മൈലേജ് 30 കി.മീ! ഓള്‍ട്ടോയുടെ ഭാരം 100 കിലോ കുറയ്ക്കാൻ സുസുക്കി

Mail This Article
ജനകീയ കാര്‍ എന്ന നിലയില്‍ ഓള്‍ട്ടോക്ക് വലിയ സ്വീകാര്യത ഇന്ത്യയില്‍ ലഭിച്ചിട്ടുണ്ടെങ്കിലും ജന്മനാ ജാപ്പനീസാണ് സുസുക്കി ആള്‍ട്ടോ. ജപ്പാനിലെ പ്രസിദ്ധമായ കെയ് കാറുകളിലെ(ചെറു കാര്‍) ഏറ്റവും വിജയിച്ച മോഡലുകളിലൊന്ന്. ആള്‍ട്ടോ 1979ല്‍ ജപ്പാനിലാണ് ആദ്യം പുറത്തിറങ്ങുന്നത്. ഇന്ന് ഒമ്പതാം തലമുറ ആള്‍ട്ടോയാണ് നിരത്തുകളിലുള്ളത്. പത്താം തലമുറ ഓള്‍ട്ടോ 2026ല്‍ പുറത്തിറക്കുമ്പോള്‍ പുതിയൊരു വെല്ലുവിളി കൂടി ഏറ്റെടുത്തിരിക്കുകയാണ് സുസുക്കി. ഓള്‍ട്ടോയുടെ ഭാരം 100 കിലോഗ്രാം കുറക്കുകയെന്നതാണ് വെല്ലുവിളി.
വലിപ്പത്തിലും വിലയിലുമുള്ള കുറവുകൊണ്ട് നിരവധി സാധാരണക്കാരുടെ പ്രിയ വാഹനമായി മാറിയിട്ടുണ്ട് സുസുക്കി ഓള്‍ട്ടോ. നികുതി, ഇന്‍ഷൂറന്‍സ്, ഇന്ധന ചിലവുകള്‍ എന്നിവയൊന്നും ഓള്‍ട്ടോ ഉടമകള്‍ക്ക് തലവേദനയാവാറില്ല. നിലവിലെ ഓള്‍ട്ടോയുടെ വിവിധ മോഡലുകൾക്ക് 680 കിലോഗ്രാം മുതല്‍ 760 കിലോഗ്രാം വരെയാണ് ഭാരം. ഇതുതന്നെ മറ്റു കാറുകളെ അപേക്ഷിച്ച് കുറഞ്ഞ ഭാരമാണെങ്കിലും പത്താം തലമുറ ആള്‍ട്ടോയുടെ ഭാരം വീണ്ടും കുറക്കാനാണ് സുസുക്കിയുടെ തീരുമാനം.
നൂറു കിലോ ഭാരത്തില്‍ കുറവു വരുന്നതോടെ പുതിയ ആള്‍ട്ടോയുടെ ഭാരം 580-660 കിലോഗ്രാമായി മാറും. മുന്‍ തലമുറ ആള്‍ട്ടോകളില്‍ പലതിനും ഇപ്പോഴത്തേതിനെ അപേക്ഷിച്ച് ഭാരം കുറവായിരുന്നു. ആദ്യ തലമുറ ആള്‍ട്ടോക്ക് 530-570 കിലോഗ്രാം മാത്രമായിരുന്നു ഭാരം. രണ്ടാം തലമുറയിലേക്കെത്തിയപ്പോള്‍ ഭാരം 540-630 കിലോഗ്രാമായി വര്‍ധിച്ചു. ആറാം തലമുറയായപ്പോഴേക്കും ഭാരം വര്‍ധിച്ച് 720-810 കിലോഗ്രാമിലേക്കെത്തി.
സാങ്കേതികവിദ്യ മാറിയ കാലത്ത് ഭാരം കുറഞ്ഞതും കരുത്തുള്ളതുമായ വസ്തുക്കള്‍ ഉപയോഗിച്ച് ആള്‍ട്ടോ നിര്‍മിക്കുകയെന്നത് സാധ്യമാണ്. ഹെര്‍ട്ടെക്ക് പ്ലാറ്റ്‌ഫോമിന്റെ ആധുനിക മോഡലാണ് ഓള്‍ട്ടോ ഉപയോഗിക്കുന്നത്. ബോഡി പാനലുകളിലും എന്‍ജിന്‍ ഭാഗങ്ങളിലും വീലിലും സസ്‌പെന്‍ഷനിലും ബ്രേക്കിങിലും ട്രാന്‍സ്മിഷന്‍ സംവിധാനങ്ങളിലുമെല്ലാം ഭാരം കുറക്കുക സാധ്യമാണ്.
ഭാരം കുറച്ച് ഓള്‍ട്ടോ എത്തുന്നത് ഉപഭോക്താക്കള്‍ക്കും പലതരത്തിലുള്ള ഗുണം ചെയ്യും. പവര്‍ ടു വൈറ്റ് റേഷ്യോ വര്‍ധിക്കുന്നതോടെ വാഹനത്തിന്റെ പ്രകടനം കൂടുതല്‍ മികച്ചതാക്കാനും ഇന്ധനക്ഷമത വര്‍ധിപ്പിക്കാനും ഈ മാറ്റം വഴി സാധിക്കും. ഇന്ധനത്തിന്റെ ആവശ്യം കുറയുന്നതോടെ മലിനീകരണത്തിലും കുറവു പ്രതീക്ഷിക്കാം. ജപ്പാനില്‍ നിലവില്‍ വിപണിയിലുള്ള ഒമ്പതാം തലമുറ ആള്‍ട്ടോയില്‍ മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും സുസുക്കി ഉപയോഗിച്ചിട്ടുണ്ട്. 657 സിസി ഇന്‍ലൈന്‍ 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനൊപ്പം 1.9 കിലോവാട്ട് ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജെനറേറ്ററും ഈ ഓള്‍ട്ടോ മോഡലിലുണ്ട്. ലീറ്ററിന് 27 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത ഹൈബ്രിഡിന് ലഭിക്കുന്നുണ്ട്. ഭാരം കൂടി കുറയുന്നതോടെ പത്താം തലമുറയില്‍ ഓള്‍ട്ടോക്ക് ലീറ്ററിന് 30 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത ലഭിച്ചേക്കും.