കളിയാക്കിയവർക്ക് മുന്നിൽ പറഞ്ഞ വാക്കു പാലിച്ച് അസീസ് അണ്ണൻ; വയനാട്ടിലേക്കുള്ള 75 കട്ടിൽ റെഡി
Mail This Article
പത്തനാപുരം∙ കളിയാക്കിയവർക്ക് മുന്നിൽ പറഞ്ഞ വാക്കു പാലിച്ച് നാട്ടുകാരുടെ അസീസ് അണ്ണൻ. വയനാട് ദുരിതത്തിൽ ഇരയായവർക്ക് വേണ്ടി രാഹുൽ ഗാന്ധി നിർമിച്ചു നൽകുന്ന 100 വീടുകളിലേക്ക് 100 കട്ടിൽ നൽകുമെന്നായിരുന്നു കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അബ്ദുൽ അസീസ് പ്രഖ്യാപിച്ചത്. ഇത്രയും ദൂരം, ഇത്രയും കട്ടിൽ നിർമിച്ച് എങ്ങനെ കൊണ്ടുപോകുമെന്ന് സമൂഹമാധ്യമങ്ങളിലും മറ്റും പലരും ആക്ഷേപിച്ചു. ഇതോടെ വെല്ലുവിളിയായി ഏറ്റെടുത്ത ഇദ്ദേഹം നിലവിൽ 75 കട്ടിലിന്റെ പണി പൂർത്തിയാക്കി.
ബാക്കി കട്ടിൽ കൂടി പണിത്, ഓണാവധിക്ക് ശേഷം വയനാട്ടിലെത്തിക്കാനാണ് ശ്രമം. ഇതിനായി അടുത്ത ദിവസം തന്നെ വയനാട്ടിലെത്തി 100 വീടുകളുടെ ലിസ്റ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ വകുപ്പ് ജില്ലാ പ്രോഗ്രാം ഓഫിസറായി വിരമിച്ച അബ്ദുൽ അസീസ് പെൻഷൻ വരുമാനത്തിലാണ് ജീവിക്കുന്നത്. ആദ്യ ഘട്ടത്തിൽ ഒട്ടേറെ പേർ സഹായ വാഗ്ദാനവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ പിന്നീട് ഇവരിൽ പലരും പിൻവാങ്ങി.
ഒപ്പം ജോലി ചെയ്ത രണ്ട് പേരും സമീപത്തെ പെട്രോൾ പമ്പിലെ ജീവനക്കാരും, മുവാറ്റുപുഴയിലുള്ള യുാവാവുമാണ് നിലവിൽ ഈ ഉദ്യമത്തിന്റെ ഭാഗമായി സഹായിച്ചത്. എങ്കിലും പറഞ്ഞ വാക്ക് പാലിക്കുകയെന്ന ലക്ഷ്യം നടപ്പാക്കുന്നതിൽ നിന്നു വിട്ടു വീഴ്ചയില്ലെന്നു അദ്ദേഹം പറഞ്ഞു. മകളുടെ വിവാഹാവശ്യത്തിനായി സമീപത്തെ സർവീസ് സഹകരണ ബാങ്കിൽ നിന്നെടുത്ത വായ്പയുടെ തിരിച്ചടവിനായി കരുതിയ തുകയും ഇതിലേക്ക് നിക്ഷേപിച്ചാണു കട്ടിൽ നിർമിച്ചത്. മഹാഗണി, മാഞ്ച്യം, തുടങ്ങി വിവിധ തടികൾക്കൊണ്ടുള്ളതാണ് കട്ടിൽ.