ADVERTISEMENT

കരുനാഗപ്പള്ളി ∙ ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ ഉൾപ്പെട്ട കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ 182 പോളിങ് ബൂത്തുകളിലും സമാധാനപരമായി കനത്ത പോളിങ് നടന്നു. 11ൽ അധികം പോളിങ് ബൂത്തുകളിൽ 6 മണി കഴിഞ്ഞും വോട്ടിങ് നടന്നു. പല കേന്ദ്രങ്ങളിലും വോട്ടിങ്ങിനു താമസം നേരിടുന്നുവെന്ന പരാതി ഇടയ്ക്ക് ഉയർന്നിരുന്നു. ഉച്ച സമയത്തെ ചൂട് മുന്നിൽ കണ്ട് എല്ലാ പോളിങ് ബൂത്തുകളിലും രാവിലെ 7 മുതൽ തന്നെ വോട്ട് ചെയ്യാൻ എത്തിയവരുടെ നീണ്ട നിര ആയിരുന്നു. പ്രായമായവർ ഉൾപ്പെടെയുള്ളവർ സഹായികളോടൊപ്പം എത്തി വോട്ട് ചെയ്തു. ഉച്ചയോടെ പലയിടത്തും തിരക്ക് കുറഞ്ഞെങ്കിലും വൈകുന്നേരം തിരക്കു വീണ്ടും വർധിച്ചു.

വോട്ടെടുപ്പിന്റെ അവസാന സമയമായ 6നു ക്യൂവിൽ ഉണ്ടായിരുന്ന മുഴുവൻ പേർക്കും ടോക്കൺ നൽകി വോട്ട് ചെയ്യാൻ അവസരം ഒരുക്കി. വോട്ടെടുപ്പ് പൂർത്തീകരിച്ച് ഉദ്യോഗസ്ഥർ വോട്ടിങ് മിഷനുകൾ കരുനാഗപ്പള്ളി ലോർഡ്സ് പബ്ലിക് സ്കൂളിൽ എത്തിച്ചു. പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രമായിരുന്ന ലോർ‍ഡ്സ് പബ്ലിക് സ്കൂളിൽ സ്വീകരിക്കുന്ന കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ മെഷീനുകൾ ബന്തവസിൽ ആലപ്പുഴയിലെ കേന്ദ്രത്തിലേക്കു സൂക്ഷിക്കാനായി കൊണ്ടുപോകും.

ചവറ ∙ നിയോജകമണ്ഡലത്തിലെ ചവറയിലും തേവലക്കരയിലും വോട്ടെടുപ്പ് വൈകിട്ട് 8 വരെ നീണ്ടു. തിരഞ്ഞെടുപ്പു മന്ദഗതിയിലായതോടെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പലയിടത്തും വോട്ട് ചെയ്യാതെ മടങ്ങി. പലയിടത്തും ചെറിയതോതിൽ പ്രതിഷേധമുണ്ടായി. ചവറ കൊട്ടുകാട് ഖാദിരിയ്യ ഹൈസ്കൂളിൽ 48–ാം നമ്പർ ബൂത്തിൽ 2 തവണ വോട്ടിങ് യന്ത്രം പണിമുടക്കിയതിനാൽ ഒരു മണിക്കൂർ വോട്ടെടുപ്പ് നിർത്തിവയ്ക്കേണ്ടി വന്നു. പോളിങ് ഉദ്യോഗസ്ഥരുടെ വേഗമില്ലായ്മയും ഇവിടെ പ്രശ്നം സൃഷ്ടിച്ചു. വോട്ടെടുപ്പു സമയം കഴിഞ്ഞ് 250ലധികം ടോക്കണാണ് നൽകിയത്. ഒരു പോളിങ് ഉദ്യോഗസ്ഥനെ അധികം നിയമിച്ചതോടെയാണു വോട്ടെടുപ്പിനു വേഗം വന്നത്. മണിക്കൂറുകൾ ക്യൂവിൽ നിന്ന സ്ത്രീകളടക്കമുള്ളവർ കുഴഞ്ഞു.

