‘പേടിപ്പെടുത്തുന്ന രാത്രി; രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ’; ഡോ.വന്ദനദാസിന്റെ ജീവനെടുത്തിട്ട് ഇന്ന് ഒരു വർഷം
Mail This Article
കൊട്ടാരക്കര∙താലൂക്ക് ആശുപത്രിയിലെ സുരക്ഷാ സംവിധാനങ്ങളുടെ ദൗർബല്യങ്ങൾക്കിടെ ഉണ്ടായ ആക്രമണം ഡോ.വന്ദനദാസിന്റെ ജീവനെടുത്തിട്ട് ഇന്ന് ഒരു വർഷം തികയുന്നു. ഇന്ന് വൻ കാവലിലാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയും പരിസരങ്ങളും.
പഴയ സെക്യൂരിറ്റി സംവിധാനം പൂർണമായി ഒഴിവാക്കി 45 വയസ്സിൽ താഴെയുള്ള കായികശേഷിയുള്ള 12 വിമുക്തഭടൻമാരെ സെക്യൂരിറ്റി ജീവനക്കാരായി നിയോഗിച്ചു. രണ്ട് പേർ സ്ഥിരമായി അത്യാഹിത വിഭാഗത്തിൽ ചുമതലയിലാണ്. കാവലായി രണ്ട് പൊലീസ് ഓഫിസർമാരും 24 മണിക്കൂറും ചുമതലയിലുണ്ട്.
ആശുപത്രിയും പരിസരങ്ങളും നിരീക്ഷണ ക്യാമറ വലയത്തിലാണ്. അക്രമ സ്വഭാവവും മദ്യലഹരിയുള്ളവരുമായ രോഗികളെ ചികിത്സിക്കുന്ന സമയത്ത് പൊലീസുകാരുടെ സാന്നിധ്യം ഉണ്ടാകും. രോഗികൾക്ക് പ്രത്യേക കാബിൻ സംവിധാനവും ഏർപ്പെടുത്തി. ഒരു വർഷമായി താലൂക്ക് ആശുപത്രിയിൽ കാര്യമായ അനിഷ്ട സംഭവങ്ങളില്ല. സെക്യൂരിറ്റി സംവിധാനം വെല്ലുവിളി നേരിട്ടത് ഒരിക്കൽ മാത്രം.
വിചാരണ വൈകാൻ കാരണം സർക്കാരെന്ന് വിലയിരുത്തൽ
കൊല്ലം∙ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വർഷം പിന്നിടുമ്പോഴും വിചാരണ നടപടികൾ തുടങ്ങാൻ കഴിയാത്തതിനു കാരണം സർക്കാരെന്ന് വിലയിരുത്തൽ. സിബിഐ അന്വേഷണം തേടി ഡോ. വന്ദനയുടെ മാതാപിതാക്കൾ സമർപ്പിച്ച ഹർജിയിൽ ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ട് സമർപ്പിക്കാൻ ഏറെ സമയമെടുത്തവെന്നാണ് ആക്ഷേപം.
ഓരോ തവണയും ഹർജി പരിഗണിക്കുമ്പോൾ സർക്കാർ കൂടുതൽ സാവകാശം തേടിയതിൽ അതൃപ്തി അറിയിച്ചാണ് കേസ് പരിഗണിക്കുന്നതിൽ നിന്നു ഹൈക്കോടതിയിലെ ജഡ്ജി ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ പിന്മാറിയത്. കേസ് അന്വേഷിച്ച ജില്ലാ ക്രൈംബ്രാഞ്ച് സംഘം സംഭവം നടന്ന് 83–ാം ദിവസം കുറ്റപത്രം സമർപ്പിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ കേസിന്റെ പ്രാഥമിക നടപടികൾ ആരംഭിക്കാനിരിക്കെയാണ് കൊല്ലം സെഷൻസ് കോടതിയിലെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തത്. സംസ്ഥാന പൊലീസ് മേധാവി ഡോ. വന്ദനയുടെ മാതാപിതാക്കളുമായി ചർച്ച നടത്തണമെന്നും റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടെങ്കിലും സമയബന്ധിതമായി ഇക്കാര്യങ്ങൾ നീങ്ങിയില്ല. ഇതിൽ അതൃപ്തി അറിയിച്ചായിരുന്നു ഹൈക്കോടതി ജഡ്ജിയുടെ പിന്മാറ്റം.
