സർക്കാർ ഉദ്യോഗസ്ഥനായ കടത്തുകാരൻ മിക്കപ്പോഴും ‘ഫിറ്റ്’; നാട്ടുകാർക്ക് അക്കരെ എത്താൻ യോഗമില്ല
Mail This Article
കൊല്ലം ∙ ചുറ്റും വെള്ളം...മൂന്നു വള്ളം...മുന്നൂറോളം കുടുംബങ്ങൾ... 25 മിനിട്ടുകൊണ്ട് എത്തുന്ന അക്കരെ പോകാൻ കാത്തുനിൽക്കേണ്ടത് മണിക്കൂറുകൾ. ശക്തികുളങ്ങര സെന്റ് ജോർജ്, സെന്റ് ജോസഫ്, സെന്റ് തോമസ് ദ്വീപു നിവാസികളുടെ ദുരിത ജീവിതമാണ് ഇത്. പൊതുമരാമത്തു വകുപ്പിന്റെ അനാസ്ഥയിൽ യാത്രാ സൗകര്യമില്ലാതെ മുങ്ങിത്താഴുന്ന കുടുംബങ്ങൾ. സ്കൂളിൽ പോകാൻ നേരം പുലരും മുൻപേ തുരുത്തിൽ കാത്തുനിൽക്കേണ്ട അവസ്ഥയിലാണ് വിദ്യാർഥികൾ. മത്സ്യവിൽപനയ്ക്ക് പോകുന്നവരുടെയും അടിയന്തര ചികിത്സയ്ക്കു പോകുന്ന രോഗികൾക്കും സമാന സ്ഥിതിയാണ്. പൊതുമരാമത്തു വകുപ്പ് നടത്തുന്ന കാവനാട് കണിയാങ്കടവ് കടത്തിൽ ആകെയുള്ളത് 3 കടത്തുവള്ളങ്ങളും മൂന്നു കടത്തുകാരുമാണ്. ഒരു മാസം മുൻപുവരെ 5 വള്ളങ്ങളുണ്ടായിരുന്നു. ഒരു സ്ഥിരനിയമന കടത്തുകാരനും 4 ദിവസ വേതനക്കാരും.
സർക്കാരുദ്യോഗസ്ഥനായ കടത്തുകാരനെ പല ദിവസവും ജോലിചെയ്യാതിരുന്നതിനും യാത്രക്കാരോട് മദ്യപിച്ച് അപമര്യാദയായി പെരുമാറിയതിനു സസ്പെൻഡ് ചെയ്തു. എന്നാൽ പകരം ഒരാളെ വകുപ്പ് ഇതുവരെ നിയമിച്ചിട്ടില്ല. അക്കരെയെത്താൻ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട അവസ്ഥയിലാണ് പ്രദേശവാസികൾ. 640 രൂപ ദിവസ വേതനം പോലും 4 മാസമായി മുടങ്ങിയതോടെ 4 പേരിൽ ഒരാൾ വള്ളവുമായി ജോലി ഉപേക്ഷിച്ചുപോയി. യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനൊടുവിൽ മുടങ്ങിക്കിടന്ന ജൂൺ വരെയുള്ള വേതനം കഴിഞ്ഞ ദിവസം ലഭിച്ചെങ്കിലും പണിയുടെ ഭാരം ഇരട്ടിയായി വർധിച്ചെന്ന് കടത്തുകാർ പറഞ്ഞു.
പകൽ 3 പേരും രാത്രി രണ്ടുപേരും എന്നാണ് ജോലിയുടെ തസ്തിക. എന്നാൽ ഇപ്പോൾ പകൽ രണ്ടാളും രാത്രി ഒരാളും മാത്രമാണുള്ളത്. ഷിഫ്റ്റുകൾ മാറി ചെയ്യാൻ പോലും സാധിക്കാത്ത അവസ്ഥ. അതിരാവിലെ ട്യൂഷനുള്ള കുട്ടികളെ മുതൽ കൊണ്ടുപോകണം പാതിരാത്രിയിലും വിശ്രമമില്ല. പതിനഞ്ചുപേരെ വരെ കയറ്റാവുന്ന വള്ളങ്ങളിൽ പലപ്പോഴും സാഹചര്യം കൊണ്ട് ഇരട്ടിയാത്രക്കാരെ കയറ്റി കടവിലെത്തിക്കേണ്ട സ്ഥിതിയാണ്. പ്ലേ സ്കൂൾ വിദ്യാർഥികൾ മുതൽ രോഗികളെ വരെ തിക്കിനിറച്ചു കൊണ്ടുപോകുന്ന വള്ളങ്ങൾ അപകടത്തിലാകുമോ എന്ന ആശങ്കയിലാണ് മൂന്നു ദ്വീപുകളിലെയും ജനങ്ങൾ.
കൂടുതൽ വള്ളങ്ങളും കടത്തുകാരെയും അനുവദിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല. സർക്കാരിന്റെ സാമ്പത്തിക ബാധ്യതയെ തുടർന്നാണ് വള്ളങ്ങൾ വെട്ടിക്കുറയ്ക്കുന്നതെന്നും പുതിയ കടത്തുകാരെ നിയമിക്കാത്തതെന്നും ആരോപണവുമുണ്ട്. കോർപറേഷന്റെ കടത്തിൽ കരാറടിസ്ഥാനത്തിൽ ജോലിചെയ്യുന്നവർക്ക് സർക്കാർ നൽകുന്നതിലും ഇരട്ടി വേതനമാണ് ലഭിക്കുന്നത്. വള്ളങ്ങൾക്കായി മണിക്കൂറുകൾ കാത്തിരിക്കാൻ ഒരു കാത്തിരിപ്പുകേന്ദ്രം പോലുമില്ല എന്നതാണ് മറ്റൊരു ദുരവസ്ഥ.
കൃത്യസമയത്ത് ജോലിസ്ഥലത്തെത്താൻ കഴിയാതായതോടെ കഴിഞ്ഞയാഴ്ച ദ്വീപു നിവാസിയായ സ്വകാര്യ ആശുപത്രി ജീവനക്കാരന്റെ ശമ്പളം മുടങ്ങിയിരുന്നു. വിദ്യാർഥികളും ട്യൂഷനും സ്കൂളുകളിലും വൈകിയെത്തുന്ന അവസ്ഥയുമുണ്ട്. അടിയന്തര സാഹചര്യങ്ങളോ അസുഖങ്ങളോ വന്നാൽ സ്വകാര്യ വ്യക്തികളുടെ വള്ളങ്ങളെ ആശ്രയിക്കുകയാണ് ഏക മാർഗം. പ്രശ്ന പരിഹാരത്തിനായി തൊഴിലാളികളെയും ദ്വീപു നിവാസികളെയും ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി ചർച്ച നടത്തുമെന്ന് പൊതുമരാമത്ത് അസി.എൻജിനീയർ ഷംനാദ് അറിയിച്ചെങ്കിലും ചർച്ച നടന്നില്ല.