കൊല്ലം ദേശീയ‘ജല’പാത; കനത്ത മഴ: റോഡിലെ തകർന്ന ഭാഗങ്ങളിൽ വെള്ളക്കെട്ട്
Mail This Article
ചാത്തന്നൂർ ∙ ഒറ്റദിവസത്തെ ശക്തമായ മഴയിൽ ദേശീയപാത വെള്ളത്തിലായി. ചാത്തന്നൂർ വൈദ്യുതി ഭവനു സമീപം, പെട്രോൾ പമ്പ്, കല്ലുവാതുക്കൽ ജംക്‌ഷൻ എന്നിവിടങ്ങളിലെ രൂക്ഷമായ വെള്ളക്കെട്ട് ഗതാഗതക്കുരുക്ക് സൃഷ്ടിച്ചു. കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന പാതയിലാണ് രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടത്. ചാത്തന്നൂർ വൈദ്യുതി ഭവനു സമീപം ഇരുചക്രവാഹനങ്ങളും മറ്റും കടന്നു പോകാൻ വളരെ ബുദ്ധിമുട്ടി. റോഡ് തകർന്നു വലിയ കുഴികളാണ്. റോഡ് വെള്ളത്തിലായതോടെ കുഴികൾ തിരിച്ചറിയാൻ കഴിയാതായി.
കല്ലുവാതുക്കൽ ജംക്‌ഷനിൽ നടയ്ക്കൽ റോഡ് ആരംഭിക്കുന്ന ഭാഗം ദേശീയപാത വെള്ളത്തിൽ മുങ്ങി. അടിപ്പാതയിൽ ഏറെ നാളായി കെട്ടിക്കിടക്കുന്ന മലിനജലം കൂടി ഇതിലേക്കു കലർന്നു. കാൽനടയാത്രക്കാർക്കു സഞ്ചരിക്കാൻ കഴിയില്ലായിരുന്നു. നിർമാണം നടക്കുന്ന ദേശീയപാതയിൽ മിക്ക സ്ഥലങ്ങളും തകർന്നു കിടക്കുകയാണ്. സർവീസ് റോഡും പ്രധാനപാതയും ചേരുന്ന ഭാഗങ്ങളാണ് ഏറെ തകർന്നു കിടക്കുന്നത്. കനത്ത മഴയിൽ പാതകൾ വെള്ളത്തിൽ മുങ്ങിയതോടെ വാഹന യാത്രക്കാർ വലഞ്ഞു.