കഴിഞ്ഞ വർഷം ജൂലൈ ഒന്നിനാണ് മാതാപിതാക്കളുടെ ഹർജി ഹൈക്കോടതി ആദ്യമായി പരിഗണിച്ചത്. അതിലെ വിധി വന്നത് ഫെബ്രുവരി ആദ്യ വാരവും. സിബിഐ അന്വേഷണത്തെ സർക്കാർ എന്തുകൊണ്ടു ഭയക്കുന്നുവെന്ന് ഡോ. വന്ദനയുടെ മാതാപിതാക്കൾ ഇതിനിടെ ചോദിച്ചിരുന്നു. ഒടുവിൽ, പ്രതിഭാഗം നൽകിയ വിടുതൽ ഹർജിയിലെ വാദത്തിനായാണ് കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്ന നടപടികൾ വീണ്ടും വൈകുന്നത്.
ഡോ. വന്ദനയെ ഉപദ്രവിച്ചു മുറിവേൽപ്പിക്കുക മാത്രമാണ് പ്രതി ചെയ്തതെന്നും കൊലപാതക കുറ്റം ചെയ്തിട്ടില്ലെന്നുമാണ് വിടുതൽ ഹർജിയിൽ പറയുന്നത്. കൃത്യ സമയത്ത് ചികിത്സ ലഭ്യമാക്കിയിരുന്നെങ്കിൽ ഡോ. വന്ദനയുടെ ജീവൻ രക്ഷിക്കമായിരുന്നുവെന്നാണ് പ്രതിഭാഗം പറയുന്നത്.
സുരക്ഷ ഒരുക്കാത്ത പൊലീസിനെയും കൃത്യമായ പരിചരണം ലഭ്യമാക്കാത്ത ആരോഗ്യ പ്രവർത്തകരെയുമാണ് കുറ്റപ്പെടുത്തുന്നത്. വിടുതൽ ഹർജിയിലെ വാദവും കുറ്റപത്രത്തിന്മേലുള്ള വാദവും 22നാണ് കൊല്ലം അഡീഷനൽ സെഷൻസ് കോടതി നിശ്ചയിച്ചിരിക്കുന്നത്.
നോവിന്റെ സ്മാരകമായി ഡോ.വന്ദന ദാസ് ബ്ലോക്ക്
കൊട്ടാരക്കര∙ താലൂക്ക് ആശുപത്രിയിൽ നാടിന്റെ നോവിന്റെ സ്മാരകമായി ഡോ.വന്ദനദാസ് ബ്ലോക്ക്. ആശുപത്രിയിൽ ഈയിടെ നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിന് സംസ്ഥാന സർക്കാർ ഡോ.വന്ദനദാസ് മെമ്മോറിയൽ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് എന്ന നാമകരണം ചെയ്തു.
അത്യാഹിത വിഭാഗത്തിന് മുന്നിൽ മനസ്സ് പൊള്ളുന്ന ഓർമയുമായി ഡോ.വന്ദനയുടെ ചിത്രവും ഉണ്ട്. ഡോ.വന്ദനയുടെ വേർപാടിന്റെ ഒന്നാം വർഷമായ ഇന്ന് കൊട്ടാരക്കര നഗരസഭ അനുസ്മരണ യോഗം നടത്തും.
ഛായാചിത്രത്തിന് മുന്നിൽ മെഴുകുതിരി കത്തിക്കുകയും ടൗണിൽ മൗനജാഥയും അനുസ്മരണ സമ്മേളനവും നടത്തും. ആശുപത്രി ജീവനക്കാരും പൊതുജനങ്ങളും പങ്കെടുക്കും. സമ്മേളനം കൊട്ടാരക്കര നഗരസഭ അധ്യക്ഷൻ എസ്.ആർ.രമേശ് ഉദ്ഘാടനം ചെയ്യും.
നാൾവഴി
2023 മേയ് 10 രാവിലെ 4.40: ചികിത്സയ്ക്കായി എത്തിച്ച കുടവട്ടൂർ ചെറുകരക്കോണം സ്വദേശി സന്ദീപ്, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്തിരുന്ന ഡോ. വന്ദന ദാസിന് കുത്തിപ്പരുക്കേൽപിച്ചു. കൃത്യം നടന്ന സ്ഥലത്തു നിന്ന് പ്രതി സന്ദീപിനെ അറസ്റ്റ് ചെയ്തു.
മേയ് 10, രാവിലെ 8.25: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡോ. വന്ദനയുടെ മരണം സ്ഥിരീകരിച്ചു.
മേയ് 11: ഡോക്ടറുടെ കൊലപാതകത്തിൽ ഹൈക്കോടതി സ്വമേധയാ ഇടപെട്ടു; പൊലീസ് സംഘത്തിനു വിമർശനം.
