തട്ടിക്കൊണ്ടു പോകൽ: അനുപമയുടെ ജാമ്യാപേക്ഷയിൽ 29ന് വാദം
Mail This Article
കൊല്ലം ∙ ഓയൂർ ഓട്ടുമലയിൽ നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്നാം പ്രതി ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ പി.അനുപമയുടെ (21) ജാമ്യാപേക്ഷയിൽ 29ന് വാദം നടക്കും. ജാമ്യാപേക്ഷ ഇന്നലെ പരിഗണിച്ചപ്പോൾ സർക്കാരിന്റെ റിപ്പോർട്ട് തേടിയിരുന്നു. റിപ്പോർട്ട് സമർപ്പിക്കാൻ പ്രോസിക്യൂഷൻ സാവകാശം തേടിയതിന്റെ പശ്ചാത്തലത്തിലാണ് ഫസ്റ്റ് അഡീഷനൽ സെഷൻസ് കോടതി ജഡ്ജി പി.എൻ.വിനോദ് വാദം തിങ്കളാഴ്ചയിലേക്കു മാറ്റിയത്. കസ്റ്റഡി വിചാരണയ്ക്ക് പ്രോസിക്യൂഷൻ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഒന്നാം പ്രതി കെ.ആർ.പത്മകുമാറിന്റെയും (51), ഭാര്യ അനിതകുമാരിയുടെയും (39) മകളാണ് അനുപമ.
ആദ്യ രണ്ടു പ്രതികളും ഇതുവരെ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടില്ല. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിസിൻ ജി.മുണ്ടയ്ക്കൽ ഹാജരായി. കഴിഞ്ഞ നവംബർ അവസാനമാണ് ആറു വയസ്സുകാരിയെ കാറിൽ തട്ടിക്കൊണ്ടു പോയത്. തൊട്ടടുത്ത ദിവസം കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച പ്രതികളെ ഡിസംബർ ഒന്നിനാണ് പിടികൂടിയത്.പൂയപ്പള്ളി പൊലീസ് റജിസ്റ്റർ ചെയ്ത കേസ് ജില്ലാ റൂറൽ ക്രൈംബ്രാഞ്ച് സംഘം തുടർ അന്വേഷണം നടത്തി ഫെബ്രുവരി 8ന് കുറ്റപത്രം സമർപ്പിച്ചിരുന്നു.