ADVERTISEMENT

കൊല്ലം ∙ കത്തുന്ന ചൂടിൽ കത്തുമായി വരുന്നവരെ കണ്ടിട്ടില്ലേ.. സന്ദേശങ്ങളും അറിയിപ്പുകളും മറ്റു കാര്യങ്ങളും വെയിലും മഴയും എത്ര ശക്തമായാലും  ഇവർക്ക് ശരിയായ ആളുകളിലേക്ക് എത്തിച്ചെ മതിയാകൂ. കടുത്ത ചൂടിലും പൊള്ളുന്ന വെയിലിലും നാടാകെ സഞ്ചരിച്ചു ജോലി ചെയ്യേണ്ട സാഹചര്യത്തിലാണ് തപാൽ വകുപ്പിൽ  പോസ്റ്റ്മാൻ, പോസ്റ്റ്‌വുമൺ എന്നിവർ. ചൂടിനെ അടിസ്ഥാനമാക്കി ജോലി സമയം പുനർനിർണയിക്കാനും സാധിക്കാത്തതിനാൽ ചൂടിനെ അവഗണിച്ചു കൊണ്ടു ഓരോ ദിവസവും തള്ളിനീക്കുകയാണ് ഇവർ. കത്തുകളുമായി എത്തുന്നവരിൽ വലിയൊരു വിഭാഗം സ്ത്രീ ജീവനക്കാരാണ്. 

രാവിലെ 10 മണിക്ക് ശേഷം ഓഫിസിൽ നിന്ന് ഇറങ്ങിയാൽ  3 മണിയോടെ മാത്രമാണ്  തിരിച്ചു കയറാൻ സാധിക്കുക. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 വരെ ഒരു കാരണവശാലും വെയിൽ കൊള്ളരുതെന്ന സർക്കാർ നിർദേശം നിലനിൽക്കുമ്പോഴാണ് അതേ സമയത്ത് പൂർണമായും ഇവർക്ക്  ജോലി ചെയ്യേണ്ടി വരുന്നത്. 200–250 വരെ ഇടപാടുകളായിരിക്കും ഓരോ ദിവസവും ഇവർക്ക് നടത്താനുണ്ടാവുക. റജിസ്ട്രേ‍‍ഡ് പോസ്റ്റുകളടങ്ങിയ അക്കൗണ്ടബിൾ ആർട്ടിക്കിളുകളും ബുക്കുകൾ, കത്തുകൾ, മറ്റു പാഴ്സലുകൾ അടക്കമുള്ള ഓർഡിനറി ആർട്ടിക്കിളുകളുമാണ് ഗുണഭോക്താക്കളിലേക്ക് എത്തിക്കേണ്ടത്. ഇതിൽ അക്കൗണ്ടബിൾ ആർട്ടിക്കിളുകൾ ഗുണഭോക്താക്കൾക്ക് നേരിട്ടു കൈമാറേണ്ടതാണ്. നഗര പ്രദേശങ്ങളിലും ഒരാൾക്ക് പോകേണ്ട ദൂരം താരതമ്യേന കുറവാണെങ്കിലും ഗ്രാമ പ്രദേശങ്ങളിലേക്ക് എത്തുമ്പോൾ ഈ ദൂരത്തിൽ വലിയ വർധന വരും. 

വാഹനം ഉപയോഗിക്കുന്നതിന് പ്രത്യേക അലവൻസും ലഭിക്കുന്നില്ല. അതിനാൽ ചിലർ സ്വന്തം ഇരുചക്ര വാഹനം ഉപയോഗിച്ചും ചിലർ സൈക്കിളിലും ചിലർ നടന്നുമാണ് ജോലി ചെയ്യുന്നത്. കടുത്ത ചൂടിനെ പ്രതിരോധിക്കാൻ കുട, ഗ്ലൗസ്, സൺ സ്ക്രീൻ തുടങ്ങിയ വിവിധ മാർഗങ്ങൾ അവലംബിക്കുമെങ്കിലും അതിനെയും മറികടക്കുന്ന ചൂടാണ് അനുഭവപ്പെടുന്നതെന്ന് എല്ലാവരും പറയുന്നു. പൊള്ളലും ചൊറിയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെടുന്നതിനാൽ വൈദ്യ പരിശോധനയും പലപ്പോഴായി ആവശ്യമായി വരുന്നുണ്ട്. വെള്ളവും ജ്യൂസും കുടിച്ചു കൊണ്ടാണ് മുന്നോട്ടു പോകുന്നതെന്നും ഇവർ വ്യക്തമാക്കുന്നു. ഓഫിസുകളിലേക്കും കടകളിലേക്കും വരുന്ന കത്തുകളും മറ്റും ഓഫിസ് സമയമായ 10–5ന് ഇടയിൽ തന്നെ എത്തിക്കേണ്ടതിനാൽ ജോലിസമയം മാറ്റുക എന്നതും തപാൽ ജീവനക്കാർക്ക് പ്രായോഗികമല്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com