ADVERTISEMENT

കൊല്ലം∙ വേമ്പനാട്ട് കായൽപരപ്പിൽ തുടങ്ങിയ വായന അഷ്ടമുടിക്കായലിലേക്കു വ്യാപിപ്പിക്കാൻ ജലഗതാഗത വകുപ്പ്. സർവീസ് ബോട്ടുകളെ ‘പുസ്തകത്തോണി’ ആക്കിയാണ് വകുപ്പ് വായിക്കാൻ അവസരം ഒരുക്കുന്നത്. ഗ്രന്ഥശാലകളിൽ എത്തി പുസ്തകം എടുക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെയാണ് ജനങ്ങളുടെ ഇടയിൽ പുസ്തകം എത്തിച്ചു വായനയ്ക്ക് അവസരം ഒരുക്കുന്നത്. സർവീസ് ബോട്ടുകളിൽ അലമാരയിൽ പുസ്തകം സജ്ജമാക്കും. യാത്രക്കാർക്ക് ഇഷ്ടമുള്ള പുസ്തകം വായിക്കാം. ബോട്ടിൽ നിന്നിറങ്ങുമ്പോൾ പുസ്തകം തിരികെ അലമാരയിൽ വയ്ക്കണം. ടൂറിസവുമായി ബന്ധപ്പെട്ടത് ഉൾപ്പെടെ എല്ലാ സാഹിത്യശാഖയിലേയും പുസ്തകങ്ങൾ ഉണ്ടാകും.

ഇതര ജില്ലകളെ അപേക്ഷിച്ച് ദീർഘദൂര സർവീസുകളാണ് കൊല്ലത്തുള്ളത്. ഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ 4 സർവീസുകളാണു നടത്തുന്നത്. ഇവയിൽ ഒരെണ്ണം 5 മണിക്കൂർ സഞ്ചാര സമയമുള്ള ടൂറിസ്റ്റ്‌ ബോട്ട് ആണ്‌. ബാക്കി മൂന്നെണ്ണത്തിൽ കൊല്ലം– സാമ്പ്രാണിക്കോടി സർവീസ്‌, സാമ്പ്രാണിക്കോടി–കാവനാട്‌ ഷട്ടിൽ സർവീസ്‌, കൊല്ലം–പേഴംതുരുത്ത്‌ സർവീസ്‌ ബോട്ടുകളിലാണ് പുസ്തകങ്ങളൊരുക്കുക. മൂന്നു ബോട്ടുകളുടെയും ശരാശരി യാത്രാദൈർഘ്യം രണ്ടുമണിക്കൂറാണ്‌.

പുസ്തക ശേഖരണവും അലമാര തയാറാക്കലും സ്കൂൾ, കോളജ് വിദ്യാർഥികളുമായി സഹകരിച്ചു നടപ്പാക്കാനാണ് ഉദ്ദേശ്യം. സന്നദ്ധ സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവയുടെ സഹായവും തേടും. അടുത്തമാസം ആദ്യം പുസ്തക തോണി കൊല്ലത്ത് ആരംഭിക്കും.ആലപ്പുഴ ജില്ലയിലെ വേമ്പനാട് കായലിനു കുറുകെ ഏകദേശം 45 മിനിറ്റ് ദൈർഘ്യമുള്ള മുഹമ്മ–കുമരകം ബോട്ടിൽ ആണ് പുസ്തക തോണി ആരംഭിച്ചത്. ഇതിനു മികച്ച സ്വീകാര്യത ലഭിച്ചതോടെയാണ് മറ്റു ജില്ലകളിലേക്കു വ്യാപിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com