വനാതിർത്തിയിൽ കാട്ടാനകൾ; ആശങ്കയോടെ നാട്, ഭീതിയുടെ മുൾമുനയിൽ
Mail This Article
ആര്യങ്കാവ്∙ വനാതിർത്തിയിലെ കൃഷിയിടങ്ങളിൽ ഇറങ്ങിയിരുന്ന കാട്ടാനകൾ തിരുമംഗലം ദേശീയപാതയോരത്തെ വീടുകളുടെ സമീപത്തേക്കും എത്തിയതോടെ നാട്ടുകാർ ഭീതിയിൽ. മോട്ടർ വെഹിക്കിൾ ചെക്പോസ്റ്റിനു സമീപം വിജീഷിന്റെ വീട്ടു പരിസരത്തെ വാഴക്കൃഷി നശിപ്പിച്ച ശേഷം കാട്ടാന വനാതിർത്തിയിലേക്കു പിന്മാറി. ഒരാഴ്ചയായി വനാതിർത്തിയിൽ നിലയുറപ്പിച്ച കാട്ടാനകൾ ചെക്പോസ്റ്റിനു സമീപത്തെ താമസക്കാരായ പ്രദീപ്, ശ്രീകുമാർ, മാടസ്വാമി, കുസുമൻ എന്നിവരുടെ കൃഷിയിടങ്ങളിൽ നാശം വരുത്തിയിരുന്നു. രാത്രി കാടിറങ്ങുന്ന കാട്ടാനകളെ ഭയന്നു പുറത്തിറങ്ങാനാകാത്ത സ്ഥിതിയിലാണ് നാട്ടുകാർ. പരാതി നൽകിയിട്ടും വനംവകുപ്പ് നടപടിയെടുക്കാൻ വൈകുന്നതിൽ പ്രതിഷേധം.
പ്രദേശവാസികൾ ഇന്നു വനം റേഞ്ച് ഒാഫിസറെ നേരിൽ കണ്ടു പരാതി നൽകും. നടപടി വൈകിയാൽ റേഞ്ച് ഒാഫിസ് പടിക്കൽ ധർണ നടത്താനാണു നീക്കം. വനാതിർത്തിയിൽ തമ്പടിച്ച കാട്ടാനകൾ പുനലൂർ ചെങ്കോട്ട റെയിൽപ്പാതയും മറികടന്നാണു ജനവാസ മേഖലകളിലേക്ക് എത്തി കൃഷിനാശം വരുത്തുന്നത്. റെയിൽ ഗതാഗതത്തിനും കാട്ടാനകൾ ഭീഷണിയായിട്ടും നടപടി വൈകുന്നതിലെ കാരണം വ്യക്തമല്ല. ദേശീയപാതയും മറികടന്നു എതിർവശത്തെ കാട്ടിലേക്കു കാട്ടാനകൾ കയറാനുള്ള സാധ്യതയും വർധിച്ചതോടെ തിരക്കേറിയ ദേശീയപാതയിലെ ഗതാഗതത്തിനും പ്രതിസന്ധിയാകും. വനാതിർത്തിയിൽ വാരിക്കുഴികൾ എടുത്താലേ കാട്ടാനകളുടെ കടന്നുവരവ് തടയിടാനാകൂ. വലിയ സാമ്പത്തിക ബാധ്യതയുള്ളതിനാൽ വനംവകുപ്പ് ഇതിൽ നിന്ന് ഒഴിഞ്ഞു മാറുകയാണ്.
കാട്ടാനകളെ കാടുകയറ്റാൻ ഉദ്യോഗസ്ഥർക്ക് പരിശീലനം
പത്തനാപുരം∙ കാടിറങ്ങുന്ന ആനകളെ നിരീക്ഷിക്കാൻ ഉദ്യോഗസ്ഥർക്ക് പരിശീലനവുമായി വനം വകുപ്പ്. കാടിറങ്ങിയെത്തുന്ന കാട്ടാനകൾ നാട്ടിലുണ്ടാക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുക, കാട്ടിൽ ആനകളുടെ എണ്ണം വർധിക്കുന്നതാണോ പ്രശ്നത്തിന് പിന്നിലെന്ന് മനസ്സിലാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്. എം സ്ട്രിപ്സ് മൊബൈൽ പട്രോൾ ആപ്ലിക്കേഷൻ ഉപയോഗം, കാട്ടാന സെൻസസ് നടത്തേണ്ട രീതി എന്നിവയിലും പരിശീലനം നൽകി. അമ്പനാർ ഫോറസ്റ്റ് സ്റ്റേഷനിൽ റേഞ്ച് ഓഫിസർ ബാബുരാജ പ്രസാദ് ഉദ്ഘാടനം ചെയ്തു. അജികുമാർ, ജെ.ആൽബി, ആർ.രാഹുൽ, മുഹമ്മദ് സ്വാബിർ, വിപിൻ ചന്ദ്രൻ, അജയകുമാർ, വി.ഗിരി, കെ.കെ.സലിം എന്നിവർ പ്രസംഗിച്ചു.