വീട് നിർമാണത്തിനുള്ള 25,000 രൂപ കവർന്നു: പകരം 26,000 രൂപ നൽകി ബിജു, ഭവാനിക്ക് ആശ്വാസം
Mail This Article
കൊട്ടാരക്കര∙ലൈഫ് പദ്ധതിയിലെ വീട് നിർമാണത്തിനായി ബാങ്കിൽ നിന്നെടുത്ത 25000 രൂപ ബസിൽ വച്ച് നഷ്ടമായ താമരക്കുടി പണ്ടാരത്ത് വീട്ടിൽ ഭവാനിക്ക് (64) ആശ്വാസം. മോഷ്ടാക്കൾ കവർന്ന 25000 രൂപയ്ക്ക് പകരം 26000 രൂപയുടെ ചെക്ക് നൽകിയത് കൊട്ടാരക്കര മെട്രോ സ്കാൻസ് ബിസിനസ് മാനേജറും സന്നദ്ധ പ്രവർത്തകനുമായ ടി.ബി.ബിജു. ബാങ്കിൽ നിന്നു തിരികെ വരുമ്പോൾ ബസ് യാത്രയ്ക്കിടെ പണം സൂക്ഷിച്ചിരുന്ന സഞ്ചിയുടെ അടിവശം ബ്ലേഡ് കൊണ്ട് കീറിയാണ് മോഷ്ടാക്കൾ പണം കവർന്നത്.
വീടിന്റെ മേൽക്കൂര കോൺക്രീറ്റ് ചെയ്യാനായി കരാറുകാരന് നൽകാനായാണ് ബാങ്കിൽ നിന്നു പണം പിൻവലിച്ചത്. പണം നഷ്ടമായ വിഷമത്തിൽ, ഭവാനി രാത്രി മുഴുവൻ പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ ഒറ്റമുറി കുടിലിൽ ഇരുന്ന് കരയുകയായിരുന്നു. മോഷണ വാർത്ത മലയാള മനോരമ പത്രത്തിൽ വായിച്ചറിഞ്ഞ ബിജു ചെക്കുമായി വീട്ടിലേക്ക് എത്തുകയായിരുന്നു. കാൽനടയാത്ര പോലും അസാധ്യമായ ഉരുളൻ കല്ലുനിറഞ്ഞ ദുർഘടമായ ഒറ്റയടി പാതയാണ് ഭവാനിയുടെ വീട്ടിലേക്കുള്ളത്. വീട് പണി പൂർത്തിയാകാൻ സർക്കാർ സഹായത്തിന് പുറമേ നല്ല തുക വേണ്ടി വരും. മോഷണ സംഭവത്തിൽ പൊലീസ് ഇന്നലെ ഭവാനിയുടെ മൊഴി രേഖപ്പെടുത്തി. അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.