കായൽ സൗന്ദര്യം നുകർന്ന് ഉപരാഷ്ട്രപതിയും കുടുംബവും
Mail This Article
കൊല്ലം ∙ അഷ്ടമുടിക്കായലിന്റെ സൗന്ദര്യം ആസ്വദിച്ച് ഉപരാഷ്ട്രപതി ഡോ. ജഗ്ദീപ് ധൻകറും സംഘവും. ഇന്നലെ വൈകിട്ട് അഞ്ചരയോടെ തേവള്ളിയിലെ ഹോട്ടലിലെത്തിയ ഉപരാഷ്ട്രപതിയും ഭാര്യ സുധേഷ് ധൻകറും ബന്ധുക്കൾക്കൊപ്പം പ്രത്യേകം സജ്ജമാക്കിയ വഞ്ചിവീടിൽ അഷ്ടമുടിക്കായലിൽ ഉല്ലാസയാത്രയ്ക്കിറങ്ങി. സുധേഷ് ധൻകർ ഉൾപ്പടെ കുടുംബാംഗങ്ങൾക്കൊപ്പം കെട്ടുവളളത്തിന്റെ മുൻവശത്ത് കസേരയിലിരുന്ന് ഉപരാഷ്ട്രപതി അഷ്ടമുടിയിലെ കാഴ്ചകൾ ആസ്വദിച്ചു. പശ്ചാത്തലത്തിൽ പുല്ലാങ്കുഴൽ കലാകാരൻ സംഗീതമൊരുക്കി. സാമ്പ്രാണിക്കോടിവരെ സഞ്ചരിച്ച ഉപരാഷ്ട്രപതിയും സംഘവും ഒരു മണിക്കൂറിലേറെ ചുറ്റിക്കറങ്ങി കായലിന്റെ സൗന്ദര്യം ആസ്വദിച്ചു. തുടർന്ന് ആറേമുക്കാലോടെ ഹോട്ടലിലേക്കു മടങ്ങി.
ഇന്നലെ തേവള്ളി ലീല റാവിസ് അഷ്ടമുടി ഹോട്ടലിൽ താമസിച്ച ഉപരാഷ്ട്രപതി ഇന്നു രാവിലെ 9 നു മടങ്ങും. തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോകുന്ന ഉപരാഷ്ട്രപതി 9.45ന് അവിടെ നിന്നു ഡൽഹിയിലേക്ക് തിരിക്കും. ആശ്രാമം ഹെലിപ്പാഡിൽ ഉച്ചയ്ക്ക് 3.20 ന് ഹെലികോപ്റ്റർ ഇറങ്ങിയ ഉപരാഷ്ട്രപതിയെ മേയർ പ്രസന്ന ഏണസ്റ്റ്, എം.മുകേഷ് എംഎൽഎ, കലക്ടർ എൻ.ദേവിദാസ്, സിറ്റി പൊലീസ് കമ്മിഷണർ വിവേക് കുമാർ, സബ് കലക്ടർ മുകുന്ദ് ഠാക്കൂർ എന്നിവർ ചേർന്നു സ്വീകരിച്ചു.
ആകെ 5 ഹെലികോപ്റ്ററുകളാണ് ഉപരാഷ്ട്രപതിക്കും ബന്ധുക്കൾക്കും ഒപ്പമുള്ള ഉദ്യോഗസ്ഥർക്കും മറ്റുമായി ഉണ്ടായിരുന്നത്. ഇതിൽ നാലെണ്ണം മൈതാനത്ത് ഇറങ്ങി. ആശ്രാമത്തു നിന്ന് ചിന്നക്കട വഴിയായിരുന്നു കനത്ത പൊലീസ് അകമ്പടിയിൽ ഉപരാഷ്ട്രപതിയുടെ ഹോട്ടലിലേക്കുള്ള യാത്ര. ഉപരാഷ്ട്രപതിയെ കാണാൻ ആശ്രാമം മൈതാനത്തിനു ചുറ്റും കടന്നുപോയ വഴികളിലും ധാരാളം പേർ തടിച്ചുകൂടി. മൈതാനത്തു ഹോട്ടലിലേക്കു യാത്ര പുറപ്പെടാൻ നേരം അദ്ദേഹം കൂടി നിന്നവരെ കൈ വീശി അഭിവാദ്യം ചെയ്തു.
സന്ദർശനം കണക്കിലെടുത്തു നഗരത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം മുതൽ ആശ്രാമം മൈതാനവും ഉപരാഷ്ട്രപതി കടന്നുപോകുന്ന വഴികളും സുരക്ഷാ വലയത്തിലായിരുന്നു. നഗരത്തിൽ പലയിടത്തും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി. കേന്ദ്ര ബഹിരാകാശ വകുപ്പിന്റെ വലിയമല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിലെ (ഐഐഎസ്ടി) ബിരുദ സമർപ്പണ ചടങ്ങിൽ പങ്കെടുക്കാനാണ് ഉപരാഷ്ട്രപതി തിരുവനന്തപുരത്തെത്തിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നു അവിടെ സ്വീകരിച്ചു.