ADVERTISEMENT

എഴുകോൺ ∙ കിണറ്റിൽ മുങ്ങിത്താഴുന്ന ഒരു ജീവൻ കണ്ടപ്പോൾ സ്വന്തം സുരക്ഷ പോലും നോക്കാതെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ യുവാവിന്റെ മനോധൈര്യം മറ്റൊരു യുവാവിനു സമ്മാനിച്ചത് പുതുജന്മം..! എഴുകോൺ ഇലഞ്ഞിക്കോട് മുകളുവിളയിൽ  ബി.അജയ് (20) ആണ് കുന്നത്തൂർ കിഴക്ക് കുളപ്പള്ളിൽ മഠത്തിൽ വിഷ്ണു(24) വിനെ കിണറ്റിൽ നിന്നു ജീവിതത്തിലേക്കു കോരിയെടുത്തത്. വ്യാഴം ഉച്ചയ്ക്കു രണ്ടരയോടെ ഇലഞ്ഞിക്കോട് കോളനിയിലായിരുന്നു സംഭവം. കേബിൾ ടിവി സ്ഥാപനത്തിലെ ജീവനക്കാരനായ വിഷ്ണു സഹപ്രവർത്തകരായ വിജിത്തിനും മനോയിക്കും ഒപ്പം ഇവിടെ ജോലിക്ക് എത്തിയതായിരുന്നു.

അടുത്ത സൈറ്റിലേക്കു പോകാൻ സ്കൂട്ടർ എടുത്തപ്പോഴാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട സ്കൂട്ടർ റോഡിൽ നിന്നു പത്തടിയോളം താഴ്ചയിലുള്ള കിണറ്റിലേക്കു കൂപ്പുകുത്തി. കിണറിന്റെ ചുറ്റുമതിലിൽ ഇടിച്ച സ്കൂട്ടർ ഒരു വശത്തേക്കും വിഷ്ണു കിണറിന്റെ ഉള്ളിലേക്കും വീണു. സഹപ്രവർത്തകരുടെ നിലവിളി കേട്ടാണ് അജയ് ഓടിയെത്തിയത്. വെള്ളത്തിൽ മുങ്ങിത്താഴുന്ന യുവാവിനെ കണ്ടതോടെ പിന്നൊന്നും നോക്കിയില്ല, അജയ് കിണറ്റിൽ ഇറങ്ങി. മഴയത്തു വഴുക്കലുള്ള തൊടികളിലൂടെ അതിസാഹസികമായാണു താഴെയെത്തിയത്. തൊടികൾ അവസാനിച്ചിടത്തു നിന്നു വെള്ളത്തിലേക്ക് എടുത്തു ചാടി. അതിനകം വിഷ്ണു വെള്ളത്തിൽ താണുപോയിരുന്നു.

ഷർട്ടിന്റെ കോളറിൽ പിടിച്ചാണു ജലനിരപ്പിനു മുകളിൽ എത്തിച്ചത്. അപ്പോഴേക്കും വാർഡംഗം ടി.ആർ.ബിജുവിന്റെ നേതൃത്വത്തിൽ എത്തിയ നാട്ടുകാർ വടം ഇറക്കികൊടുത്തു. അത് അരയിൽ കെട്ടിയുറപ്പിച്ചു വിഷ്ണുവിനെ സുരക്ഷിതമായി കരയ്ക്കെത്തിക്കുകയായിരുന്നു. ഉടൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീഴ്ചയിൽ തലയുടെ പിൻവശത്തു മുറിവേറ്റു.മുഖത്തും ശരീരത്തും ചതവുണ്ടായി. തോളെല്ലിനും പരുക്കു പറ്റി. വീട്ടിൽ വിശ്രമിക്കുന്ന വിഷ്ണുവിനെ കാണാൻ ഇന്നലെ അജയ് കുന്നത്തൂരിലെ വീട്ടിലെത്തി. 

‘എന്താണു സംഭവിക്കുന്നത് എന്നു മനസ്സിലാകും മുൻപേ ഞാൻ കിണറ്റിലേക്ക് എടുത്തെറിയപ്പെട്ട പോലെ വീഴുകയായിരുന്നു. എവിടൊക്കെയോ തട്ടിമുട്ടി വെള്ളത്തിലേക്കു വീണതു മാത്രം ഓർമയുണ്ട്. കണ്ണിൽ ഇരുട്ടു കയറുന്നതു പോലെ തോന്നി, ശരീരം തളരുന്നതു പോലെയും.. വെള്ളത്തിനു മുകളിലേക്കു ഉയരാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല, താഴ്ന്നു പോയി..പൊന്നനിയാ നീ വരാൻ വൈകിയിരുന്നെങ്കിൽ. ഓർക്കാനേ വയ്യ..’ അജയ്‌യെ ചേർത്തുപിടിച്ച് ഇതു പറയുമ്പോൾ വിഷ്ണു വിതുമ്പി.

പോളിടെക്നിക് ഡിപ്ലോമ കഴിഞ്ഞു തമിഴ്നാട്ടിൽ ജോലി ചെയ്യുകയാണ് അജയ്. അച്ഛൻ ബൈജുവും അമ്മ അമ്പിളിയും അനിയനും അടങ്ങുന്നതാണു കുടുംബം. വയോധികനായ അച്ഛൻ ഗോപിയും അമ്മ തങ്കമണിയും അടങ്ങുന്നതാണ് വിഷ്ണുവിന്റെ കുടുംബം. അച്ഛനും അമ്മയ്ക്കും ജോലിക്കു പോകാൻ കഴിയാത്തതിനാൽ വിഷ്ണുവാണ് ഈ നിർധന കുടുംബത്തിന്റെ ഏക ആശ്രയം.

English Summary:

young man who fell into a well by the roadside was rescued bravely

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com