ADVERTISEMENT

കൊല്ലം∙ ബിഎസ്എൻഎൽ മുൻ ഉദ്യോഗസ്ഥൻ കൈരളി നഗർ കുളർമയിൽ സി. പാപ്പച്ചനെ കൊലപ്പെടുത്തിയ കേസിലെ ഒന്നു മുതൽ നാലു പ്രതികളെ എട്ടു ദിവസത്തേക്കും അഞ്ചാം പ്രതിയെ 5 ദിവസത്തേക്കും പൊലീസ് കസ്റ്റഡിയിൽ വിട്ടു. കൊല്ലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് രണ്ടാം കോടതിയാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടത്. പാപ്പച്ചന്റെ മരണത്തിനു കാരണമായ അപകടത്തിൽ കാറോടിച്ചിരുന്ന, പോളയത്തോട്ടിൽ ചിക്കൻ സ്റ്റാൾ നടത്തുന്ന അനിമോൻ, ശാസ്ത്രി നഗറി‍ൽ താമസിക്കുന്ന മാഹിൻ, ധനകാര്യ സ്ഥാപന മുൻ ബ്രാഞ്ച് മാനേജർ പേരൂർക്കട സ്വദേശി സരിത, അവരുടെ സഹപ്രവർത്തകനായിരുന്ന കെ.പി.അനൂപ് എന്നിവരെയാണ് 8 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. അനിമോന് കാർ നൽകിയ ശാന്തി നഗറിൽ താമസിക്കുന്ന ഹാഷിഫിനെയാണ് അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. 

klm-pappachan-murder-case-

ഇന്ന് രണ്ടാം ശനിയും നാളെ ഞായറാഴ്ചയുമായതു കൊണ്ടാണ് ഇന്നലെത്തന്നെ അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നൽകിയത്. കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച സമർപ്പിച്ചാൽ അടുത്ത രണ്ടു ദിവസം പ്രതികൾ ജയിലിൽ കഴിയേണ്ടി വരും. രണ്ടു ദിവസം മറ്റു കുറ്റവാളികളുമായി ഇടപഴകാനുള്ള സാധ്യതയും അന്വേഷണ സംഘം വിലയിരുത്തിയാണ് കസ്റ്റഡിയിൽ വാങ്ങിയത്. 5 പേരുടെയും പത്തു ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് തേടിയത്. 

പ്രതികൾക്കു മൂന്നു പേർക്ക് കൃത്യമായ കുറ്റകൃത്യ പശ്ചാത്തലം നിലനിൽക്കുന്നതും ജയിലിൽ പരിചയക്കാരുണ്ടാകുമെന്നും അന്വേഷണ സംഘം വിലയിരുത്തി. എല്ലാവരെയും ഒന്നിച്ചിരുത്തി ഇനിയും ചോദ്യം ചെയ്തിട്ടില്ലെന്നും അന്വേഷണ സംഘവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. സാമ്പത്തിക തിരിമറി നടത്തിയ രീതി, ലഭിച്ച പണം, ആ പണം എന്തിനായി ചെലവഴിച്ചു എന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ പ്രതികളിൽ നിന്നു ലഭിക്കണം. കൂടാതെ, കുറ്റകൃത്യത്തിൽ ഓരോരുത്തരുടെയും പങ്കും കണ്ടെത്തണം. 

അറസ്റ്റിലായ സരിത, കെ.പി.അനൂപ്, അനിമോൻ, മാഹിൻ, ഹാഷിഫ്.
അറസ്റ്റിലായ സരിത, കെ.പി.അനൂപ്, അനിമോൻ, മാഹിൻ, ഹാഷിഫ്.

തെളിവെടുപ്പ് പൂർത്തിയാക്കും
തെളിവെടുപ്പു പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ധനകാര്യ സ്ഥാപനത്തിന്റെ ഓലയിൽ ബ്രാഞ്ച് ഓഫിസ്, ആശ്രാമം ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തിന് അടുത്തു കൂടി പോകുന്ന റോഡ്, സി. പാപ്പച്ചന്റെ കൈരളി നഗറിലെ വീട് തുടങ്ങിയ സ്ഥലങ്ങളിലേക്കു പ്രതികളെ അന്വേഷണ സംഘം കൊണ്ടുപോകും. 8ന് വൈകുന്നേരത്തോടെ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും വ്യാഴാഴ്ച ഉച്ചയ്ക്കാണ് അറസ്റ്റു രേഖപ്പെടുത്തിയത്. അന്നു വൈകിട്ടു തന്നെ കോടതിയിൽ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.

