കുറ്റകൃത്യങ്ങളുടെ നാടായി കേരളം മാറുന്നു: മുകുന്ദൻ
Mail This Article
കൊല്ലം ∙ ലോകത്തിന് മാതൃകയായിരുന്ന കേരളം ഇന്നു കുറ്റകൃത്യങ്ങൾക്കു പേര് കേട്ട നാടായി മാറിയെന്ന് എഴുത്തുകാരൻ എം.മുകുന്ദൻ. പ്രഫ. ആദിനാട് ഗോപി പുരസ്കാരം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹിയാണ് ഏറ്റവും കൂടുതൽ കുറ്റകൃത്യമുള്ളത് എന്നാണ് കരുതിയിരുന്നത്.
എന്നാൽ വിശ്വസിക്കാൻ സാധിക്കാത്ത തരത്തിലുള്ള കാര്യങ്ങളാണ് കേരളത്തിൽ നടക്കുന്നത്. മൂല്യാധിഷ്ഠിതമായ രീതിയിൽ നമുക്ക് കേരളത്തെ തിരച്ചെടുക്കാൻ കഴിയേണ്ടതുണ്ട്. അതിന് എഴുത്തുകാരും വായനക്കാരും ഒരുമിച്ചു പരിശ്രമിക്കണം.
നമ്മുടെ രാജ്യം ഒരു മതരാഷ്ട്രമാക്കി മാറ്റണോ അതോ മതനിരപേക്ഷ രാജ്യമായി നിലനിർത്തണോ എന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. മതരാഷ്ട്രമായിരുന്ന സൗദി അറേബ്യ അടക്കമുള്ളവ തിരിഞ്ഞു നടക്കുമ്പോൾ ഇന്ത്യ മതരാഷ്ട്രമാകാനുള്ള ശ്രമത്തിലാണ്. തിരഞ്ഞെടുപ്പുകളിൽ സന്യാസിമാരുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുകയാണ്. ക്രമേണ മതരാഷ്ട്രമാക്കി ഇന്ത്യയെ മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നെന്നും എം.മുകുന്ദൻ പറഞ്ഞു.
മന്ത്രി ജെ.ചിഞ്ചുറാണി ആദിനാട് ഗോപി പുരസ്കാരം എം.മുകുന്ദന് സമ്മാനിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു എൻഡോവ്മെന്റ് വിതരണം നിർവഹിച്ചു.
ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.സുകേശൻ, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം എസ്.നാസർ, ജില്ലാ ലൈബ്രറി കൗൺസിൽ എക്സി. അംഗം വള്ളിക്കാവ് മോഹൻദാസ്, കെ.ബി.ശെൽവമണി, പി.ഉഷാകുമാരി, കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ.ഷൺമുഖദാസ് എന്നിവർ പ്രസംഗിച്ചു.