ആലപ്പുഴ കുതിരപ്പന്തി ടികെഎംഎം യുപി സ്കൂളിൽ വോട്ട് 
ചെയ്തശേഷം പുറത്തേക്ക് വരുന്ന എൽഡിഎഫ് സ്ഥാനാർഥി 
എ.എം.ആരിഫ്.
ആലപ്പുഴ കുതിരപ്പന്തി ടികെഎംഎം യുപി സ്കൂളിൽ വോട്ട് ചെയ്തശേഷം പുറത്തേക്ക് വരുന്ന എൽഡിഎഫ് സ്ഥാനാർഥി എ.എം.ആരിഫ്.

സുരക്ഷാ ചുമതല കേന്ദ്രസേനയുടെ ചുമതലയിലായതിനാൽ വോട്ടർമാർ പ്രതിഷേധ സ്വരം ഉയർത്തിയില്ല. ഇതിനിടെ ചിലർ വോട്ട് ചെയ്യാതെ മടങ്ങി. രാത്രി 8നാണ് വോട്ടെടുപ്പ് നടപടിക്രമങ്ങൾ ഇവിടെ പൂർത്തീകരിച്ചത്. സമീപത്തെ ബൂത്തിൽ 7ന് വോട്ടെടുപ്പ് പൂർത്തീകരിച്ചു. 1163 വോട്ടർമാരിൽ 808 പേർ ഇവിടെ വോട്ടു ചെയ്തു. തേവലക്കര മുള്ളിക്കാല എസ്ഐ എൽപി സ്കൂളിൽ 84–ാം നമ്പർ ബൂത്തിൽ രാത്രി 7.45ന് ആണ് വോട്ടെടുപ്പ് പൂർത്തിയായത്. രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്ന് ആക്ഷേപം ഉണ്ട്. ഇവിടെ 1468 വോട്ടർമാരാണുള്ളത്. എന്നാൽ 1052 പേരാണ് വോട്ടു ചെയ്തത്. പലരും വോട്ടു ചെയ്യാതെ മടങ്ങിയതായി പാർട്ടികൾ ആരോപിച്ചു. അയ്യൻകോയിക്കൽ ഗവ. എൽപിഎസ് 97–ാം നമ്പർ ബൂത്തിൽ 8 മണിയോടെയാണ് പോളിങ് അവസാനിച്ചത്. 2 തവണ യന്ത്രം പണിമുടക്കിയതിനാൽ അരമണിക്കൂർ വോട്ടെടുപ്പു നിർത്തിവയ്ക്കേണ്ടിവന്നു. ഇതാണ് പോളിങ് നീളാൻ കാരണമായത്. 1200ലധികം വോട്ടർമാരാണ് ഇവിടെ ഉള്ളത്. 941 പേർ വോട്ട് രേഖപ്പെടുത്തി.

ഓച്ചിറ ∙ ആലപ്പാട് തീരദേശ ഭാഗത്ത് ശക്തമായ പോളിങ്. വൈകിട്ട് 6നു ശേഷവും വലിയ ക്യൂ ആയിരുന്നു. ഓച്ചിറ, ക്ലാപ്പന ഭാഗങ്ങളിൽ ശക്തമായ പോളിങ് നടന്നു. രാവിലെ മുതൽ പോളിങ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയവരുടെ നിര ദൃശ്യമായിരുന്നു. ചൂട് വകവയ്ക്കാതെ ആളുകൾ വോട്ട് ചെയ്യാനെത്തി. ഓച്ചിറ ചങ്ങൻകുളങ്ങര എസ്ആർവി യുപി സ്കൂളിലെ 51-ാം നമ്പർ പോളിങ് ബൂത്തിലും ക്ലാപ്പന സെന്റ് ജോസഫ് യുപി സ്കൂളിലെ 34ാം നമ്പർ പോളിങ് ബൂത്തിലും രാവിലെ 15 മിനറ്റ് വോട്ടിങ് യന്ത്രം പണി  മുടക്കിയിരുന്നു. 