മേയ് 12: കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനെ ഏൽപിച്ചു.
മേയ് 17: ഡോ. വന്ദനയുടെ മരണത്തെ തുടർന്ന് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരെ ആക്രമിക്കുന്നത് ഉൾപ്പെടെയുള്ള കേസുകളിൽ ശിക്ഷ കടുപ്പിച്ചുള്ള ഓർഡിനൻസിന് മന്ത്രിസഭാ അംഗീകാരം.
ജൂലൈ 1: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഡോ. വന്ദനയുടെ മാതാപിതാക്കളുടെ ഹർജി ഹൈക്കോടതിയിൽ.
ജൂലൈ 27: പ്രതി സന്ദീപിന്റെ ജാമ്യ ഹർജി കൊല്ലം സെഷൻസ് കോടതി തള്ളി.
ഓഗസ്റ്റ് 1: ജില്ലാ ക്രൈംബ്രാഞ്ച് സംഘം കുറ്റപത്രം കൊട്ടാരക്കര കോടതിയിൽ സമർപ്പിച്ചു.
ഓഗസ്റ്റ് 2: മരണാനന്തര ബഹുമതിയായി ഡോ.വന്ദന ദാസിന് എംബിബിഎസ് ബിരുദം നൽകാൻ കേരള ആരോഗ്യ സർവകലാശാല തീരുമാനം.
ഓഗസ്റ്റ് 5: അധ്യാപകനായിരുന്ന പ്രതി സന്ദീപിനെ സർവീസിൽ നിന്നു പുറത്താക്കി.
സെപ്റ്റംബർ 18: ആരോഗ്യ പ്രവർത്തകരെ ആക്രമിച്ചാൽ കടുത്ത ശിക്ഷ നൽകുന്ന ബില്ലിന് ഗവർണറുടെ അംഗീകാരം.
ഒക്ടോബർ 18: മാതാപിതാക്കളുടെ ഹർജിയുടെ പശ്ചാത്തലത്തിൽ കേസിൽ സെഷൻസ് കോടതിയിലെ തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു.
നവംബർ 21: കേസിൽ നിന്ന് ജസ്റ്റിസ് പി.വി. ഉണ്ണിക്കൃഷ്ണൻ പിന്മാറി.
2024 ഫെബ്രുവരി 6: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള മാതാപിതാക്കളുടെ ഹർജിയും പ്രതി സന്ദീപിന്റെ ജാമ്യ ഹർജിയും ഹൈക്കോടതി തള്ളി.
മേയ് 4: വിചാരണയ്ക്കു മുന്നോടിയായുള്ള നടപടികളിലേക്ക് സെഷൻസ് കോടതി കടന്നു.
മേയ് 8: കോടതിയിൽ പ്രതി സന്ദീപിനെ നേരിട്ട് ഹാജരാക്കി.
സുരക്ഷാ നിർദേശങ്ങൾ പൂർണമായി നടപ്പായില്ല: ഐഎംഎ
കോട്ടയം∙ ഡോ.വന്ദന ദാസ് കൊല്ലപ്പെട്ടതിനെ തുടർന്ന് ആശുപത്രി സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തിയെങ്കിലും നിർദേശങ്ങൾ പലതും ഇപ്പോഴും നടപ്പായിട്ടില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) സംസ്ഥാന സെക്രട്ടറി ഡോ. കെ.ശശിധരൻ പറഞ്ഞു. ഈ സംഭവത്തിനു ശേഷം ഡോക്ടർമാർക്കു നേരെയുള്ള ആക്രമണങ്ങൾ പലയിടത്തും നടക്കുന്നുണ്ടെങ്കിലും നേരിയ കുറവ് വന്നിട്ടുണ്ട്. പ്രതികൾക്കുള്ള ശിക്ഷാകാലാവധി, പിഴ എന്നിവ ഉയർത്തിയിരുന്നു. കേസിന്റെ കാലതാമസം ഒഴിവാക്കാൻ പ്രത്യേക കോടതി സ്ഥാപിക്കണമെന്നും നിർദേശമുണ്ടായിരുന്നു.
