ADVERTISEMENT

കൊല്ലം ∙ മണിയോർഡർ പെൻഷൻ മുടങ്ങിയതോടെ ബുദ്ധിമുട്ടിലായി ആയിരങ്ങൾ. സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന മണിയോർഡർ പെൻഷൻ സാങ്കേതികതകളിൽ തട്ടിയാണ് ഈ മാസം മുടങ്ങിയത്. ട്രഷറിയിൽ പോയി പെൻഷൻ സ്വീകരിക്കാൻ ശാരീരിക ബുദ്ധിമുട്ടുള്ളവരാണ് വീട്ടിലേക്ക് പെൻഷൻ തുക എത്തിക്കുന്ന മണിയോർഡർ വഴി പെൻഷൻ സ്വീകരിക്കുന്നത്.  ചരിത്രത്തിൽ ആദ്യമായി ഇതിന് മുടക്കം വന്നതോടെ മരുന്നിനും മറ്റും പണമില്ലാതെ ബുദ്ധിമുട്ടുകയാണ് ഇവർ. സാധാരണ എല്ലാ മാസവും രണ്ടിനോ മൂന്നിനോ ലഭിക്കുന്ന പെൻഷൻ ഇപ്പോൾ ഒരാഴ്ച പിന്നിട്ടിട്ടും ലഭിച്ചിട്ടില്ല. സാങ്കേതിക തടസ്സം ഉടൻ പരിഹരിക്കും എന്നതിനപ്പുറം തുക എന്നു ലഭിക്കുമെന്ന് അധികൃതർക്കും പറയാനാകുന്നില്ല. സംസ്ഥാനത്ത് ആകെ 22,000 പേർക്കുള്ള 40 കോടി രൂപയോളമാണ് വിതരണം ചെയ്യാനുള്ളത്. 

പ്രശ്നം പരിഹരിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെങ്കിലും എന്നു പെൻഷൻ തുക ലഭിക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ജില്ലാ ട്രഷറികളോട് തുക ചെക്കായി നൽകാൻ പോസ്റ്റൽ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് ഒന്നാകെയുള്ള പ്രശ്നമായതിനാൽ ധനവകുപ്പിന്റെ തീരുമാനം പ്രധാനമാണ്. ട്രഷറികളിൽ വിളിക്കുമ്പോൾ തങ്ങൾ ഇവിടെ നിന്നു പണം നൽകിയിട്ടുണ്ടെന്ന മറുപടിയാണ് ലഭിക്കുന്നത്. മിക്കവരും പ്രായമായവരും കിടപ്പിലാവരുമെല്ലാം ആയതിനാൽ വിഷയത്തിൽ പ്രതിഷേധമുയർത്താനും സാധിക്കുന്നില്ല. ഇതാദ്യമായാണ് പെൻഷൻ തുക ലഭിക്കാൻ ഇത്രയും വൈകുന്നതെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. 

‘സർക്കാർ ഇടപെടണം’
കൊല്ലം ∙  മണിയോർഡറായി വീട്ടിൽ എത്തിയിരുന്ന സർവീസ് പെൻഷൻ നിശ്ചിത തീയതി കഴിഞ്ഞ് 8 ദിവസമായിട്ടും ലഭ്യമാക്കാത്തതിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു. ആവശ്യമായ പണം അയച്ചെന്ന് പറഞ്ഞ് ട്രഷറി ഡയറക്ടർ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയുകയാണ്. പോസ്റ്റൽ അധികൃതരാകട്ടേ നിസംഗത തുടരുന്നു. ഈ സാഹചര്യത്തിൽ പെൻഷൻ ഉടൻ ലഭ്യമാക്കാൻ സർക്കാർ ഇടപെടണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എ എ റഷീദും ജില്ലാ സെക്രട്ടറി വാര്യത്ത് മോഹൻകുമാറും ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com