ആകാംക്ഷയോടെ നേതാക്കൾ: ഒടുവിൽ മിന്നും ജയം
Mail This Article
കൊല്ലം∙ രാവിലെ മുതൽ ഡിസിസി ഒാഫിസിൽ നേതാക്കളുടെയും പ്രവർത്തകരുടെയും വലിയ സാന്നിധ്യമായിരുന്നു. രാവിലെ 8ന് മുൻപേ എഐസിസി നിർവാഹക സമിതി അംഗം ബിന്ദു കൃഷ്ണ, നേതാക്കളായ എ.ഷാനവാസ്ഖാൻ, എം.എം.നസീർ ,ജ്യോതികുമാർ ചാമക്കാല, ഡിസിസി വൈസ് പ്രസിഡന്റ് എസ്.വിപിനചന്ദ്രൻ എന്നിവർ ഡിസിസി ഒാഫിസിൽ എത്തിയിരുന്നു. ഡിസിസി പ്രസിഡന്റിന്റെ മുറിയിൽ നേതാക്കൾ ഒത്തുകൂടി. തൊട്ടടുത്ത ഹാളിൽ മറ്റു നേതാക്കളും.
മറ്റ് പല മണ്ഡലങ്ങളിലും യുഡിഎഫിന്റെ ഭൂരിപക്ഷം ഏറിയും കുറഞ്ഞും നിന്നത് അണികളിലും നേതാക്കളിലും ആശങ്കകൾ ഉണ്ടാക്കിയെങ്കിലും അവസാന വിജയം തങ്ങൾക്കൊപ്പമാകുമെന്ന ചർച്ചകൾക്കും ഡിസിസി ഒാഫിസ് വേദിയായി. അതിനിടെ എൻ.കെ.പ്രേമചന്ദ്രൻ വൻ ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനകൾ ആദ്യ മണിക്കൂറുകളിൽ തന്നെ വ്യക്തമായതോടെ അണികൾ ആഹ്ലാദ പ്രകടനത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. പ്രവർത്തകരും നേതാക്കന്മാരും ഡിസിസി ഒാഫീസിലേക്ക് എത്തി. 10ന് ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദും വന്നു.വോട്ടെണ്ണൽ ആരംഭിക്കുന്നതിന് മുൻപ് സിപിഎം ജില്ലാ കമ്മിറ്റി ഒാഫിസിൽ ജില്ലാ സെക്രട്ടറി എസ്.സുദേവൻ, എക്സ്.ഏണസ്റ്റ് എന്നിവർ മാത്രമാണ് ഉണ്ടായിരുന്നത്. ഒരു മണിക്കൂറിനു ശേഷം ജില്ലാ സെക്രട്ടേറിയറ്റംഗം എസ്.ജയമോഹൻ,സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.വരദരാജൻ, കെ.രാജഗോപാൽ എന്നിവരും എത്തി.
ബിജെപി ജില്ലാ കമ്മിറ്റി ഒാഫിസിൽ ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ, ജില്ലാ സെക്രട്ടറി എസ്.പ്രശാന്ത്, ദക്ഷിണ മേഖല പ്രസിഡന്റ് കെ.സോമൻ, ആർ.സുരേന്ദ്രനാഥ്, പ്രകാശ് പാപ്പാടി തുടങ്ങിയ നേതാക്കൾ ഉണ്ടായിരുന്നു. തൃശൂരിൽ പാർട്ടിയുടെ മുന്നേറ്റം എല്ലാവർക്കും ആഹ്ലാദമായി. തൃശൂരിൽ വോട്ടെണ്ണി തുടങ്ങി ഒരു മണിക്കൂർ കഴിഞ്ഞതോടെ സുരേഷ് ഗോപി വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് കടക്കുന്ന സൂചനകൾ ലഭിച്ചു. കേരളത്തിൽ താമര വിരിഞ്ഞു എന്നറിഞ്ഞതോടെ നേതാക്കളിലും പ്രവർത്തകരിലും ആഹ്ലാദം വിരിഞ്ഞു.