കെഎസ്ആർടിസിയുടെ നടുവൊടിച്ച് സമാന്തര സർവീസുകൾ; നടപടിയില്ല
Mail This Article
കൊട്ടാരക്കര∙ എംസി റോഡിലെ ദേശസാൽകൃത റൂട്ടുകളിൽ കെഎസ്ആർടിസിയെയും നിയമങ്ങളെയും വെല്ലുവിളിച്ച് സമാന്തരബസുകൾ. പതിനഞ്ചോളം ബസുകളാണ് കെഎസ്ആർടിസിയുടെ വരുമാനം തകർത്ത് സർവീസ് നടത്തുന്നത്. പരാതി നൽകിയിട്ടും നടപടിയെടുക്കാത്ത മോട്ടർ വാഹന വകുപ്പിനെതിരെ കെഎസ്ആർടിസി ജീവനക്കാർ വിജിലൻസിൽ പരാതി നൽകിയെങ്കിലും ഫലം ഉണ്ടായില്ല. സർക്കാരിന്റെ അറിവോടെയും സമ്മതത്തോടെയുമാണ് സർവീസ് നടത്തുന്നതെന്നാണ് കെഎസ്ആർടിസി ജീവനക്കാർ പറയുന്നത്. പുലർച്ചെ നാലു മുതൽ സർവീസ് ആരംഭിക്കും.
കൊട്ടാരക്കരയ്ക്കു പുറമേ കുളത്തൂപ്പുഴ, പുനലൂർ മേഖലയിൽ നിന്ന് എറണാകുളത്തേക്ക് സർവീസ് നടത്തുന്നു. ബസ് സ്റ്റാൻഡ് പരിസരത്തെത്തി ആളെ വിളിച്ചു കയറ്റിയാണ് മിക്ക സർവീസുകളും നടത്തുന്നത്. കൊച്ചിയിലെ സ്വകാര്യ സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രിയിലേക്ക് ഒട്ടേറെ സർവീസുകളുണ്ട്. എറണാകുളത്തിന് പുറമേ കോട്ടയം, കുമളി ഭാഗത്തേക്കും പുലർച്ചെ ഒട്ടേറെ സർവീസുകളുണ്ട്. ബോർഡ് വയ്ക്കാതെ കൊട്ടാരക്കരയിൽ നിന്ന് മാത്രം പത്തോളം സർവീസുകൾ ദിവസവും ഓപ്പറേറ്റ് ചെയ്യുന്നുവെന്നാണ് കണക്ക്. കൊട്ടാരക്കര, അടൂർ, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം വഴിയാണ് മിക്കതും പോകുന്നത്.
ഇതേ സമയം സർവീസ് നടത്തുന്ന മിക്ക കെഎസ്ആർടിസി ബസുകളും കാലിയായാണ് ഓടുന്നത്. വരുമാനം കുറഞ്ഞതോടെ പല സർവീസുകളും മാനേജ്മെന്റ് നിർത്തി. ഇതോടെ സമാന്തര ബസുകൾക്ക് ചാകരയായി. യാത്രക്കാരെ ആകർഷിക്കാൻ ആഡംബര ബസുകളും കെഎസ്ആർടിസിയുടെ യാത്രാനിരക്കുമാണ് ഉള്ളത്. വൈകുന്നേരമായാൽ എംസി റോഡിൽ ബംഗളൂരുവിലേക്കാണ് ബസ് സർവീസ്. കൊട്ടാരക്കരയിൽ നിന്ന് മാത്രം എട്ട് പ്രതിദിന സർവീസുകളാണുള്ളത്. ഇതേ സമയം കെഎസ്ആർടിസിയുടെ ബസ് സർവീസില്ല. കൊട്ടാരക്കരയിൽ നിന്നു കോയമ്പത്തൂർ വഴി ഉണ്ടായിരുന്ന കെഎസ്ആർടിസി സർവീസുകളും നിർത്തി സമാന്തര ബസുകളെ മാനേജ്മെന്റ് സഹായിക്കുന്നു.
സർക്കാരിൽ സ്വാധീനമുള്ളവരുടെ ബെനാമി സർവീസുകൾ ഉൾപ്പെടെ നടക്കുന്നുവെന്നാണ് പരാതി. സർക്കാരിലും മാനേജ്മെന്റിലും വൻ സ്വാധീനമുള്ളവരായതിനാലാണ് മോട്ടർ വാഹന വകുപ്പ് നടപടി സ്വീകരിക്കാത്തതെന്നാണ് ജീവനക്കാർ പറയുന്നത്. സമാന്തര സർവീസുകളെ സഹായിക്കുന്ന നടപടിയ്ക്ക് എതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് യാത്രക്കാർ.
നേട്ടവുമായി പത്തനാപുരം ഡിപ്പോ
ഓണത്തിനു ശേഷവും പത്തനാപുരം ഡിപ്പോ തന്നെ സംസ്ഥാനത്ത് ഒന്നാമത്. 136.5 ശതമാനം അച്ചീവ്മെന്റും 51.61 ഇപികെഎമ്മും ആയി നേട്ടം കൊയ്ത ഡിപ്പോ, ചരിത്രത്തിലെ ഏറ്റവും ഉയർന്ന കലക്‌ഷനും കഴിഞ്ഞ ദിവസം നേടി. രാത്രി 12ന് മുൻപ് ഡിപ്പോയിലെത്തിയ വാഹനങ്ങളുടെ വരുമാനമായി 933101 രൂപയും, ആ ദിവസം സർവീസ് നടത്തിയ വാഹനങ്ങളുടെ ആകെ വരുമാനമായി 11 ലക്ഷത്തോളം രൂപയും നേടി. ദീർഘദൂര സർവീസുകളിൽ നിന്നു ലഭിക്കുന്ന വരുമാനമാണ് നേട്ടമായത്. കൊല്ലം സോണിൽ കുറഞ്ഞ ദൂരം ഓടി കൂടുതൽ വരുമാനം നേടുന്ന ഡിപ്പോയെന്ന ഖ്യാതി നേരത്തേയുണ്ട്.
ഓണക്കാലത്ത് സ്പെഷ്യൽ സർവീസായി ഓടിയിരുന്ന പത്തനാപുരം–മാനന്തവാടി സർവീസ് ഇന്നലെ മുതൽ സ്ഥിരം സർവീസാക്കി മാറ്റി. വൈകിട്ട് 5.10ന് തുടങ്ങി പുലർച്ചെ 5.10ന് മാനന്തവാടിയിലെത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിട്ടുള്ളത്. തിരികെ വൈകിട്ട് 6.10ന് എടുക്കുന്ന സർവീസ് പിറ്റേദിവസം രാവിലെ 6.10ന് പത്തനാപുരത്ത് എത്തിച്ചേരും. അതേ സമയം ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും കുറവും ബസുകളുടെ ക്ഷാമവും മൂലം ചെയിൻ സർവീസ് നടത്തി വന്ന ലാഭകരമായ പല റൂട്ടുകളിലും ബസ് ഓടാത്ത സ്ഥിതിയുമുണ്ട്. പത്തനാപുരം–ഏനാത്ത്, പത്തനാപുരം–പുന്നല സർവീസുകൾ ഇതിനുദാഹരണമാണ്.