ADVERTISEMENT

കുണ്ടറ ∙ ആവേശകരമായ കലാശക്കൊട്ടോടെ ഒരു മാസത്തോളം നീണ്ട് നിന്ന പ്രചാരണത്തിനു സമാപനമായി. ഇന്നത്തെ നിശ്ശബ്ദ പ്രചാരണവും കഴിഞ്ഞ് നാളെ ബൂത്തിലേക്ക്. വൈകിട്ട് 5.30ഓടെ മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിൽ പ്രചാരണത്തിനു പോയിരുന്ന മൂന്നു മുന്നണികളുടെയും പ്രവർത്തകർ മുക്കടയിൽ എത്തിച്ചേർന്നു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കർശന സുരക്ഷ പൊലീസും ഒരുക്കിയിരുന്നു. യുഡിഎഫ് പ്രവർത്തകർക്കിടയിലേക്കു എൽഡിഎഫിന്റെ അനൗൺസ്മെന്റ് വാഹനം കടന്ന് വന്നത് ചെറിയ തർക്കത്തിനു കാരണമായി. പൊലീസും മുതിർന്ന നേതാക്കളും ഇടപെട്ടു രംഗം ശാന്തമാക്കി.

തങ്ങളുടെ നേട്ടങ്ങൾ നിരത്തിയും എതിർകക്ഷികളുടെ കോട്ടങ്ങൾ വിളിച്ചുപറഞ്ഞ് അനൗൺസ്മെന്റ് വാഹനങ്ങളും ബാൻഡ് മേളവും മുദ്രാവാക്യങ്ങളുമായി പ്രവർത്തകരും ഒത്തുകൂടിയതോടെ മുക്കടയിൽ മറ്റൊരു പത്താമുദയ ഉത്സവ പ്രതീതിയുണ്ടാക്കി. ഒരുമാസമായി അനൗൺസ്മെന്റുകൾ, പൊതുകുടുംബയോഗങ്ങൾ, സ്ക്വാഡ് വർക്കുകൾ, സ്വീകരണ പരിപാടികൾ, റോഡ് ഷോകൾ തുടങ്ങിയവയുമായി വോട്ട് ഉറപ്പിക്കാനുള്ള പരിശ്രമത്തിലായിരുന്നു പ്രവർത്തകർ. 

കനത്ത ചൂടാണ് ഇത്തവണ രാഷ്ട്രീയ മുന്നണികൾ നേരിട്ട വലിയ വെല്ലുവിളി. ചൂടിന്റെ കാഠിന്യം വർധിച്ചതോടെ സ്ഥാനാർഥികളുടെ സ്വീകരണ യോഗങ്ങൾ വെട്ടിച്ചുരുക്കുകയോ ദൈർഘ്യം കുറയ്ക്കുകയോ ചെയ്യേണ്ടി വന്നു. പോരായ്മകൾ പരിഹരിക്കാനും സ്ലിപ് വിതരണം പൂർത്തിയാക്കാനുമായി ഇന്നത്തെ ദിവസം വിനിയോഗിക്കും. ഇനിയുള്ള മണിക്കൂറുകൾ അടിയൊഴുക്കുകൾ അനുകൂലമാക്കിയെടുക്കാനും ആടി നിൽക്കുന്ന വോട്ടുകൾ ഉറപ്പിക്കുന്നതിന്നുമുള്ള റിലേ ഓട്ടത്തിലായിരിക്കും മുന്നണി പ്രവർത്തകർ.‌

അഞ്ചാലുംമൂട് ∙ ആവേശം അലതല്ലി അഞ്ചാലുംമൂട്ടിലെ കലാശക്കൊട്ട്. യുഡിഎഫ് എൽഡിഎഫ് പ്രവർത്തകർ തമ്മിൽ ചെറിയ തോതിൽ സംഘർഷമുണ്ടായെങ്കിലും പൊലീസിന്റെ കാര്യക്ഷമമായ ഇടപെടൽ ഫലം കണ്ടു. അ​ഞ്ചാലുംമൂട് ജംക്‌ഷനിൽ വൈകിട്ട് 4 മുതൽ തന്നെ വിവിധ മുന്നണികളിലെ പ്രവർത്തകരുടെ വാഹനങ്ങൾ എത്തിയിരുന്നു. പിന്നീട് കൊടികളും പ്ലക്കാർഡുകളുമായി കൂടുതൽ പ്രവർത്തകർ എത്തിയതോടെ ജംക്‌ഷൻ ജനനിബഡമായി.

ഇതിനിടെ ക്രെയിനിൽ എൻ.കെ.പ്രേമചന്ദ്രന്റെ ബോർഡും കൊടി തോരണങ്ങളുമായെത്തിയതു ഗതാഗതക്കുരുക്കിന് കാരണമായതോടെ ക്രെയിനിന് മുന്നിൽ എൽഡിഎഫ് പ്രവർത്തകരുടെ വാഹനം കൊണ്ടിട്ടതോടെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി. വാക്കേറ്റം പല തവണ ചെറിയ സംഘർഷങ്ങളിലേക്കു നയിച്ചെങ്കിലും പൊലീസിന്റെ കാര്യക്ഷമമായ പ്രവർത്തനം കൂടുതൽ പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ ഇടയാക്കി. 5 മുതൽ അഞ്ചാലുംമൂട് വഴിയുള്ള ഗതാഗതം പൂർണമായും കുരുക്കിലമർന്നു. 6 മണിയോടെ കലാശക്കൊട്ടിന് അവസാനിപ്പിച്ച് പൊലീസ് എല്ലാ വാഹനങ്ങളിലെയും ശബ്ദ ക്രമീകരണങ്ങൾ നിർത്തിച്ച് വാഹനങ്ങൾ കടത്തിവിട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com