റെയിൽവേ ട്രാക്കിലേക്ക് കൂറ്റൻ പാറ വീണു; ദൂരെ നിന്നു കണ്ട് ട്രെയിൻ വേഗം നിർത്തി: വൻ അപകടം ഒഴിവായി
Mail This Article
പുനലൂർ ∙ റെയിൽവേ ട്രാക്കിലേക്ക് കൂറ്റൻ പാറ വീണ് കൊല്ലം –ചെങ്കോട്ട പാതയിൽ ഏറെ നേരം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. തെന്മല റെയിൽവേ സ്റ്റേഷനും 13 കണ്ണറപ്പാലത്തിനും മധ്യേയാണ് സംഭവം. ഗുരുവായൂർ –മധുര ട്രെയിൻ തെന്മല റെയിൽവേ സ്റ്റേഷൻ പിന്നിട്ട് കുറെ ദൂരം മുന്നോട്ട് എത്തിയപ്പോഴാണ് സംഭവം. ട്രാക്കിന്റെ തൊട്ടടുത്തു വരെ എത്തിയ പാറ ദൂരെ നിന്നു കണ്ട് ട്രെയിൻ വേഗം നിർത്തിയതിനാൽ വൻ അപകടം ഒഴിവായി.
യാത്രക്കാരും നാട്ടുകാരും ചേർന്ന് പാറ ഉരുട്ടി വശത്തേക്ക് മാറ്റിയ ശേഷം അര മണിക്കൂറിനുള്ളിൽ ഗതാഗതം പുനഃസ്ഥാപിച്ചു. തെന്മല റെയിൽവേ സ്റ്റേഷൻ നിന്ന് എൻജിനീയർ എത്തിയ ശേഷമായിരുന്നു ട്രെയിൻ പുറപ്പെട്ടത്. കൊല്ലം– ചെന്നൈ –എഗ്‌മൂർ എക്സ്പ്രസ് 25 മിനിറ്റ് മുൻപ് ഇതുവഴി കടന്നു പോയതാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഈ പാതയിൽ മൂന്ന് ഭാഗങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. ഉറുകുന്ന് അയിഷാ പാലത്തിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായപ്പോൾ രാത്രി ട്രെയിൻ തലനാരിഴയ്ക്കാണ് അപകടത്തിൽ പെടാതെ രക്ഷപ്പെട്ടത്.
സ്പെഷൽ ട്രെയിനുകൾ അടക്കം കൂടുതൽ ദീർഘദൂര ട്രെയിനുകളും വിസ്റ്റാഡോം കോച്ചുകൾ ഘടിപ്പിച്ച ട്രെയിനുകളും ഇതുവഴി ഓടാൻ ആലോചനകൾ നടക്കവേ ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കൂടുതൽ സുരക്ഷാ മുൻകരുതലുകൾ എടുക്കണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്. ചെന്നൈ –കൊച്ചുവേളി സ്പെഷൽ എക്സ്പ്രസ്, വേളാങ്കണ്ണി –എറണാകുളം എക്സ്പ്രസ്, പാലക്കാട് –തിരുനെൽവേലി പാലരുവി എക്സ്പ്രസ്, ചെന്നൈ– എഗ്‌മൂർ –കൊല്ലം എക്സ്പ്രസ്, മധുര –ഗുരുവായൂർ ട്രെയിൻ തുടങ്ങിയ ട്രെയിനുകളാണ് ഇതുവഴി കടന്നു പോകുന്നത്.
വലിയ കട്ടിങ്ങുകളും പാറകളും നീക്കം ചെയ്യണം
റെയിൽവേ ട്രാക്കിലേക്ക് പതിക്കുന്നതിന് സാധ്യതയുള്ള വലിയ കട്ടിങ്ങുകളും പാറകളും നീക്കം ചെയ്യണമെന്ന് ആവശ്യം. കഴുതുരുട്ടിക്കും ഇടമണ്ണിനും മധ്യേ റെയിൽവേ ട്രാക്കിലേക്ക് പതിക്കുന്നതിന് സാധ്യതയുള്ള വലിയ കട്ടിങ്ങുകളും പാറകളും നിലവിലുണ്ട്. 2018ൽ ബെംഗളൂരുവിൽ നിന്നെത്തിയ ചീഫ് സുരക്ഷാ കമ്മിഷണർ മനോഹരൻ നൽകിയ റിപ്പോർട്ടിലും അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിക്കുന്നതിനും കട്ടിങ്ങുകളിൽ നിന്നു പാറയോ അപകട സാധ്യതയുള്ള മറ്റെന്തെങ്കിലും വസ്തുക്കളോ റെയിൽവേ ട്രാക്കിലേക്ക് പതിക്കാതിരിക്കുന്നതിന് ലോഹവല സ്ഥാപിക്കുന്നതിനും നിർദേശിച്ചിരുന്നതാണ്.
എന്നാൽ കുറച്ചു ഭാഗത്ത് മാത്രമാണ് വല ഘടിപ്പിച്ചിരിക്കുന്നത്. പശ്ചിമഘട്ടം മുഴുവൻ വൈദ്യുതീകരണവും പൂർത്തിയാക്കി കമ്മിഷനിങ് നടപടികളും പൂർത്തിയായിരിക്കുകയാണ്. ഈ ഘട്ടത്തിൽ കട്ടിങ്ങുകളിൽ നിന്നുള്ള മണ്ണിടിച്ചിലുകളും പാറ ഉരുണ്ടു വരുന്നതും ഒഴിവാക്കാൻ റെയിൽവേ സുരക്ഷാ വിഭാഗം മുന്തിയ പരിഗണന നൽകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.