യൂണിഫോം ധരിക്കാത്ത കുട്ടികളെ വെയിലത്ത് നിർത്തിയെന്ന് ആക്ഷേപം
Mail This Article
കരുകോൺ ∙ യൂണിഫോം ധരിക്കാതെ സ്കൂളിൽ എത്തിയ എൽപി വിഭാഗം കുട്ടികളെ വെയിലത്തു നിർത്തിയെന്ന് ആക്ഷേപം. കരുകോൺ ഗവ.ഹയർ സെക്കൻഡറി സ്കൂളിലാണു സംഭവം. വിവരം അറിഞ്ഞു സ്കൂളിൽ എത്തിയ യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർ പ്രശ്നം ഉണ്ടാക്കിയതോടെ സ്കൂൾ അധികൃതർ കുട്ടികളെ വേഗം ക്ലാസ് മുറികളിൽ പ്രവേശിപ്പിച്ചു.
തെറ്റായി പ്രവർത്തിച്ച അധ്യാപകർക്ക് എതിരെ നടപടി ഉണ്ടാകുമെന്നു ഉറപ്പു ലഭിച്ചതിനെ തുടർന്നാണു യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിരിഞ്ഞത്. അലയമൺ പഞ്ചായത്തിലെ സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന സ്കൂളാണ്. സർക്കാർ നൽകുന്ന യൂണിഫോം ഈ വർഷം ഇതുവരെ ലഭിച്ചിട്ടില്ലെന്നു രക്ഷിതാക്കൾ പറയുന്നു.
എന്നാൽ കുട്ടികളെ വെയിലത്തു നിർത്തിയെന്ന ആക്ഷേപം സത്യ വിരുദ്ധമാണെന്നു സ്കൂൾ അധികൃതർ പറയുന്നു. സർക്കാർ ഗ്രാന്റ് ലഭിക്കാത്തതു മൂലമാണു യൂണിഫോം വിതരണം വൈകുന്നതെന്നും ചിലർ മനഃപൂർവം പ്രശ്നം ഉണ്ടാക്കി സ്കൂളിന്റെ സൽപേരു നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും വിശദീകരിച്ചു.