കുന്നിക്കോട് ബസ് കാത്തിരിപ്പു കേന്ദ്രം: കാത്തിരിപ്പു നീളുന്നു
Mail This Article
കുന്നിക്കോട്∙ കാത്തിരിപ്പു കേന്ദ്രമില്ല, ടൗണിലെത്തുന്ന യാത്രക്കാർ മഴയും വെയിലുമേറ്റ് ദുരിതത്തിൽ. പത്തനാപുരം, പുനലൂർ എന്നിവടങ്ങളിലേക്ക് പോകുന്ന യാത്രക്കാർ നിൽക്കുന്ന ഭാഗത്താണ് കാത്തിരിപ്പു കേന്ദ്രമില്ലാത്തത്. ഇവിടെ കാത്തിരിപ്പു കേന്ദ്രം നിർമിക്കുമെന്ന് പഞ്ചായത്തും മന്ത്രിയും ഉൾപ്പെടെ വാക്ക് നൽകിയിരുന്നു.നാല് വർഷം മുൻപ് പഞ്ചായത്ത് ഭരണ സമിതി ഇതിനായി പണവും വകയിരുത്തി. എന്നാൽ പിന്നീട് രാഷ്ട്രീയ സമ്മർദ്ദത്തിൽ കാത്തിരിപ്പ് കേന്ദ്രം പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
പുനലൂർ, പത്തനാപുരം, കൊട്ടാരക്കര ഡിപ്പോകളിൽ നിന്നും 15 മിനിട്ട് ഇടവിട്ട് ചെയിൻ സർവീസും, കൊല്ലം, തെങ്കാശി ഡിപ്പോകളിൽ നിന്നും ഫാസ്റ്റ് പാസഞ്ചർ ബസുകൾ അരമണിക്കൂർ വീതവും സർവീസ് നടത്തുന്ന പാതയാണിത്.മിനിട്ടുകളുടെ ഇടവേളകളിൽ കടന്നു പോകുന്ന ബസുകൾക്കായി നൂറുകണക്കിനാളുകളാണ് കാത്തു നിൽക്കുക. വിദ്യാർഥികളും, സ്ത്രീകളും ഉൾപ്പെടെ ദുരിതം അനുഭവിക്കുന്നു. കാത്തിരിപ്പു കേന്ദ്രം നിർമിക്കണമെന്നാവശ്യവുമായി പ്രതിഷേധത്തിനു തയാറെടുക്കുകയാണ് നാട്ടുകാർ.