഞെടുപ്പ് കാര്യങ്ങളിൽ തലമുറകളുടെ അനുഭവ പരിചയമുണ്ട് കൊല്ലം ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം.മുകേഷിന്റെ കുടുംബത്തിന്. മുകേഷിന്റെ അച്ഛൻ ഒ.മാധവൻ കലാപ്രവർത്തനത്തിനൊപ്പം വർഷങ്ങളോളം രാഷ്ട്രീയത്തിൽ സജീവമായിരുന്നു. മുൻപ് വടക്കേവിള ഗ്രാമപ്പഞ്ചായത്തിനെ പതിറ്റാണ്ടുകളോളം നയിച്ചതും ഒ.മാധവനായിരുന്നു.കത്തുന്ന വേനൽച്ചൂടിൽ കൊല്ലത്ത് നടക്കുന്നത് കടുത്ത മത്സരമാണെന്ന് മുകേഷിന്റെ അമ്മ നടി വിജയകുമാരി, സഹോദരി സന്ധ്യാ രാജേന്ദ്രൻ, സഹോദരീഭർത്താവ് ഇ.എ രാജേന്ദ്രൻ എന്നിവർ പറയുന്നു.

അമ്മയിൽ നിന്നാണ് ഞങ്ങൾക്ക് രാഷ്ട്രീയം ലഭിച്ചതെന്നും ആ ബോധ്യം ഇപ്പോഴും വിടാതെ പിന്തുടരുന്നെന്നും വിജയകുമാരി. തിരഞ്ഞെടുപ്പിലെ മത്സരം എപ്പോഴും സൗഹൃദപരവും അതേസമയം കടുത്തതുമാകണമെന്ന് സന്ധ്യാ രാജേന്ദ്രൻ. പ്രചാരണങ്ങളിൽ നേരത്തേ വിജയകുമാരി സജീവമായി പങ്കെടുത്തിരുന്നു. ഇപ്പോൾ ആരോഗ്യ പ്രശ്നങ്ങളാൽ പങ്കെടുക്കാറില്ല. സന്ധ്യ രാജേന്ദ്രൻ സഹോദരന് വേണ്ടി വോട്ട് അഭ്യർഥിക്കാൻ സജീവമായി ഉണ്ട്. വിദേശത്താണെങ്കിലും മുകേഷിന്റെ ഇളയ സഹോദരി ജയശ്രീ ശ്യാംലാലും പിന്തുണ നൽകുന്നുണ്ട്. സന്ധ്യയുടെ ഭർത്താവും അഭിനേതാവുമായ ഇ.എ രാജേന്ദ്രന് കൊല്ലത്തെ തിരഞ്ഞെടുപ്പ് പ്രിയപ്പെട്ടവർ തമ്മിലുള്ള മത്സരം കൂടിയാണ്.

മുകേഷ് ഭാര്യയുടെ സഹോദരനാണെങ്കിൽ യുഡിഎഫ് സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രൻ രാജേന്ദ്രന് സഹോദരതുല്യനാണ്. എൻഡിഎ സ്ഥാനാർഥി ജി.കൃഷ്ണകുമാർ അഭിനയ മേഖലയിൽ നിന്നുള്ള സുഹൃത്തും. തിരഞ്ഞെടുപ്പുകളിൽ ആശയങ്ങൾ തമ്മിലാണ് പോരടിക്കേണ്ടതെന്നും ചർച്ചകൾ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്കു പോകുന്നത് ശരിയല്ലെന്നും രാജേന്ദ്രൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാവിലെ വീട്ടിൽ നിന്ന് ഇറങ്ങുന്ന മുകേഷ് മിക്ക ദിവസങ്ങളിലും ഉച്ച ഭക്ഷണത്തിനായി വീട്ടിലെത്തും. തുടർന്നു ചെറുവിശ്രമത്തിന് ശേഷമാണ് വീണ്ടും പര്യടനത്തിനിറങ്ങുക. രാഷ്ട്രീയ കുടുംബമാണെങ്കിലും വീട്ടിൽ രാഷ്ട്രീയം അത്ര പതിവില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com