കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ രാത്രിയിലെത്തിയ രോഗികൾക്ക് ദുരിതം
Mail This Article
കടയ്ക്കൽ ∙ താലൂക്ക് ആശുപത്രിയിൽ ഇന്നലെ സന്ധ്യ മുതൽ എത്തിയ പനി ബാധിതർ ഉൾപ്പെടെയുള്ള രോഗികൾ വലഞ്ഞു. അത്യാഹിത വിഭാഗം ഒപിയിൽ എത്തിയ രോഗികളെ എല്ലാം പരിശോധിക്കാൻ ഉണ്ടായിരുന്നത് ഒരു ഡോക്ടർ മാത്രം. വൈകിട്ട് 5ന് എത്തിയ രോഗികൾക്ക് രാത്രി 8നു പോലും ചികിത്സ ലഭിച്ചു മടങ്ങാൻ ആയില്ല. പനിയും മറ്റു രോഗങ്ങളും പടർന്നു പിടിക്കുമ്പോഴും താലൂക്ക് ആശുപത്രിയിൽ പനി ക്ലിനിക്ക് തുടങ്ങിയില്ല. ഇന്നലെ രാത്രി വൻ തിരക്കുണ്ടായിട്ടും കൂടുതൽ ഡോക്ടർമാരെ ഡ്യൂട്ടിക്ക് നിയോഗിക്കാൻ ആശുപത്രിയിലെ സൂപ്രണ്ടും ആശുപത്രിയുടെ നിയന്ത്രണ ചുമതലയുള്ള ബ്ലോക്ക് പഞ്ചായത്ത് അധികൃതരും ഇടപെട്ടില്ലെന്നും പരാതിയുണ്ട്.
22 ഡോക്ടർമാർ ലിസ്റ്റിൽ ഉണ്ടെന്നാണു പറയുന്നതെങ്കിലും ഇന്നലെ വൈകിട്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത് ഒരു ഡോക്ടർ മാത്രമാണ്. ഹൗസ് സർജൻമാരും ഇന്നലെ എത്തിയിരുന്നില്ല. ആശുപത്രി സൂപ്രണ്ടിനെയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെയും ഫോണിൽ വിളിച്ചിട്ടും എടുത്തില്ലെന്നും പരാതിയുണ്ട്. സഹകരണ മേഖലയിലുള്ള ആശുപത്രിയെ സഹായിക്കാൻ ആണ് ആശുപത്രി സൂപ്രണ്ടും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഈ രീതിയിൽ പ്രവർത്തിക്കുന്നതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.