ADVERTISEMENT

തെന്മല ∙ ആനയുടെ പേര് സ്ഥലപ്പേരിനു മുൻപിൽ തലയെടുപ്പോടെ ഉണ്ടെങ്കിലും ഇടമൺ ആനപ്പെട്ടകോങ്കലിലെ നാട്ടുകാർക്ക് കാട്ടാനകളെക്കൊണ്ടു പൊറുതിമുട്ടിയിട്ടു ജീവിക്കാൻ വയ്യ എന്നായി. വർഷങ്ങളായി തുടരുന്ന ഭീതിജനകമായ ജീവിതത്തിന് ഇന്നും അറുതിയില്ല. ഇങ്ങനെ പോയാൽ പട്ടാപ്പകലും കാട്ടാനകൾ വിലസുന്ന നാടായി ആനപ്പെട്ടകോങ്കൽ മാറുമെന്നാണ് ആശങ്ക. കഴിഞ്ഞദിവസം രാത്രി 11 മണിയോടെ കാടുവിട്ടിറങ്ങിയ ഒറ്റയാൻ ഗുരുമന്ദിരം കവലയിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ ശേഷം തിരികെ കാടു കയറും വരെ നാട്ടുകാർ നെഞ്ചിടിപ്പോടെ ആണു രാത്രി കഴിച്ചു കൂട്ടിയത്. പുത്തൻപറമ്പിൽ വീട്ടിൽ രവീന്ദ്രൻ രാത്രി പതിനൊന്നരയോടെ വളർത്തുനായയുടെ നിലയ്ക്കാത്ത കുര കേട്ടാണ് ഉണർന്നത്. വാതിൽ തുറന്നപ്പോൾ ഗേറ്റിനു മുൻപിൽ കാട്ടാന.

ഗേറ്റിനു മുകളിലൂടെ മുറ്റത്തെ വാഴയിൽ പിടിമുറിക്കിയ നിലയിലായിരുന്നു. ഭീതിയിലായ രവീന്ദ്രനും വീട്ടുകാരും കാട്ടാനയെ ആട്ടിപ്പായിക്കാൻ ശ്രമിച്ചു. ഇതോടെ ആക്രമാസക്തനായ കാട്ടാന ഗേറ്റ് തല്ലിതകർത്തു വീട്ടിലേക്കു പാഞ്ഞടുത്തു. ഇതു കണ്ടതോടെ ഭീതിയോടെ രവീന്ദ്രനും ഭാര്യ ഗീതാമണിയും മരുമകൾ പാറുവും വീട്ടിൽ കയറി കതകടച്ചു. പോർച്ചിലെ സ്കൂട്ടർ തകർത്തു കലി തീർത്തു കാട്ടാന പിന്മാറി തിരികെ പോകുന്നതു വരെ മനഃസ്സമാധാനം കിട്ടിയില്ലെന്നു രവീന്ദ്രൻ പറയുന്നു. മകൻ ഗിരീഷിനു കുണ്ടറയിലാണു ജോലി. രവീന്ദ്രന്റെ വീടിനു സമീപത്തുള്ള അമ്പാട്ട് വീട്ടിൽ മാത്യു കുട്ടിയുടെ വീട്ടിലും പിന്നീടു കാട്ടാന എത്തി.

ശബ്ദം കേട്ട് പുറത്തിറങ്ങിയ മാത്യു കുട്ടി കാട്ടാനയെ കണ്ട് ഭയത്തോടെ വീട്ടിലേക്ക് ഒ‍ാടിക്കയറുമ്പോൾ വീണു കാലിനും കൈകൾക്കും പരുക്കേറ്റു. കാട്ടാന ഇറങ്ങിയ വിവരം വനപാലകരെ അറിയിച്ചെങ്കിലും വീടിനു പുറത്തിറങ്ങരുതെന്ന നിർദേശം നൽകി നടപടി തീർത്തു എന്നും പരാതിയുണ്ട്. ഒരു കിലോമീറ്ററിനപ്പുറം ആണു വനമേഖലയെങ്കിലും രാത്രിയാകുന്നതോടെ കാട്ടാനകൾ ആനപ്പെട്ടകോങ്കലിലേക്ക് ഇറങ്ങും എന്നതാണു നിലവിലെ സ്ഥിതി. ജനവാസമേഖലകളിലെ ഭക്ഷ്യവസ്തുക്കൾ ആണ് ഇവയുടെ ലക്ഷ്യം. 

