കടലും കായലും കൈകോർക്കുന്ന അപൂർവ ദൃശ്യഭംഗി, തെലുങ്കു ചലച്ചിത്ര ലോകം വരെ ശ്രദ്ധ; പക്ഷേ, ‘ഇരുട്ട്’ ആക്കി അധികൃതർ
Mail This Article
പരവൂർ ∙ കടലും കായലും കൈകോർക്കുന്ന അപൂർവ ദൃശ്യഭംഗി തെലുങ്കു ചലച്ചിത്ര ലോകം വരെ ശ്രദ്ധിച്ചിട്ടും കണ്ണടച്ച് ‘ഇരുട്ട്’ ആക്കി ടൂറിസം വകുപ്പും തദ്ദേശ സ്ഥാപനങ്ങളും. അവധി ദിവസങ്ങളിൽ ആയിരത്തോളം വിനോദസഞ്ചാരികളെത്തുന്ന തെക്കുംഭാഗം കാപ്പിൽ തീരത്തെ തെരുവു വിളക്കുകൾ പ്രകാശിപ്പിക്കാൻ നടപടി ഇല്ലാത്തതാണു പ്രതിഷേധത്തിനു കാരണമാകുന്നത്. പുതിയ തെലുങ്കു ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞയാഴ്ച ആണു പരവൂരിലെ കായൽത്തീരങ്ങളിൽ നടന്നത്. ഓണക്കാലത്തു പതിനായിരത്തിലേറെ വിദേശ, ആഭ്യന്തര സഞ്ചാരികളാണ് പരവൂർ കായലിലെ കണ്ടൽ കയാക്കിങ് കേന്ദ്രങ്ങളിലേക്കും കായലും കടലും സംഗമിക്കുന്ന കാപ്പിൽ പൊഴിമുഖത്തും പൊഴിക്കര താന്നി തീരങ്ങളിലും എത്തിയത്. ഇത്രയേറെ വിനോദസഞ്ചാരികൾ എത്തിയിട്ടും ടൂറിസം കേന്ദ്രങ്ങളിലെ വഴിവിളക്കുകൾ തെളിക്കാനോ റോഡുകൾ ടാർ ചെയ്യാനോ സംസ്ഥാന മരാമത്ത്, ടൂറിസം, തദ്ദേശ ഭരണ വകുപ്പുകൾ ശ്രമം നടത്തുന്നില്ല.
തെക്കുംഭാഗം കാപ്പിൽ തീരത്തെ തെരുവുവിളക്കുകൾ അണഞ്ഞു തീരം ഇരുട്ടിലായതോടെ ഓണം അവധിക്കാലത്തു നഗരസഭ താൽക്കാലിക വിളക്കുകൾ പ്രദേശത്തു സ്ഥാപിച്ചിരുന്നു. കാപ്പിൽ പാലം വരെയുള്ള റോഡിന്റെ വശങ്ങളിലെ തെരുവുവിളക്കുകൾ പ്രകാശിക്കാത്ത അവസ്ഥയാണ്. രാത്രിയാകുന്നതോടെ കാപ്പിൽ പാലം പൂർണമായും ഇരുട്ടിലാകും. പാലത്തിലേക്കുള്ള വളവു ശ്രദ്ധിക്കാതെ എത്തുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാധ്യതയുമുണ്ട്. ഇന്നലെ രാവിലെ 6നു കോഴിക്കോട് സ്വദേശി സഞ്ചരിച്ച വാഹനം കാപ്പിൽ പാലത്തിനു സമീപം 12 അടി താഴ്ചയിലേക്കു മറിഞ്ഞിരുന്നു. ഭാഗ്യം കൊണ്ടു മാത്രമാണു കാര്യമായ പരുക്കേൽക്കാതെ രക്ഷപ്പെട്ടത്.
ഒന്നര വർഷം മുൻപ് 9 ലക്ഷം രൂപ ചെലവിൽ നഗരസഭ 20 വിളക്കുകളാണു തെക്കുംഭാഗം ബീച്ചിൽ സ്ഥാപിച്ചത്. ഇവയുടെ ഉദ്ഘാടനം കഴിഞ്ഞു 2 മാസം മാത്രമാണു പക്ഷേ, പ്രകാശിച്ചത്. വർഷത്തിൽ പത്തിലേറെ തവണ തെരുവു വിളക്കുകൾ തകരാറിലാകുന്ന അവസ്ഥ വന്നതോടെ കരാറുകാരൻ തെരുവുവിളക്കുകളുടെ പരിപാലനം ഉപേക്ഷിച്ച അവസ്ഥയിലാണ്. പരവൂർ - തെക്കുംഭാഗം റോഡിന്റെ ശോചനീയ അവസ്ഥയാണു കാപ്പിൽ തീരം നേരിടുന്ന മറ്റൊരു പ്രശ്നം.
വർക്കല മുതൽ കാപ്പിൽ ലേക്ക് സാഗർ വരെയുള്ള തിരുവനന്തപുരം മരാമത്ത് ഡിവിഷന്റെ കീഴിലെ റോഡ് ആധുനിക രീതിയിൽ ടാർ ചെയ്തതു വകുപ്പു മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ, ഇതേ റോഡിന്റെ 6 കിലോമീറ്റർ നീളം വരുന്ന പരവൂർ - തെക്കുംഭാഗം റോഡ് വർഷങ്ങളായി തകർന്നു കിടക്കുകയാണ് എന്ന യാഥാർഥ്യം എങ്ങും പരാമർശിച്ചു കാണുന്നുമില്ല. റോഡിന്റെ നവീകരണത്തിന് 5 കോടി രൂപ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുമില്ല.