അഗ്നിരക്ഷാസേനയിലേക്കുളള കായിക ക്ഷമത പരിശോധന; വടത്തിൽ നിന്നു വീണ് 2 പേർക്കു പരുക്ക്
Mail This Article
കൊല്ലം∙ പിഎസ്‌സി നടത്തിയ അഗ്നിരക്ഷാസേനയിലേക്കുളള കായിക ക്ഷമത പരിശോധനയുടെ ഭാഗമായി വടത്തിൽ പിടിച്ചു കയറുന്നതിനിടെ കൈ വഴുതി വീണ് 2 ഉദ്യോഗാർഥികൾക്ക് പരുക്ക്. ആലപ്പുഴ തണ്ണീർമുക്കം പഴയത്ത് വീട്ടിൽ സി.അരവിന്ദ്(24), കുണ്ടറ പുന്നത്താഴം വീട്ടിൽ രാജ് കൃഷ്ണ(26) എന്നിവർക്കാണ് പരുക്കേറ്റത്. ഇതിൽ അരവിന്ദിന്റെ ഇടതു കൈയുടെ എല്ല് ഒടിഞ്ഞു. ഇരുവരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സ നൽകി.
പരുക്ക് ഗുരുതരമായ അരവിന്ദിന് അടിയന്തര ശസ്ത്രക്രിയ വേണ്ടതിനാൽ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. രാജ്കൃഷ്ണയുടെയും ഇടതു കൈയ്ക്കാണു പൊട്ടലുണ്ടായത്. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജ്കൃഷ്ണയുടെ കൈയ്ക്ക് കമ്പിയിട്ടു. ഇന്നലെ കൊല്ലം എസ്എൻ കോളജ് മൈതാനത്താണ് അഗ്നിരക്ഷാസേനയുടെ ഫയർമെൻ, ഡ്രൈവർ തസ്തികയിലേക്കുള്ള കായിക ക്ഷമതാ പരിശോധന നടത്തിയത്.
വടത്തിൽ പിടിച്ചു കയറുന്ന കായികക്ഷമത പരിശോധനയ്ക്കിടെയാണ് അപകടം. മൂന്നര മീറ്റർ ഉയരത്തിൽ കയറിയ അരവിന്ദ് താഴേക്ക് ഇറങ്ങുന്നതിടെ കൈവഴുതി വീഴുകയായിരുന്നു. രാജ്കൃഷ്ണയും മുകളിലേക്കു കയറിയ ശേഷം ഇറങ്ങവേയാണു കൈവഴുതി വീണത്. ഇരുവരെയും ഉദ്യോഗസ്ഥർ ആംബുലൻസിൽ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 40 ഉദ്യോഗാർഥികളാണ് കായിക ക്ഷമത പരിശോധനയിൽ ഇന്നലെ പങ്കെടുത്തത്.
26ന് ആരംഭിച്ച കായിക ക്ഷമത പരിശോധന 4 വരെയുണ്ട്. ഉദ്യോഗാർഥികൾ വീണാൽ പരുക്കേൽക്കാതിരിക്കാൻ വടത്തിന്റെ ചുവട്ടിൽ കട്ടിയുള്ള റബർ മെത്ത വിരിക്കും. എന്നാൽ ഇന്നലെ മെത്ത ഇട്ടിരുന്നുവെങ്കിലും കട്ടി കുറവായിരുന്നുവെന്നാണ് പരാതി. 2 വർഷം മുൻപ് കൊല്ലം ലാൽ ബഹാദൂർ സ്റ്റേഡിയത്തിൽ നടത്തിയ കായികക്ഷമതാ പരിശോധനയിലും ഉദ്യോഗാർഥികൾ വീണു പരുക്കേറ്റ സംഭവം ഉണ്ടായിട്ടുണ്ട്.
ഇന്നലെ നടത്തിയ അഗ്നിരക്ഷാ സേനയുടെ കായികക്ഷമത പരിശോധനയ്ക്ക് വടത്തിൽ കയറുന്ന ഇനത്തിൽ ഉദ്യോഗാർഥികൾ വീണു പരുക്കേൽക്കാതിരിക്കാനായി സുരക്ഷയ്ക്കായി സാധാരണ നൽകാറുള്ള റബർ ഷീറ്റുകൾ തന്നെയാണ് ഉപയോഗിച്ചതെന്ന് പിഎസ്‌സി കൊല്ലം റീജനൽ ഒാഫിസ് അധികൃതർ അറിയിച്ചു. ജില്ലാ സ്പോർട്സ് കൗൺസിലിൽ നിന്നുമാണ് ഇവ ലഭിച്ചത്. കായിക ക്ഷമത പരിശോധനയ്ക്ക് ഇടയിൽ ഉദ്യോഗാർഥികൾ വടത്തിൽ നിന്നു വീണു പരുക്കേറ്റ സംഭവത്തിൽ ആക്ഷേപമുണ്ടെങ്കിൽ പിഎസ്‌സിക്ക് പരാതി നൽകാം.