വാനര വിളയാട്ടം: തെങ്ങിൽ നിന്നു തേങ്ങക്കുലയുമായി കാറിനു മുകളിലേക്കു ചാടി, ചില്ലു തകർന്നു
Mail This Article
അച്ചൻകോവിൽ∙ നാട്ടുകാരുടെ പ്രതിഷേധങ്ങളെയും വനപാലകരുടെ പ്രതിരോധ മാർഗങ്ങളെയും വെല്ലുവിളിച്ച് വാനര സംഘത്തിന്റെ വിളയാട്ടം. വീട്ടിനുള്ളിലും പുറത്തും വാനരസംഘത്തെ പേടിച്ചു ജീവിക്കുകയാണ് നാട്ടുകാർ. ആര്യങ്കാവ് ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ് രത്നവിലാസം വീട്ടിൽ സി. സുരേഷ് ബാബുവിന്റെ വീട്ടുമുറ്റത്ത് കിടന്ന കാറിന്റെ പിൻഭാഗത്തെ ചില്ല് വാനരസംഘം തകർത്തു.
കുഴിഭാഗത്തു വീട്ടിൽ ചെല്ലപ്പന്റെ വീട്ടിനുള്ളിൽ കയറി അടുക്കളയും തകർത്തു. കാട്ടുപന്നിയുടെ വരുത്തുന്ന നാശനഷ്ടങ്ങൾക്കും ശല്യത്തിനും പിന്നാലെയാണ് ഇപ്പോൾ വാനരശല്യം. വീട്ടുമുറ്റത്തെ തെങ്ങിൽ നിന്നും തേങ്ങക്കുലയുമായി കാറിനു മുകളിലേക്കു ചാടിയപ്പോഴായിരുന്നു ചില്ലു തകർന്നത്. വാനരന്മാരെ തുരത്താൻ വനംവകുപ്പ് മങ്കി ഗൺ പ്രയോഗവുമായി രംഗത്തിറങ്ങി.
ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ നാട്ടുകാർ വിവരം അറിയിക്കുന്നതോടെ അവിടെയെത്തി മങ്കി ഗൺ പ്രയോഗം നടത്തുകയാണു വനപാലകർ. മാടസ്വാമി കോവിൽ ഭാഗത്തെ നാട്ടുകാർ വാനരസംഘത്തിന്റെ വരവിൽ ആശങ്കയിലാണ്. വനത്തിലെ ഭക്ഷ്യക്ഷാമമാണു വാനരന്മാരുടെ വരവ് വർധിക്കുന്നതിനു കാരണമെന്നു പറയുന്നു. മണ്ഡലകാലം തുടങ്ങുന്നതോടെ കൂടുതൽ വാനരന്മാർ കാടുവിട്ടിറങ്ങി നാട്ടിൻപുറത്തു എത്തുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.