ADVERTISEMENT

കോട്ടയം∙ മണിപ്പുഴയിൽ ഉയരുന്ന ലുലു മാളിന്റെ വിശാലമായ അകത്തളത്തിൽ നിന്ന് നാലു പ്രധാന കാര്യങ്ങൾ ചെയർമാൻ എം.എ.യൂസഫലി ഉദ്യോഗസ്ഥരോടും ജീവനക്കാരോടും പറഞ്ഞു. നല്ല ഉൽപന്നങ്ങൾ, മിതമായ വില, നല്ല സേവനം, നല്ല പാർക്കിങ് എന്നീ നാലുകാര്യങ്ങളാണ് ഏതു പ്രസ്ഥാനത്തിന്റെയും വിജയരഹസ്യം’. പ്രസരിപ്പാർന്ന ചിരിയിൽ ആ വിജയമന്ത്രം അവരിലേക്കും എത്തി.

ലുലുമാളിന്റെ സൗകര്യങ്ങളും ക്രമീകരണങ്ങളും വിലയിരുത്താനും ആദ്യ പ്രാർഥനാ സംഗമത്തിൽ പങ്കെടുക്കാനും എത്തിയതായിരുന്നു അദ്ദേഹം. ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നതിന് ആദ്യമായി ഷെൽഫുകളിൽ എടുത്തുവയ്ക്കുന്ന കർമവും (ഫസ്റ്റ് ഡിസ്പ്ലേ) അദ്ദേഹം നിർവഹിച്ചു. ‘നിയമം വിട്ട് ഒരു കാര്യവും ചെയ്യരുത്, കമ്പനിയെ വഞ്ചിക്കരുത്, ഉപഭോക്താക്കളെ വഞ്ചിക്കരുത്. പ്രാർഥനയാണ് എല്ലാത്തിന്റെയും അടിസ്ഥാനം. വ്യത്യസ്ത മതത്തിലും ജാതിയിലും പെട്ടവർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. എല്ലാവരുടെയും സ്ഥാപനത്തിന്റെയും നന്മയ്ക്കായും ഉയർച്ചക്കായും പ്രാർഥിക്കണം. ലോകമെമ്പാടുമുള്ള ലുലു ഗ്രൂപ്പിൽ ആകെ 74000 പേർ ജോലി ചെയ്യുന്നുണ്ട്’ - അദ്ദേഹം പറഞ്ഞു.

lulu-mall-ktm
കോട്ടയത്ത് ആരംഭിക്കുന്ന ലുലു മാളിലെ സൗകര്യങ്ങൾ വിലയിരുത്താൻ എം.എ.യൂസഫലി എത്തിയപ്പോൾ.

തുടർന്ന് അദ്ദേഹം ഹൈപ്പർമാർക്കറ്റും മാളും മുഴുവൻ ചുറ്റി നടന്ന് സൗകര്യങ്ങൾ വിലയിരുത്തി. ഓരോ ഉദ്യോഗസ്ഥരെയും പേരെടുത്ത് വിളിച്ചും നർമം പങ്കിട്ടുമുള്ള യാത്ര. നിർമാണത്തിലെ ചെറിയ പിഴവുകൾ പോലും കൃത്യമായി കണ്ടെത്തി അവ പരിഹരിക്കണമെന്ന് നിർദേശം നൽകി. പൈപ്പുകൾ പോലും പ്രവർത്തിപ്പിച്ചു നോക്കി. ആളുകൾക്ക് കൈകൾ കഴുകാനും മറ്റും കൃത്യമായ സൗകര്യം ഉണ്ടോ എന്ന് ഉറപ്പുവരുത്തി. അവിടെ വരുത്തേണ്ട മാറ്റങ്ങൾ കൃത്യമായി ചൂണ്ടിക്കാട്ടി. ഫസ്റ്റ് ഡിസ്പേയ്ക്ക് ഓരോ ഉദ്യോഗസ്ഥരെക്കൊണ്ടും സാധനങ്ങൾ വയ്പ്പച്ചു. സാരി സെക്‌ഷൻ എത്തിയപ്പോൾ വനിതാ ജീവനക്കാർ മുന്നോട്ടു വന്ന് ചെയ്യാൻ അദ്ദേഹം നിർദേശിച്ചു.

പാർക്കിങ് സൗകര്യങ്ങളും വിലയിരുത്തി. ഏറ്റവും മുകളിലത്തെ നിലയിലെത്തി വാഹനങ്ങൾക്ക് അവിടേക്ക് വരാനുള്ള ക്രമീകരണങ്ങൾ നോക്കി മനസ്സിലാക്കി. തുടർന്ന് അവിടെ നിന്ന് താഴേക്ക് റാംപിലൂടെ തന്നെ നടന്ന് മൾട്ടിലെവൽ പാർക്കിങ്ങിന് ഉള്ളിലൂടെ നടന്ന് വീണ്ടും മാളിലേക്കു കയറി. രണ്ടര മണിക്കൂറോളം ചെലവഴിച്ചു. ലുലു ഗ്രൂപ്പിന്റെ സ്ഥാപനങ്ങൾ പ്രത്യേകിച്ച് മാളുകളും ഹൈപ്പർമാർക്കറ്റുകളും ഉദ്ഘാടനത്തിന് ഒന്നോ രണ്ടോ മാസം മുൻപ് യൂസഫലി നേരിട്ടെത്തി പരിശോധിച്ച് സംവിധാനങ്ങൾ കുറ്റമറ്റതാണെന്ന് ഉറപ്പാക്കും. തുടർന്നാവും ഉദ്ഘാടന ദിവസം നിശ്ചയിക്കുക. നവംബർ അവസാനത്തോടെ ലുലുമാൾ ആരംഭിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.

lulu-mall-kottayam
കോട്ടയത്ത് ആരംഭിക്കുന്ന ലുലു മാളിലെ സൗകര്യങ്ങൾ വിലയിരുത്താൻ എം.എ.യൂസഫലി എത്തിയപ്പോൾ.