വന്ദനയുടെ മാതാപിതാക്കൾ പറയുന്നു: ദുരൂഹതകളുടെ ചുരുളഴിയണം
കടുത്തുരുത്തി ∙ ‘മകളുടെ ആത്മാവിനു ശാന്തി ലഭിക്കാൻ പ്രതിക്കു പരമാവധി ശിക്ഷ ലഭിക്കണം. മകളുടെ കൊലപാതകത്തിലെ ദുരൂഹതകളുടെ ചുരുളഴിയണം’ – കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി സേവനം ചെയ്യുന്നതിനിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ മാതാപിതാക്കളായ മുട്ടുചിറ നമ്പിച്ചിറക്കാലായിൽ മോഹൻദാസും വസന്തകുമാരിയും പറയുന്നു. ഇന്ന് വന്ദന ദാസ് കൊല്ലപ്പെട്ടിട്ട് ഒരു വർഷം പൂർത്തിയാകുന്നു. ഏകമകളുടെ കണ്ണീരോർമകളിൽ നിന്ന് ഇപ്പോഴും മോചിതരല്ല ഈ മാതാപിതാക്കൾ.
കഴിഞ്ഞ വർഷം മേയ് 10നു രാവിലെ ഏഴു മണിയോടെയാണു മോഹൻദാസിന്റെ ഫോണിലേക്ക് ആ നടുക്കുന്ന വാർത്ത എത്തിയത്. ഡോ. വന്ദനയ്ക്ക് ഒരു അപകടം പറ്റിയെന്നും പെട്ടെന്നു കൊല്ലത്തെ ആശുപത്രിയിലേക്ക് എത്താനുമായിരുന്നു സന്ദേശം. മോഹൻദാസും വസന്തകുമാരിയും ബന്ധുവും ഉടൻ കാറിൽ പുറപ്പെട്ടു. ആശുപത്രിയിൽ എത്തിയതോടെ മോർച്ചറി ഭാഗത്തേക്കാണു കൊണ്ടു പോയത്.
സ്ട്രെച്ചറിൽ ചലനമറ്റ നിലയിൽ തുണിയിൽ പൊതിഞ്ഞ മൃതദേഹമാണു കാണാനായത്. മുഖമാകെ വിങ്ങി വീർത്തിരുന്നു. ഇത് തങ്ങളുടെ മകൾ അല്ലെന്നാണ് അമ്മ വസന്തകുമാരി അലറി വിളിച്ചത്. പുലർച്ചെ പൊലീസ് അകമ്പടിയിൽ വൈദ്യ പരിശോധനയ്ക്ക് എത്തിച്ച സന്ദീപ് എന്ന അക്രമിയുടെ കുത്തേറ്റു ഡോ.വന്ദന ദാസ് മരിച്ചു എന്നായിരുന്നു അധികൃതരുടെ വിശദീകരണം.
മകളുടെ മരണത്തിൽ ഒരുപാട് ദുരൂഹതകളുണ്ട്.ഇതെല്ലാം പുറത്തു വരണം. ഇതിനായി സിബിഐ അന്വേഷണം വേണം എന്നാണു കുടുംബത്തിന്റെ നിലപാട്. ഹൈക്കോടതിയിൽ ഹർജി നൽകിയെങ്കിലും സർക്കാരിന്റെ എതിർപ്പുമൂലം തള്ളി. നിയമപ്പോരാട്ടം തുടരും. മകളുടെ കൊലപാതകത്തെ തുടർന്നു സർക്കാർ എല്ലാം പിന്തുണയും വാഗ്ദാനം ചെയ്തെങ്കിലും പിന്നീടു പിന്നോട്ടു പോയി. സിബിഐ അന്വേഷണം സർക്കാർ എന്തിനാണ് എതിർക്കുന്നത്.
എല്ലായിടത്തും വന്ദന
മകൾ വന്ദന ഉപയോഗിച്ചിരുന്ന എല്ലാ വസ്തുക്കളും വീട്ടിലെ പഠനമുറിയിൽ ഒരുക്കി വച്ചിരിക്കുകയാണ് ഇവർ. നോട്ടം എത്തുന്നിടത്തെല്ലാം വന്ദനയുടെ ചിത്രങ്ങളുണ്ട്. ഈ മുറിക്കു ചുറ്റുമാണ് മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ജീവിതം ഇപ്പോൾ. ദിവസവും വന്ദനയുടെ ചിത്രത്തിനു മുൻപിൽ ചോക്കലേറ്റും പൂക്കളും അർപ്പിച്ചു പ്രാർഥിക്കുന്നു. അവൾ ഇവിടെയുണ്ട് എന്ന വിശ്വാസമാണു തങ്ങൾക്ക് ജീവിക്കാനുള്ള പ്രേരണയെന്നു മോഹൻദാസും വസന്തകുമാരിയും പറയുന്നു.