പാപ്പച്ചന്റെ നിക്ഷേപത്തുകയിൽ നടത്തിയ തിരിമറി അറിയാതിരിക്കാൻ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. മേയ് 23ന് ഉച്ചയ്ക്കാണ് പാപ്പച്ചനെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായ പരുക്കുകളോടെ ചികിത്സയിലിരിക്കെ തൊട്ടടുത്ത ദിവസം മരിച്ചു. സിറ്റി പൊലീസ് കമ്മിഷണർ വിവേക് കുമാറിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ അസി. കമ്മിഷണർ  എസ്. ഷരീഫ്, ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എൽ. അനിൽകുമാർ, എസ്ഐമാരായ ഷബ്നം, ദിപിൻ, നിസാമുദ്ദീൻ, അശോക് കുമാർ, സിപിഒമാരായ ഷഫീഖ്, അനു, ഷൈജു, അജയൻ, അനീഷ്, ഷൈൻ, അൻഷാദ് എന്നിവരുടെ സംഘമാണ് പ്രതികളെ വിവിധ സ്ഥലങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തത്.

എല്ലാം തെളിഞ്ഞു; കൊലപ്പെടുത്താൻ ക്വട്ടേഷൻ സംഘം തിരഞ്ഞെടുത്തത് നഗരത്തിലെ  ഏറ്റവും വിജനമായ വഴി
കൊല്ലം∙ ബിഎസ്എൻഎൽ മുൻ ഉദ്യോഗസ്ഥൻ കൈരളി നഗർ കുളിർമയിൽ സി. പാപ്പച്ചനെ (82) കൊലപ്പെടുത്താൻ ക്വട്ടേഷൻ സംഘം തിരഞ്ഞെടുത്തത് നഗരത്തിലെ ഏറ്റവും വിജനമായ സ്ഥലം. നഗര മധ്യത്തിലെങ്കിലും ആരും അധികം സഞ്ചരിക്കാത്ത വഴിയെന്ന് ഉറപ്പിച്ചായിരുന്നു ആസൂത്രണം. ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തിന്റെ അരികിലൂടെ പോകുന്ന റോഡാണ് കൊലപാതകത്തിനായി സംഘം തിരഞ്ഞെടുത്തത്. പകൽപോലും ആളൊഴിഞ്ഞ വഴി.

റോഡിന്റെ ഇരുവശങ്ങളിലും കാടുമൂടിക്കിടക്കുന്നു. ഒരു മതിലിന് അപ്പുറമാണ് വീടുകൾ. ആ മതിലിലും കാടു പടർന്നു കിടക്കുന്നു. ഒന്ന് ഉറക്കെ നിലവിളിച്ചാൽ പോലും ആരും എത്തില്ല. ആ മേഖലയിലെ ഒരു വീട്ടിലെ സിസിടിവിയിൽ നിന്നുള്ള ദൃശ്യത്തിൽ നിന്നാണ് അപകടത്തിന്റെ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഒന്നാം പ്രതി അനിമോനെ മേയ് 28ന് അറസ്റ്റ് ചെയ്തത്.

വിജനമായ വഴിയായതു കൊണ്ടു തന്നെ കാറിടിച്ചു പരുക്കേറ്റാൽ ആരും എത്തില്ലെന്നായിരുന്നു ക്വട്ടേഷൻ സംഘത്തിന്റെ നിഗമനം. എന്നാൽ, നിലവിളി കേട്ട് ആളുകളെത്തി. ആംബുലൻസിനായി വിവരം അറിയിക്കുകയും ചെയ്തിരുന്നു. സംഭവം സ്ഥലം നിരീക്ഷിക്കാൻ ഏൽപിച്ച ക്വട്ടേഷൻ സംഘത്തിന്റെ ഭാഗമായ മാഹിൻ അവിടെയുണ്ടായിരുന്നു.  ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തിനു മുന്നിലൂടെയുള്ള റോഡ് ഒരു വളവ് തിരിഞ്ഞ് എത്തുന്നത് സർക്കാർ ഗെസ്റ്റ് ഹൗസിനു മുന്നിലാണ് അവിടെ മുന്നോട്ടു പോയാൽ വീണ്ടും ആശ്രാമം മൈതാനത്ത് എത്തും.

അഡ്വഞ്ചർ പാർക്കിലേക്കും മറ്റും പോകുന്നവർ ആ വഴി എത്തുന്നതുകൊണ്ട് ആളനക്കവുമുണ്ട്. പാപ്പച്ചന്റെ വീടും കാറിടിപ്പിച്ച സ്ഥലവുമായി ഏകദേശം ഒന്നര കിലോമീറ്റർ ദൂരമുണ്ട്. ഈ സ്ഥലം അനിമോനും ഓട്ടോറിക്ഷ ഡ്രൈവറായ മാഹിനും നേരത്തെ പരിചയമുണ്ട്. ഈ വഴി പാപ്പച്ചനെ വിളിച്ചു കൊണ്ടുവരാൻ നിർദേശിച്ചതും ക്വട്ടേഷൻ സംഘം തന്നെയാണ്. വിജനമായ സ്ഥലമായതു കൊണ്ട് കാറുമായി രക്ഷപ്പെടാനും ഏറെ എളുപ്പവുമാണ്.