മിക്ക പോളിങ് ബൂത്തിലും 6നു ശേഷം വോട്ട് ചെയ്യാനെത്തിയവരുടെ വലിയ ക്യൂ ഉണ്ടായിരുന്നു. 6 വരെ വന്നവർക്കു പ്രത്യേക ടോക്കൺ നൽകി വോട്ട് രേഖപ്പെടുത്തി. മേമന, ഓച്ചിറ എന്നിവിടങ്ങളിൽ കിടപ്പുരോഗികളെ രാഷ്ട്രീയ പാർട്ടികളുടെ കീഴിലുള്ള സംഘടനകളുടെ ആംബുലൻസിൽ പോളിങ് ബൂത്തിലെത്തിച്ചതിനെതിരെ പ്രതിഷേധം ഉയർന്നെങ്കിലും പോളിങ് ഉദ്യോഗസ്ഥരെത്തി പ്രശ്നം പരിഹരിച്ച് വോട്ട് രേഖപ്പെടുത്തി.

ആലപ്പുഴ തിരുവമ്പാടി ഹയർ സെക്കൻഡറി സ്കൂളിൽ വോട്ട് 
ചെയ്യാനെത്തിയ ആലപ്പുഴ ലോക്സഭാ മണ്ഡലം യുഡിഎഫ് 
സ്ഥാനാർഥി കെ.സി. വേണുഗോപാൽ.
ആലപ്പുഴ തിരുവമ്പാടി ഹയർ സെക്കൻഡറി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ ആലപ്പുഴ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ.സി. വേണുഗോപാൽ.

ശാസ്താംകോട്ട ∙ മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ വാശിയേറിയ തിരഞ്ഞെടുപ്പിൽ കത്തുന്ന മേടച്ചൂടിനെ അവഗണിച്ച് കുന്നത്തൂരിലെ ജനങ്ങൾ വിധിയെഴുതി. 2 ലക്ഷത്തിലധികം വരുന്ന വോട്ടർമാരിൽ 68 ശതമാനത്തോളം പേർ വോട്ട് രേഖപ്പെടുത്തി. ഭൂരിഭാഗം ബൂത്തുകളിലും വൈകിട്ട് 6നു പോളിങ് അവസാനിച്ചെങ്കിലും മൈനാഗപ്പള്ളി ഇടവനശേരി ഐസിഎസ് എൽപിഎസ്, മൈനാഗപ്പള്ളി ഗവ. എൽപിഎസ് (ചക്കിട്ടയിൽ സ്കൂൾ) എന്നിവിടങ്ങളിലെ ബൂത്തുകളിൽ രാത്രി 7 കഴിഞ്ഞും വോട്ടർമാരുടെ നീണ്ട നിര ഉണ്ടായിരുന്നു. രാവിലെ 7 മുതൽ ബൂത്തുകളിലേക്കു ജനങ്ങളെത്തി തുടങ്ങിയിരുന്നു. 10 പഞ്ചായത്തുകളിലെ 199 ബൂത്തുകളിലും പകൽ മുഴുവനും ജനങ്ങൾ സജീവമായിരുന്നു.

എംഎൽഎമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ രാവിലെ തന്നെ വോട്ട് ചെയ്തു. വെയിൽ രൂക്ഷമായ ഉച്ച സമയത്തും മിക്ക ബൂത്തുകളിലും യുവതി–യുവാക്കളും സ്ത്രീകളും വയോധികരും ഉൾപ്പെടെ നീണ്ട നിര ഉണ്ടായിരുന്നു. പ്രശ്നബാധിത ബൂത്തുകളിൽ ഉൾപ്പെടെ കാര്യമായ സംഘർഷങ്ങളില്ലാതെ പോളിങ് പൂർത്തീകരിച്ചു. ഓരോ പഞ്ചായത്തിലും ഹരിതചട്ടം പാലിച്ചുള്ള മാതൃകാ പോളിങ് ബൂത്തുകളും മുതുപിലാക്കാട് ഗവ. എൽപിഎസിൽ സ്ത്രീ സൗഹൃദ പിങ്ക് പോളിങ് ബൂത്തും ഒരുക്കിയിരുന്നു. മൈനാഗപ്പള്ളി ചിത്തിരവിലാസം സ്കൂളിൽ വെളിച്ചക്കുറവ് പരാതിക്കു കാരണമായി. മൈനാഗപ്പള്ളി വേങ്ങ 114–ാം നമ്പർ ബൂത്തിൽ വോട്ടിങ് മെഷീനിലെ തകരാറിനെ തുടർന്നു 3 മണിക്കൂറോളം പോളിങ് മുടങ്ങി. പുതിയ മെഷീൻ എത്തിച്ചാണു പ്രശ്നം പരിഹരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com