മറ്റുള്ളവയെ ആട്ടിപ്പായിക്കാൻ ശ്രമിച്ചാൽ തിരികെ കാട് കയറുമെങ്കിലും ഒറ്റയാൻ ഇതിനു നിന്നുകൊടുക്കില്ല എന്നു വനപാലകർ പറയുന്നു. ഈ കാട്ടാന രാത്രി പതിവായി ഇറങ്ങാറുണ്ടെന്നും നാട്ടുകാർ പുറത്തിറങ്ങാതെ കരുതലോടെയിരിക്കുക മാത്രമാണു പോംവഴി എന്നുമാണു വനംവകുപ്പിന്റെ മുന്നറിയിപ്പ്.

കാട്ടുപന്നി ശല്യവും കൂടുന്നു
പത്തനാപുരം ∙ ഒരു വശത്തു കാറ്റും മഴയും, മറുവശത്തു വന്യമൃഗങ്ങൾ; ദുരിതത്തിലായ കർഷകരെ സഹായിക്കാൻ ആരുമില്ലെന്ന് ആക്ഷേപം. ഓണവിപണി ലക്ഷ്യമിട്ടു കൃഷി ചെയ്ത മരച്ചീനി, വാഴ, ചേന, കാച്ചിൽ, ചേമ്പ് എന്നിവയാണു നശിപ്പിക്കപ്പെട്ടത്. മഞ്ചള്ളൂർ മുകളിൽ കിഴക്കേതിൽ ഹബീബിന്റെ പുരയിടത്തിൽ കഴിഞ്ഞ രാത്രിയിറങ്ങിയ കാട്ടുപന്നി വലിയ നഷ്ടമാണു വരുത്തിയത്. സമീപപ്രദേശങ്ങളായ കുണ്ടയം, ആദംകോട്, പട്ടാഴി, പന്തപ്ലാവ്, മാലൂർ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ കാട്ടുപന്നി കൃഷി വിളകൾ നശിപ്പിച്ചിരുന്നു. 

അനീഷ് ആദംകോട്, അബ്ദുൽ കരീം, ഏർവാടി അബ്ദുൽ നജീബ്, ആദംകോട് ശങ്കരണനാരായണ പിള്ള, മനോജ് എന്നിവരുടെ വിളകളും നശിപ്പിക്കപ്പെട്ടു. ഇതോടൊപ്പമാണു കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായി പെയ്യുന്ന മഴയും കാറ്റും ഉണ്ടായത്. ലക്ഷങ്ങളുടെ നഷ്ടമാണു മൊത്തത്തിൽ കർഷകർക്കുണ്ടായത്. 

അണലിയുടെ‘വിസിറ്റ്’
ആര്യങ്കാവ് ∙ ദേശീയപാതയോരത്തെ എക്സൈസ് ചെക്പോസ്റ്റ് കണ്ടെയ്നറിന്റെ മുൻപിൽ ജീവനക്കാർ വാഹന പരിശോധന നടത്താനായി ഉപയോഗിക്കുന്ന താൽക്കാലിക ടെന്റിൽ അണലി. ഇന്നലെ രാവിലെ ആയിരുന്നു സംഭവം. വനം വകുപ്പ് അണലിയെ പിടികൂടി വനത്തിൽ വിട്ടയച്ചു. ചെക്പോസ്റ്റിന്റെ സമീപത്തായാണു വനമേഖല. സ്വന്തം കെട്ടിടം ഇല്ലാത്ത എക്സൈസ് ചെക്പോസ്റ്റിന്റെ ഒ‌ാഫിസ് പ്രവർത്തനം വർഷങ്ങളായി കണ്ടയ്നറിനുള്ളിലാണ്. പഴയ വിൽപന നികുതി ചെക്പോസ്റ്റിന്റെ സമീപത്തായിരുന്നു മുൻപ് എക്സൈസ് ചെക്പോസ്റ്റിന്റെ പ്രവർത്തനം. ദേശീയപാത വികസനം വന്നതോടെയാണ് ഒ‌ാഫിസ് കണ്ടെയ്നറിലാക്കിയത്. ജീവനക്കാർക്ക് ഇവിടെ മതിയായ സുരക്ഷയോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലെന്നു പരാതിയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com