പ്രതി സരിത അഭിഭാഷക
കൊല്ലം ∙ ലക്ഷങ്ങളുടെ സമ്പാദ്യം തട്ടിയെടുക്കാൻ ബിഎസ്എൻഎൽ മുൻ ഉദ്യോഗസ്ഥനായ സി. പാപ്പച്ചനെ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചു കാറിടിപ്പിച്ചു കൊന്ന കേസിലെ പ്രതി സരിത (45) അഭിഭാഷകയുമാണ്. നേരത്തെ വർഷങ്ങളോളം കൊല്ലത്തെ വിവിധ കോടതികളിൽ പ്രാക്ടീസ് ചെയ്തിരുന്ന സരിത, സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി ലഭിച്ചതോടെയാണ് അഭിഭാഷക ജോലി വിട്ടത്. എൽഎൽബി ബിരുദം സമ്പാദിച്ച ശേഷം കൊല്ലത്തെ പ്രമുഖ അഭിഭാഷകന്റെ ജൂനിയർ ആയിട്ടായിരുന്നു പ്രവർത്തനം. 

തിരുവനന്തപുരം പേരൂർക്കട സ്വദേശിയായ സരിത കൊല്ലത്തെ ധനകാര്യ സ്ഥാപനത്തിൽ ജോലി കിട്ടിയതോടെ തേവള്ളിയിൽ വാടക വീട്ടിലായിരുന്നു താമസം. അതേസമയം, കേസിൽ 30 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘം ശ്രമം തുടങ്ങി. പ്രതികൾ ജാമ്യത്തിലിറങ്ങുന്നത് ഒഴിവാക്കാൻ കുറ്റപത്രം നിശ്ചിത സമയത്തിനുള്ളിൽ സമർപ്പിക്കണമെന്ന് അന്വേഷണ സംഘത്തിന് ഉന്നത ഉദ്യോഗസ്ഥരിൽ നിന്നു നിർദേശമുണ്ട്. 

ഇനി അറിയേണ്ടത്
കുറ്റകൃത്യത്തിൽ ഓരോരുത്തരുടെയും പങ്ക് ? ക്വട്ടേഷൻ സംഘത്തിലോ ഗൂഢാലോചനയിലോ മറ്റാർക്കെങ്കിലും പങ്കുണ്ടോ ? ധനകാര്യ സ്ഥാപനത്തിന്റെ മുൻ ബ്രാഞ്ച് മാനേജരും കേസിലെ മൂന്നാം പ്രതിയുമായ സരിത സാമ്പത്തിക തിരിമറിയിലൂടെ എത്ര രൂപ സമ്പാദിച്ചു, അത് ഏതെല്ലാം ആവശ്യങ്ങൾക്കായി വിനിയോഗിച്ചു, ബാക്കി തുകയെത്ര?

നാലാം പ്രതിയും സരിതയുടെ സഹപ്രവർത്തകനുമായിരുന്ന അനൂപിന് കേസിലുളള പങ്ക് എങ്ങനെ ? എത്ര പണം കൈപ്പറ്റി ? സരിത ഉൾപ്പെടെയുള്ളവർ മറ്റേതെങ്കിലും അക്കൗണ്ടുകളിൽ തിരിമറി നടത്തിയിട്ടുണ്ടോ ? മറ്റേതെങ്കിലും കേസുകളിൽ പങ്കുണ്ടോ ? സാമ്പത്തിക തിരിമറിയിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ മറ്റാർക്കെങ്കിലും പങ്കുണ്ടോ ?

ഒന്നാം പ്രതി അനിമോൻ, രണ്ടാം പ്രതി മാഹിൻ എന്നിവർക്ക് എത്ര പണം ലഭിച്ചു, ആ തുക എന്തിനായി ചെലവഴിച്ചു ? കാർ നൽകിയതിനു പുറമേ, അഞ്ചാം പ്രതി ഹാഷിഫിന് മറ്റേതെങ്കിലും തരത്തിൽ കേസിൽ പങ്കുണ്ടോ ? പ്രതികൾ സമാനമായ രീതിയിൽ മറ്റേതെങ്കിലും കുറ്റകൃത്യങ്ങൾ നേരത്തെ നടത്തിയിട്ടുണ്ടോ ?

English Summary:

Detailed Investigation Underway in Pappachan Murder Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com