17 വർഷങ്ങൾക്കു ശേഷം ചെപ്പോക്കിൽ ഒരു വിജയം, ചെന്നൈ സൂപ്പർ കിങ്സിനെ തകർത്ത് റോയൽസ് ചാലഞ്ചേഴ്സ് ബെംഗളൂരു

Mail This Article
ചെന്നൈ∙ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ചരിത്ര വിജയവുമായി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഐപിഎല്ലിൽ കുതിപ്പു തുടരുന്നു. ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ 50 റൺസ് വിജയമാണ് ആർസിബി നേടിയത്. ബെംഗളൂരു ഉയർത്തിയ 197 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന സൂപ്പർ കിങ്സിന് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. 17 വർഷങ്ങൾക്കു ശേഷമാണ് ചെന്നൈയുടെ ഹോം ഗ്രൗണ്ടിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഒരു കളി ജയിക്കുന്നത്. സീസണിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയും ബെംഗളൂരു തോൽപിച്ചിരുന്നു.
മറുപടി ബാറ്റിങ്ങിൽ ഓപ്പണർ രചിൻ രവീന്ദ്രയാണു ചെന്നൈയുടെ ടോപ് സ്കോറർ. 31 പന്തുകൾ നേരിട്ട താരം 41 റൺസെടുത്തു പുറത്തായി. 99 റൺസെടുക്കുന്നതിനിടെ രചിൻ രവീന്ദ്രയുടേതുൾപ്പടെ ഏഴു ബാറ്റർമാരുടെ വിക്കറ്റുകൾ വീഴ്ത്താൻ ബെംഗളൂരു ബോളർമാർക്കു സാധിച്ചു. രാഹുൽ ത്രിപാഠി (അഞ്ച്), ഋതുരാജ് ഗെയ്ക്‌വാദ് (പൂജ്യം), ദീപക് ഹൂഡ (നാല്), സാം കറൻ (എട്ട്) തുടങ്ങിയ മുൻനിര ബാറ്റർമാർ ചെന്നൈയെ നിരാശപ്പെടുത്തി. 19 പന്തുകൾ നേരിട്ട രവീന്ദ്ര ജഡേജ 25 റൺസെടുത്തു. വാലറ്റത്ത് തകർത്തടിച്ച എം.എസ്. ധോണി 16 പന്തിൽ 30 റൺസുമായി പുറത്താകാതെനിന്നു. ബെംഗളൂരുവിനായി ജോഷ് ഹെയ്സൽവുഡ് മൂന്നും യഷ് ദയാല്‍, ലിയാം ലിവിങ്സ്റ്റൻ എന്നിവർ രണ്ടു വിക്കറ്റുകള്‍ വീതവും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ആർസിബി 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു. അർധ സെഞ്ചറി നേടി പുറത്തായ ക്യാപ്റ്റൻ രജത് പാട്ടീദാറാണ് ബെംഗളൂരുവിന്റെ ടോപ് സ്കോറർ. 32 പന്തുകൾ നേരിട്ട താരം 51 റൺസെടുത്തു. ഫില്‍ സോൾട്ട് (16 പന്തിൽ 32), വിരാട് കോലി (39 പന്തിൽ 31) ദേവ്ദത്ത് പടിക്കൽ (14 പന്തില് 27) എന്നിവരാണ് ആർസിബിയുടെ മറ്റു പ്രധാന സ്കോറർമാർ.
ഓപ്പണർമാരായ ഫിൽ സോൾട്ടും കോലിയും ചേർന്ന് 45 റൺസിന്റെ കൂട്ടുകെട്ടാണ് ആര്‍സിബിക്കായി പടുത്തുയർത്തിയത്. പക്ഷേ മിന്നൽ സ്റ്റംപിങ്ങിലൂടെ വെറ്ററൻ താരം എം.എസ്. ധോണി ഫിൽ സോൾട്ടിനെ പുറത്താക്കി. ചെന്നൈ താരങ്ങൾ വിക്കറ്റിനായി അപ്പീൽ ചെയ്തെങ്കിലും അംപയർ തീരുമാനം തേർഡ് അംപയർക്കു വിടുകയായിരുന്നു. ഔട്ടല്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു ഫിൽ സോള്‍ട്ടെങ്കിലും നേരിയ വ്യത്യാസത്തിൽ ബെംഗളൂരു ബാറ്ററുടെ കാൽ ക്രീസിൽനിന്ന് ഉയർന്നപ്പോഴാണ് സ്റ്റംപിങ്ങെത്തിയതെന്നു വ്യക്തമായി. ഇതോടെ ആർസിബിക്ക് ആദ്യ വിക്കറ്റു നഷ്ടം. ചെന്നൈ ജഴ്സിയില്‍ അഫ്ഗാൻ സ്പിന്നർ നൂർ അഹമ്മദിന്റെ ആദ്യ വിക്കറ്റാണിത്. ദേവ്ദത്ത് പടിക്കലിനെ ആർ. അശ്വിൻ ഋതുരാജ് ഗെയ്ക്‌വാദിന്റെ കൈകളിലെത്തിച്ചു.
സ്കോർ 117 ൽ നിൽക്കെ വിരാട് കോലിയുടെ വിക്കറ്റും വീണു. നൂർ അഹമ്മദിന്റെ പന്തിൽ രചിൻ രവീന്ദ്ര ക്യാച്ചെടുത്ത് കോലിയെ മടക്കി. രജത് പാട്ടീദാർ തകര്‍ത്തടിച്ചപ്പോഴും ലിയാം ലിവിങ്സ്റ്റൻ (10), ജിതേഷ് ശർമ (12) എന്നിവർ അതിവേഗം പുറത്തായത് ആർസിബിക്കു നിരാശയായി. അവസാന ഓവറുകളില്‍ ടിം ഡേവിഡ് നിന്നടിച്ചതോടെ ബെംഗളൂരു 190 പിന്നിട്ടു. ഏഴു പന്തുകളിൽനിന്ന് 22 റൺസാണ് ടിം ഡേവിഡ് അടിച്ചെടുത്തത്. സാം കറന്റെ 19–ാം ഓവറിൽ തുടർച്ചയായി മൂന്നു സിക്സറുകൾ താരം ബൗണ്ടറി കടത്തി. ചെന്നൈ സൂപ്പർ കിങ്സിനായി നൂർ അഹമ്മദ് മൂന്നു വിക്കറ്റുകൾ വീഴ്ത്തി. മതീഷ പതിരാന രണ്ടും ഖലീൽ അഹമ്മദ്, ആർ. അശ്വിൻ എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.