നിർണായക ഘട്ടത്തിൽ വിക്കറ്റു പോയി, പുറത്തായ രോഷത്തിൽ ഹെൽമറ്റ് വലിച്ചെറിഞ്ഞ് ഹൈദരാബാദ് താരം– വിഡിയോ

Mail This Article
ഹൈദരാബാദ്∙ ഐപിഎലിൽ വമ്പൻ വിജയലക്ഷ്യങ്ങൾ പടുത്തുയർത്തുന്നതു ശീലമാക്കിയ സൺറൈസേഴ്സ് ഹൈദരാബാദിനെ ഞെട്ടിച്ചുകൊണ്ടാണ് ലക്നൗ സൂപ്പർ ജയന്റ്സ് അഞ്ച് വിക്കറ്റ് വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദിനെ 190 റൺസിലേക്ക് ഒതുക്കിയ ലക്നൗ, 16.1 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ വിജയ റൺസ് കുറിക്കുകയും ചെയ്തു. 23 പന്തുകൾ ബാക്കിനിൽക്കെയാണ് ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടിൽ ലക്നൗ വിജയത്തിലെത്തിയത്.
ഹൈദരാബാദ് ബാറ്റിങ് നിരയില്‍ അഭിഷേക് ശർമ, ഇഷാൻ കിഷൻ എന്നിവരെ മൂന്നാം ഓവറിലെ ആദ്യ രണ്ടു പന്തുകളിൽ ഷാർദൂൽ ഠാക്കൂർ പുറത്താക്കിയതു കളിയിൽ നിർണായകമായി. പിന്നാലെയെത്തിയ നിതീഷ് കുമാർ റെഡ്ഡിയെ കൂട്ടുപിടിച്ച് ട്രാവിസ് ഹെഡ് ഹൈദരാബാദിനെ ഭേദപ്പെട്ട നിലയിലെത്തിച്ചു. 28 പന്തിൽ 47 റൺസെടുത്ത ട്രാവിസ് ഹെഡാണ് ഹൈദരാബാദിന്റെ ടോപ് സ്കോറർ. 28 പന്തുകൾ നേരിട്ട നിതീഷ് കുമാർ റെഡ്ഡി 32 റൺസെടുത്തും പുറത്തായി.
15–ാം ഓവറിൽ സ്പിന്നർ രവി ബിഷ്ണോയി എറിഞ്ഞ ആദ്യ പന്തിൽ നിതീഷ് കുമാർ റെഡ്ഡി ബോൾഡാകുകയായിരുന്നു. നിർണായക ഘട്ടത്തിൽ പുറത്തായതിന്റെ നിരാശ ഗ്രൗണ്ടിൽനിന്നു മടങ്ങുമ്പോൾ നിതീഷ് കുമാർ റെഡ്ഡി പ്രകടിപ്പിക്കുകയും ചെയ്തു. ഗ്രൗണ്ട് വിട്ട ഇന്ത്യൻ താരം ഡ്രസിങ് റൂമിലേക്കു പോകുന്നതിനിടെ ഹെൽമറ്റ് ഊരിയെടുത്തു വലിച്ചെറിയുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.