വീട്ടമ്മയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസ്: ഡോ.ശ്രീക്കുട്ടിക്ക് ജാമ്യം
Mail This Article
കൊല്ലം∙ മൈനാഗപ്പള്ളി ആനൂർകാവിൽ വീട്ടമ്മയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി നെയ്യാറ്റിൻകര വഴുതൂർ അനുപമം വീട്ടിൽ ഡോ. ശ്രീക്കുട്ടിക്ക് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ജി.ഗോപകുമാർ ജാമ്യം അനുവദിച്ചു. ഡോക്ടർ കാറിന്റെ പിൻ സീറ്റിലായിരുന്നെന്നും നരഹത്യാക്കുറ്റവും പ്രേരണക്കുറ്റവും നിലനിൽക്കില്ലെന്നുമുള്ള വാദം പരിഗണിച്ചാണ് ജാമ്യം. എഫ്ഐആറിൽ ആദ്യം ശ്രീക്കുട്ടിയെ പ്രതി ചേർത്തിരുന്നില്ലെന്നു പ്രതിഭാഗം വാദിച്ചു. റോഡ് മുറിച്ചു കടന്നപ്പോഴാണ് അപകടമുണ്ടായത്. അപകടം നടന്ന് മണിക്കൂറുകൾക്കു ശേഷമാണ് ശ്രീക്കുട്ടിയെ പ്രതിയാക്കിയത്. മദ്യലഹരിയിൽ വാഹനം മുന്നോട്ട് ഓടിക്കാൻ പ്രേരിപ്പിച്ചു എന്നത് വിശ്വസനീയമല്ലെന്നും കോടതി വിലയിരുത്തി. ശ്രീക്കുട്ടിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും കോടതി നിരീക്ഷിച്ചു.
50,000 രൂപയുടെ ബോണ്ടിലും എല്ലാ ശനിയാഴ്ചയും രാവിലെ 9 മണിക്ക് അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരാകണമെന്നുമുള്ള വ്യവസ്ഥയിലാണ് ജാമ്യം. പ്രതിഭാഗത്തിനായി അഡ്വ സി.സജീന്ദ്രകുമാർ ഹാജരായി.അതേസമയം, കേസിലെ ഒന്നാം പ്രതി കരുനാഗപ്പള്ളി സ്വദേശി അജ്മലിന്റെ ജാമ്യാപേക്ഷയിൽ മൂന്നിന് സെഷൻസ് കോടതി വാദം കേൾക്കും. അഡ്വ. എസ്.മിഥുൻ ബോസ് മുഖേനയാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. നേരത്തേ ശാസ്താംകോട്ട മജിസ്ട്രേട്ട് കോടതി അജ്മലിനു ജാമ്യം നിഷേധിച്ചിരുന്നു. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന പഞ്ഞിപ്പുല്ലും വിളയിൽ കുഞ്ഞുമോളാണ് തിരുവോണനാളിലെ കാറപകടത്തിൽ കൊല്ലപ്പെട്ടത്.