സഹോദരനും ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ എം.എ.അഷറഫലിയും മറ്റു ഉയർന്ന ഉദ്യോഗസ്ഥരും ഇന്നലെ ഒപ്പമുണ്ടായിരുന്നു. 12.50 ഓടെ മാളിന് എതിർവശം ഗ്രൗണ്ടിൽ ഹെലിക്കോപ്റ്ററിൽ വന്നിറങ്ങിയ അദ്ദേഹം ബെന്റ്ലി കാർ ഡ്രൈവ് ചെയ്താണ് മാളിലേക്ക് എത്തിയത്. ലുലുവിന്റെ കേരളത്തിലെ ഏഴാമത്തെ ഹൈപ്പർമാർക്കറ്റാണ് കോട്ടയത്തേത്. തിരൂർ, പെരിന്തൽമണ്ണ, തൃശൂർ, കൊല്ലത്തെ കൊട്ടിയം എന്നിവിടങ്ങളിലും ഹൈപ്പർമാർക്കറ്റുകൾ തുടങ്ങും.

ലുലുവിന്റെ മിനിമാളും ഹൈപ്പർമാർക്കറ്റും കോട്ടയത്തു തുടങ്ങാനുള്ള കാരണങ്ങൾ അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു. കോട്ടയത്തുകാർ ആധുനികരാണെന്നും ലോകം കണ്ടവരാണെന്നും ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ച് ശീലിച്ചവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതീശീർഷ വരുമാനത്തിൽ ജില്ലകളിൽ നാലാം സ്ഥാനവും കോട്ടയത്തിനുണ്ട്. ദാരിദ്രം ഇവിടെ പൂജ്യം ശതമാനം. എറണാകുളം കഴിഞ്ഞാൽ സമ്പന്നരുള്ള രണ്ടാമത്തെ ജില്ല. പാരമ്പര്യ സ്വത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനം. ആഡംബര കാറുകളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനം. ആരോഗ്യ കാര്യത്തിൽ മൂന്നാം സ്ഥാനവും സഞ്ചാരികളുടെ വരവിൽ നാലാം സ്ഥാനവും കോട്ടയത്തിനുണ്ട്.

പ്രവാസികളുടെ എണ്ണത്തിലും അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് പോകുന്നവരുടെ മുൻനിരയിലും കോട്ടയമുണ്ട്. ലോകോത്തര ഉൽപന്നങ്ങളും സേവനങ്ങളും ഉപയോഗിച്ചു ശീലിച്ചവരുടെ നാട്ടിലേക്ക് ലുലു എത്തുകയാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ലേക്സ് (തടാകം), ലെറ്റേഴ്സ് (അക്ഷരങ്ങൾ), ലാറ്റക്സ് (റബർ) എന്നിവയ്ക്കൊപ്പം ലുലുവിന്റെ എൽ കൂടി കോട്ടയത്ത്.

കോട്ടയത്തെ ലുലു മാൾ എങ്ങനെ
∙ 2 നിലകൾ, ആകെ വലിപ്പം – 3.22 ലക്ഷം ചതുരശ്ര അടി
∙ ജീവനക്കാർ– 650
∙ താഴത്തെ നില– ലുലു ഹൈപ്പർ മാർക്കറ്റ്
∙ രണ്ടാമത്തെ നില– ലുലു ഫാഷൻ, ലുലു കണക്ട് എന്നിവയ്ക്കു പുറമേ രാജ്യാന്തര ബ്രാൻഡുകളുടെ 22 ഷോറൂമുകൾ, 500 പേർക്കിരിക്കാവുന്ന ഫൂഡ്കോർട്ട്, കുട്ടികളുടെ ഉല്ലാസത്തിനുള്ള ഫൺടൂർ
∙ പാർക്കിങ്– 1000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാവുന്ന മൾട്ടി ലെവൽ പാർക്കിങ്. മുകളിലത്തെ നിലയിൽ വരെ വാഹനങ്ങൾ ചെല്ലും. അവിടെ നിന്ന് ആളുകൾക്ക് ലിഫ്റ്റിൽ താഴെ മാളിലേക്ക് എത്താം.
∙ എസ്കലേറ്റർ, ലിഫ്റ്റ് സൗകര്യങ്ങൾ.
∙ മാളിൽ നിന്ന് എംസി റോഡിലേക്കിറങ്ങാൻ പ്രത്യേക റാംപ്

English Summary:

Anticipation builds for the grand opening of Lulu Mall in Kottayam as Chairman M.A. Yusuff Ali inspects final preparations. Emphasizing customer-centric values, the mall promises a diverse shopping experience with attractive prices and excellent service. Mark your calendars for a November launch!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com